ബി.വി ശ്രീനിവാസിനും ഗൗതം ഗംഭീറിനും ശുദ്ധിപത്രം
ന്യൂഡല്‍ഹി: കൊവിഡ് ചികിത്സാ ഉപകരണങ്ങള്‍ പൂഴ്ത്തിവച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ്, മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി നേതാവുമായ ഗൗതം ഗംഭീര്‍, എ.എ.പി നേതാവ് ദിലീപ് പാണ്ഡെ എന്നിവര്‍ക്കെതിരേ തെളിവില്ലെന്ന് ഡല്‍ഹി പൊലിസ്.
രാഷ്ട്രീയപ്രവര്‍ത്തകരായ ഇവര്‍ ജനങ്ങളെ സഹായിക്കുകയാണ് ചെയ്തതെന്ന അന്വേഷണ റിപ്പോര്‍ട്ട് പൊലിസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
അതേസമയം, രാഷ്ട്രീയക്കാര്‍ പ്രതികളായ കേസില്‍ അവര്‍ക്ക് ശുദ്ധിപത്രം നല്‍കിയ പൊലിസ് നടപടിയെ അതിനിശിതമായി വിമര്‍ശിച്ച ഹൈക്കോടതി, റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി.
കൊവിഡ് മരുന്നുകളുടെ വിതരണവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ശ്രീനിവാസിനെ ഡല്‍ഹി പൊലിസ് ചോദ്യം ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച് ശ്രീനിവാസിന്റെ മൊഴിയെടുക്കുകയായിരുന്നു.
ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ശ്രീനിവാസും സംഘവും ഉള്‍പ്പെടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ അനധികൃതമായി വിതരണം ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടി ദീപക് സിങ് എന്നയാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ ഡല്‍ഹി പൊലിസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
പൊലിസ് അന്വേഷണത്തിനൊടുവിലാണ് രാഷ്ട്രീയ നേതാക്കളെ കുറ്റവിമുക്തരാക്കിയത്. കൊവിഡ് പ്രതിരോധ മരുന്നായ ഫാബിഫ്‌ളൂ ഗംഭീറിന്റെ ഓഫിസില്‍ നിന്ന് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെയും പൊലിസ് ചോദ്യംചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."