നഷ്ടമായത് ആറ് ലക്ഷത്തിലധികം രൂപ, ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവ് ജീവനൊടുക്കി
തിരുവനന്തപുരം: ആറ്റിങ്ങലിലും ചിറയിന്‍കീഴിലും ഉള്ള സഹകരണ സംഘത്തിന്റെ പേരില്‍ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്തു. പോത്തന്‍കോട് മംഗലത്ത്‌നട രഞ്ജിത്ത് ഭവനില്‍ രജിത്ത് (38) ആണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ചത്. ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘത്തില്‍ ജോലിക്ക് വേണ്ടി രജിത്ത് പണം കൊടുത്തിരുന്നു. 6 ലക്ഷത്തിലധികം രൂപയാണ് രജിത്തിന്റെ പക്കല്‍ നിന്ന് സംഘം നടത്തിപ്പുകാരന്‍ സജിത്ത് തട്ടിയെടുത്തത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് രജിത്തിനെ വീട്ടിലെ മുറിയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊഴിലുറപ്പു ജോലിക്കു പോയിരുന്ന അമ്മ മടങ്ങിവന്ന് വിളിച്ചിട്ടും മുറി തുറക്കാത്തതിനാല്‍ അയല്‍വാസികളെ അറിയിക്കുകയായിരുന്നു. മുറിക്കുള്ളില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ആറ്റിങ്ങല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള ട്രെഡിഷണല്‍ ഫുഡ് പ്രോസസ്സിങ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ജോലിക്കായാണ് രജിത് പണം നല്‍കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
രജിതിനും ഭാര്യയ്ക്കുമായി ജോലിക്കായിട്ടാണ് പണം നല്‍കിയിരുന്നത്. പണം തിരികെ പലവട്ടം ആവശ്യപ്പെട്ടിട്ടും സജിത് മടക്കി നല്‍കിയില്ല.
ചിറയിന്‍കീഴ് കൂന്തള്ളൂര്‍ സ്വദേശി സജിത്ത്കുമാറാണ് തട്ടിപ്പ് നടത്തിയത്. ചിറയിന്‍കീഴ് താലൂക്കില്‍ വ്യവസായ വകുപ്പിന് കീഴില്‍ സഹകരണ സംഘങ്ങള്‍ രൂപീകരിച്ചു ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി 20 ഓളം കേസുകള്‍ ഇയാള്‍ക്കെതിരെ എടുത്തിട്ടുണ്ട്. പല കേസുകളിലും ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."