HOME
DETAILS
MAL
സെന്‍ട്രല്‍ വിസ്ത: ഫാസിസത്തിന്റെ ഇന്ത്യന്‍ അടയാളപ്പെടുത്തല്‍
backup
May 17 2021 | 18:05 PM
കൊവിഡ് പിടിപെട്ട് രാജ്യത്ത് ഇതുവരെ 2.81 ലക്ഷം പേര്‍ മരിച്ചു. രാജ്യത്തെ 301 ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനമായി ഉയര്‍ന്നു. പരിഭ്രാന്തരായ ജനങ്ങള്‍ പ്രാണവായുവിനായി നെട്ടോട്ടമോടുന്നു. ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. പ്രതിരോധ വാക്‌സിന്‍ വിതരണമാകട്ടെ പ്രതിസന്ധിയില്‍. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സിന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് പകരം മരുന്ന് കമ്പനികള്‍ യഥേഷ്ടം കയറ്റി അയയ്ക്കുന്നു. രാജ്യത്തിന്റെ മൊത്തം ആരോഗ്യ സംവിധാനങ്ങള്‍ ഇത്തരത്തില്‍ പകച്ചുനില്‍ക്കുകയാണ്. ഭരണകൂടത്തിന് നിസഹായരായി നോക്കിനില്‍ക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ. ഇതിനിടയിലും മോദി സര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്. പ്രധാനമന്ത്രിക്കായി നിര്‍മിക്കുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ വസതി ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി. 20,000 കോടി രൂപയാണ് ഇതിനായി പൊതുഖജനാവില്‍ നിന്ന് ചെലവിടുന്നത്. ഇതില്‍ 13,540 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി കഴിഞ്ഞു.
കൊവിഡിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന രാജ്യത്തിന് നിലവിലുള്ള പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ അഞ്ചു രീതിയില്‍ ഉപയോഗിക്കാമായിരുന്ന പണമാണ് 13,540 കോടി രൂപ. 1). കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവ സര്‍ക്കാരിന് ലഭ്യമാകുന്ന വില 150 രൂപയാണ്. സെന്‍ട്രല്‍ വിസ്ത നിര്‍മാണത്തിന് ഉപയോഗിക്കുന്ന തുക ചെലവിട്ട് 89 കോടി വാക്‌സിനുകള്‍ വാങ്ങാനും 45 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനും കഴിയും. 2). 14 ലക്ഷം വെന്റിലേറ്ററുകള്‍ വാങ്ങാന്‍ കഴിയും. 3). ന്യായ് പദ്ധതി നടപ്പാക്കി രണ്ട് കോടി കുടുംബങ്ങള്‍ക്ക് 6000 രൂപ വീതം നല്‍കാനാകും. 4). ഒരു കോടി ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങാന്‍ കഴിയും. 5). ഒരു എയിംസ് സ്ഥാപിക്കുന്നതിന് 1000-1200 കോടി രൂപവരെയാണ് ചെലവ് വരുന്നത്. ഇത്തരത്തില്‍ 12 പുതിയ എയിംസുകള്‍ രാജ്യത്ത് ആരംഭിക്കാന്‍ കഴിയും.
ലോക്ക്ഡൗണ്‍ അടക്കം കൊവിഡുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയാണ് സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. അടുത്ത കാലത്ത് 220 കോടി രൂപ ചെലവിട്ട് നിര്‍മിച്ച വിദേശകാര്യ മന്ത്രാലയ ആസ്ഥാനമായ ജവഹര്‍ലാല്‍ നെഹ്‌റു ഭവന്‍ അടക്കം നിലവിലുള്ള പല മന്ത്രാലയ ആസ്ഥാനങ്ങളും പൈതൃക കെട്ടിടങ്ങളും പൊളിച്ചുമാറ്റിയാണ് സെന്‍ട്രല്‍ വിസ്ത നിര്‍മിക്കുന്നത്. 1985-ലെ ദേശീയ തലസ്ഥാന നഗര ആസൂത്രണ ബോര്‍ഡ് ആക്ട് അനുസരിച്ച് പൈതൃക മേഖലയാണ് പാര്‍ലമെന്റും ഇന്ത്യഗേറ്റും അടങ്ങുന്ന മേഖല. ഈ മേഖലയില്‍ പുതിയ നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ഇതിനു പുറമെ 2013-ല്‍ യു.പി.എ സര്‍ക്കാര്‍ ഈ മേഖലയെ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് മോദി സര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണപ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നത്. ചുരുക്കത്തില്‍ ഡല്‍ഹിയുടെ ചരിത്ര, നിര്‍മാണ പൈതൃകങ്ങള്‍ ഇല്ലാതാക്കുന്നതാണ് പുതിയ നിര്‍മാണം.
മൊത്തം 3230 മരങ്ങളാണ് പദ്ധതിക്കായി മാറ്റി നടുന്നത്. തലസ്ഥാന നഗര മേഖല(എന്‍.സി.ആര്‍)യിലെ താപനിലയും വായു മലിനീകരണവും നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ ഈ മരങ്ങള്‍ നല്‍കുന്ന പച്ചപ്പ് വഹിക്കുന്ന പങ്ക് വലുതാണ്. അവ ഇല്ലാതാകുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അതുകൊണ്ടുതന്നെ ചെറുതുമാകില്ല. സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ പൊതുജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്ന എതിര്‍പ്പ് ഒഴിവാക്കാന്‍ പരമാവധി ശ്രമം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ഡല്‍ഹി ഡെവലപ്പ്‌മെന്റ് അതോറിറ്റി(ഡി.ഡി.എ) കേവലം രണ്ടു ദിവസം മാത്രമാണ് പൊതുജന അഭിപ്രായം അറിയിക്കാന്‍ അവസരം നല്‍കിയത്. ഇതുമാത്രമല്ല ഏപ്രില്‍ 19 മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ രേഖപ്പെടുത്താന്‍ ആര്‍ക്കും കഴിയുന്നുമില്ല. എങ്കിലും കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് ഒന്നിലേറെപേര്‍ സുപ്രിംകോടതിയേയും ഡല്‍ഹി ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്. കൊവിഡ് പടര്‍ന്നു പിടിക്കുമ്പോള്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്ന ഇന്ത്യയിലെ മോദി സര്‍ക്കാരിന്റെ നടപടിക്കെതിരേ ഇന്ത്യയ്ക്കകത്ത് നിന്നും അന്താരാഷ്ട്ര തലത്തില്‍നിന്നും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ടെന്‍ഡര്‍ നടപടികളിലെ സുതാര്യത ഇല്ലായ്മ, പാരിസ്ഥിതിക അനുമതി എന്നിവയെ കുറിച്ചും നിരവധി സംശയങ്ങള്‍ ഉയരുന്നുണ്ട്.
മനോജ്ഞമായ സൗധങ്ങളുടെ നിര്‍മാണം നാസി ഭരണ കാലത്തും ഫാസിസ്റ്റ് ഭരണ കാലത്തും തുടരുന്ന ശൈലിയാണ്. വലിയ മനോജ്ഞമായ സൗധങ്ങള്‍ പണിതാല്‍ പാരമ്പര്യത്തിന്റെയും പ്രതാപത്തിന്റെയും അടയാളമായി അവ മാറുമെന്ന് ധരിച്ചവരാണ് അഡോള്‍ഫ് ഹിറ്റ്‌ലറും ബെനിറ്റോ മുസോളനിയുമൊക്കെ. 1933-ല്‍ അധികാരം പിടിച്ചെടുക്കുന്നതിന് എത്രയോ മുമ്പേ തന്നെ ഹിറ്റ്‌ലര്‍ തന്റെ സാമ്രാജ്യത്തിന് പുതിയ തലസ്ഥാനം നിര്‍മിക്കുന്നതിനെ കുറിച്ച് സ്വപ്നം കണ്ടിരുന്നു. 'ജെര്‍മേനിയ' എന്ന പേരു നല്‍കിയ ഈ ആസൂത്രിത നിര്‍മാണത്തിന്റെ രൂപരേഖ 1920-ല്‍ തന്നെ തയാറാക്കിയിരുന്നുവെന്ന് ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍കാഫില്‍ വ്യക്തമാക്കുന്നുണ്ട്. 4-5 ദശലക്ഷം റിച്ച് മാര്‍ക്ക്(ഏകദേശം ഇന്നത്തെ 50 ബില്യന്‍ അമേരിക്കന്‍ ഡോളര്‍) ചെലവിട്ട് 1950-ല്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനിടയിലും നിര്‍മാണം തുടര്‍ന്നു. ഇത്രയധികം രൂപ ചെലവിട്ട് നിര്‍മാണം നടത്തുന്നതിനെതിരേ അന്ന് പലതരം ആശങ്കകളും വിമര്‍ശനങ്ങളും ഉയര്‍ന്നു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ ഹിറ്റ്‌ലര്‍ നിര്‍മാണവുമായി മുന്നോട്ടുപോയി. ഇറ്റലിയിലെ ഫാസിസ്റ്റ് സ്വേച്ഛാധിപതി ബെനിറ്റോ മുസോളിനിയും ഇത്തരം നിര്‍മാണങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. ഇതില്‍ ഏറ്റവും വിഖ്യാതമായ ഒന്ന് 'കാസ ഡെല്‍ ഫാസിയോ' എന്ന ഫാസിസ്റ്റ് പാര്‍ട്ടിയുടെ ആസ്ഥാനമായിരുന്നു. ഇറ്റാലിയന്‍ ഉപദ്വീപിലുടനീളം ഈ കെട്ടിടത്തിന്റെ മാതൃകയില്‍ മുസോളനി കെട്ടിടങ്ങള്‍ നിര്‍മിച്ചു കൂട്ടി.
രാജ്യം എങ്ങനെ മുന്നോട്ടുപോകുമെന്നതിനേക്കാളും സാമ്പത്തികം എവിടെ നിന്ന് കണ്ടെത്തുമെന്നതിനേക്കാളും ഫാസിസത്തിന് എന്നും നിര്‍മാണങ്ങളോട് പ്രത്യേക ആകര്‍ഷണമാണ്. ഇത്തരം നിര്‍മാണങ്ങളിലൂടെ ചരിത്രത്തിന്റെ താളുകളില്‍ തങ്ങളുടെ കാല്‍പ്പാടുകള്‍ പതിപ്പിക്കാനാകുമെന്നായിരുന്നു അവരുടെ ചിന്ത. ഏകാധിപതികളായ ഭരണാധികാരികള്‍ കൃത്രിമമായ അടയാളപ്പെടുത്തലുകള്‍ ആഗ്രഹിക്കുന്നവരാണ്. നരേന്ദ്ര മോദിയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയേയും ഇത്തരത്തില്‍ ഒന്നായേ കാണാന്‍ കഴിയൂ; പ്രതിപക്ഷം ആരോപിക്കുന്നതു പോലെ കുറ്റകരമായ ഒരു പാഴ്‌ച്ചെലവ്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ രാഷ്ട്രതന്ത്രജ്ഞര്‍ ശ്രദ്ധകേന്ദ്രീകരിച്ചത് കെട്ടിടങ്ങളുടെ നിര്‍മാണത്തിലല്ല. മറിച്ച്, ശക്തമായ ഒരു ഭരണഘടനയും ആരോഗ്യ മേഖലയിലേത് അടക്കമുള്ള അടിസ്ഥാന സംവിധാനങ്ങള്‍ നിര്‍മിക്കുന്നതിലുമായിരുന്നു. ഇക്കാലമത്രയും കോണ്‍ഗ്രസിനെയും നെഹ്‌റു കുടുംബത്തേയും എതിര്‍ത്തുപോന്ന ശിവസേനയ്ക്ക് പോലും കൊറോണയെ നേരിടാന്‍ ഇന്ത്യയ്ക്ക് സഹായകമാകുന്നത് സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കെട്ടിപ്പടുത്ത ആരോഗ്യ മേഖലയിലേത് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളാണെന്ന് സമ്മതിക്കേണ്ടിവന്നു. ഒരു രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍, ജനങ്ങള്‍ പകച്ചുനില്‍ക്കുമ്പോള്‍, സെന്‍ട്രല്‍ വിസ്തയല്ല രാജ്യത്തിന് ആവശ്യമെന്നും ആരോഗ്യ അടിയന്തരാവസ്ഥ നേരിടാനുള്ള അടിസ്ഥാന സൗകര്യങ്ങളാണെന്നും ബോധ്യംവരാന്‍ നരേന്ദ്ര ദാമോദര്‍ മോദിക്ക് ഇനിയും എത്ര മരണങ്ങള്‍ കൂടി കാണേണ്ടിവരും.
(രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ഡയരക്ടറാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."