തൃണമൂല്‍ മന്ത്രിമാരെ സി.ബി.ഐ അറസ്റ്റുചെയ്തു
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നാരദാ കൈക്കൂലിക്കേസില്‍ തൃണമൂലിന്റെ രണ്ടു മന്ത്രിമാരെയും ഒരു എം.എല്‍.എയെയും മുന്‍ കൊല്‍ക്കത്ത മേയറെയും സി.ബി.ഐ അറസ്റ്റുചെയ്തു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റെന്നാരോപിച്ച് സി.ബി.ഐ ഓഫീസിലെത്തിയ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പട്ടു. തൃണമൂല്‍ പ്രവര്‍ത്തകര്‍ സി.ബി.ഐ ഓഫിസിനു മുന്നിലെ ബാരിക്കേഡ് തകര്‍ക്കുകയും കല്ലെറിയുകയും ചെയ്തതോടെ കേന്ദ്ര സേന ലാത്തിച്ചാര്‍ജ് നടത്തി.
മന്ത്രിമാരായ ഫിര്‍ഹാദ് ഹകിം, സുബ്രതാ മുഖര്‍ജി, എം.എല്‍.എ മദന്‍ മിത്ര, മുന്‍ കൊല്‍ക്കത്ത മേയര്‍ സോഹന്‍ ചതോപാധ്യായ എന്നിവരെയാണ് ഇന്നലെ സി.ബി.ഐ അവരുടെ വീടുകളിലെത്തി അറസ്റ്റുചെയ്തത്. മുന്‍ സര്‍ക്കാറില്‍ മന്ത്രിമാരായിരുന്ന ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ജഗ്ദീപ് ദാന്‍കര്‍ അനുമതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സ്പീക്കറുടെ അധികാരം മറികടന്നാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. ബി.ജെ.പിയിലേക്കുപോയ സുവേന്ദു അധികാരി, മുകുള്‍ റോയ് എന്നിവരും ഈകേസില്‍ പ്രതികളാണെങ്കിലും അവര്‍ക്കെതിരേ നടപടിക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയില്ല.
അറസ്റ്റിനുപിന്നാലെ മമതാ ബാനര്‍ജിയും മറ്റ് മന്ത്രിമാരും നൈസാം പാലസിലെ സി.ബി.ഐ ഓഫിസിലെത്തി. നടപടിക്രമം പാലിക്കാതെയാണ് അറസ്റ്റെന്നും തന്നെയും അറസ്റ്റ് ചെയ്യണമെന്നും മമത ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ആറു മണിക്കൂറോളം സി.ബി.ഐ ഓഫിസില്‍ ചെലവഴിച്ച ശേഷമാണ് മമത മടങ്ങിയത്. കേസ് കോടതിയില്‍ നേരിടുമെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി പറഞ്ഞു. സംസ്ഥാനത്ത് കടുത്ത അരാജകത്വമാണെന്നും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
നാലുപേര്‍ക്കും പിന്നീട് കൊല്‍ക്കത്തയിലെ പ്രത്യേക സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."