നോമ്പുംനോറ്റ് പാട്ടുംപാടി നടന്ന കാലം
കണ്ണൂര്‍ ശരീഫ്
ഓര്‍മയിലെ നോമ്പുകാലം സൗഗന്ധികവും സൗകുമാര്യതയും നിറഞ്ഞതാണ്.
പണ്ടുകാലത്തൊന്നും വ്രതക്കാലത്ത് പാട്ട് റെക്കോര്‍ഡിങ്ങില്‍ കുറവൊന്നുമുണ്ടായിരുന്നില്ല. നോമ്പെടുത്ത് തന്നെയായിരുന്നു റെക്കോര്‍ഡിങ്ങിനു പോകാറുള്ളതും പാട്ടുപാടാറുള്ളതുമെല്ലാം. റമദാനില്‍ 25 ദിവസത്തോളം റെക്കോര്‍ഡിങ് ഉണ്ടാകാറുണ്ട്. കോഴിക്കോട്, തൃശൂര്‍, കൊച്ചി എന്നിവിടങ്ങളിലെ സ്റ്റുഡിയോകളിലേക്ക് ആദ്യകാലത്ത് റെക്കോര്‍ഡിങ്ങിനു പോയിരുന്നത് നോമ്പെടുത്തുകൊണ്ടായിരുന്നു. ഭക്തിഗാനങ്ങളും പെരുന്നാള്‍ പാട്ടുകളുമാണ് അധികം പാടാറുണ്ടായിരുന്നത്. സ്ഥിരമായി റെക്കോര്‍ഡിങ് ഉള്ളതിനാല്‍ കോഴിക്കോട്ടേക്കും അവിടുന്ന് തൃശൂരിലേക്കുമെല്ലാം ട്രെയിനില്‍ സീസണ്‍ ടിക്കറ്റെടുത്തായിരുന്നു യാത്ര. കണ്ണൂരില്‍നിന്നു രാവിലെ ഏഴിന് പുറപ്പെടാറാണു പതിവ്.
ആദ്യകാലത്ത് റമദാനില്‍ ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട പ്രോഗ്രാമിന് പോകാറുണ്ടായിരുന്നു. ചിലപ്പോള്‍ പരിപാടി നടക്കുന്ന സ്ഥലത്തെത്തിയായിരിക്കും നോമ്പ് മുറിക്കാറുള്ളത്. നോമ്പുതുറ വിഭവങ്ങള്‍ അക്കാലത്ത് ഉമ്മയായിരുന്നു പാർസലായി തന്നിരുന്നത്. പകല്‍ ഭക്ഷണമൊന്നും കഴിക്കാതിരിക്കുന്നതിനാല്‍ പാട്ടുപാടാന്‍ നല്ല ശബ്ദചാതുര്യമുണ്ടായിരുന്നു. നോമ്പ് അവസാനകാലയളവില്‍ ഗള്‍ഫില്‍ പ്രോഗ്രാമിനായി വിമാനം കയറാറാണ് പതിവ്. കാല്‍നൂറ്റാണ്ടിനിടെ ചുരുക്കം സമയങ്ങളില്‍ മാത്രമാണ് നാട്ടില്‍ പെരുന്നാള്‍ കൂടിയത്. നോമ്പ്, പെരുന്നാള്‍ കാലങ്ങളില്‍ കാല്‍നൂറ്റാണ്ടായി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥിരമായി പ്രോഗ്രാമിനു പോകുന്നതിനാല്‍ അവിടങ്ങളിലെ ഭക്ഷണവിഭവങ്ങളുടെ രുചികളും ഇപ്പോഴും നാവിന്‍തുമ്പിലുണ്ട്.
ഗള്‍ഫില്‍ പെരുന്നാള്‍ നിസ്‌കാരത്തിനു ശേഷം അവിടുത്തെ സുഹൃത്തുക്കളുടെ വീടുകളിലായിരിക്കും ഭക്ഷണം. വരുന്ന പെരുന്നാളിനു അബൂദബിയിലാണ് പ്രോഗ്രാം എന്നതിനാല്‍ അവിടെയായിരിക്കും പെരുന്നാള്‍ ആഘോഷം. നോമ്പിനെക്കുറിച്ച് ഞാന്‍ 18 വര്‍ഷം മുമ്പ് പാടിയ ഒ.എം കരുവാരകുണ്ട് എഴുതി കെ.എ ലത്തീഫ് സംഗീതം ചെയ്ത "ഖുര്‍ആന്‍ ഇറങ്ങിയ മാസം...' എന്നു തുടങ്ങുന്ന പാട്ടാണ് എനിക്കേറ്റവും ഇഷ്ടം. നോമ്പിന്റെ പുണ്യം ഈ പാട്ടില്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്. "മേലേ മാനത്ത് ശവ്വാലിന്‍ പിറകണ്ടല്ലോ, ചെറിയ പെരുന്നാളിന്‍ സന്തോഷം നിറയുന്നല്ലോ...' എന്ന 20 വര്‍ഷം മുമ്പ് ഞാന്‍ പാടിയ പെരുന്നാള്‍പാട്ട് ഇപ്പോഴും ഹിറ്റാണ്. റഹ്‌മാന്‍ ബന്തിയോട് എഴുതി സംഗീതം നല്‍കിയ പാട്ടാണിത്. കൊവിഡ്കാലം നീങ്ങിവരുന്നുണ്ടെങ്കിലും കൊവിഡ് ബാധിച്ചുള്ള ഉമ്മയുടെ മരണമാണ് അടുത്തകാലത്തെ ഏറ്റവും വലിയ സങ്കടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."