പ്രതിഷേധം കനത്തു;ഷഹീന്‍ ബാഗിലെ പൊളിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു
ന്യൂഡല്‍ഹി: വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹി ഷെഹീന്‍ബാഗിലെ പൊളിക്കല്‍ നടപടികള്‍ സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു.
കെട്ടിടങ്ങളും വീടുകളും ഇടിച്ചുനിരത്തുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഷെഹീന്‍ബാഗില്‍ അരങ്ങേറിയത്. നിലത്തു കിടന്നു പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ കോര്‍പറേഷന്‍ കൊണ്ടുവന്ന ബുള്‍ഡോസര്‍ തടയുകയും ചെയ്തിരുന്നു.
ഇതിനിടെ, കോര്‍പറേഷന്റെ പൊളിക്കല്‍ നടപടി അഭിഭാഷകര്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ജസ്റ്റിസ് നാഗേശ്വര്‍ റാവുവിന്റെ ബെഞ്ചിന്റെ മുമ്പാകെ വിഷയം അവതരിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് അഭിഭാഷകര്‍ക്ക് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കോര്‍പറേഷന്‍ അതിന്റെ ജോലി ചെയ്യുമെന്ന് സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ സെന്‍ട്രല്‍ സോണ്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജ്പാല്‍ വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയോട് പറഞ്ഞു. തൊഴിലാളികളും ഉദ്യോഗസ്ഥരും ബുള്‍ഡോസറുകളും തയാറാണ്. തുഗ്ലക്കാബാദ്, സംഗം വിഹാര്‍, ന്യൂ ഫ്രണ്ട്‌സ് കോളനി, ഷഹീന്‍ ബാഗ് എന്നിവിടങ്ങളിലെ കൈയേറ്റങ്ങള്‍ നീക്കം ചെയ്യുമെന്നും രാജ്പാല്‍ വ്യക്തമാക്കി.
കോര്‍പറേഷന്‍ നടപടിക്ക് പിന്തുണ നല്‍കി സ്ഥലത്ത് വന്‍ പൊലിസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേസമയം, പ്രദേശത്ത് അനധികൃത കൈയേറ്റങ്ങളില്ലെന്ന് പ്രദേശത്തെ കൗണ്‍സിലര്‍ വസീബ് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ, മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ജഹാംഗീര്‍പുരി സി ബ്ലോക്കിലെ മുസ്‌ലിം പള്ളിയുടെ മുന്‍ഭാഗവും കടകളും കെട്ടിടങ്ങളും സുപ്രിം കോടതി ഉത്തരവ് ലംഘിച്ചും ബി.ജെ.പി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചു മാറ്റിയിരുന്നു. പൊളിക്കല്‍ തുടങ്ങിയ ഉടന്‍ അത് തടഞ്ഞ് സുപ്രിം കോടതി ഉത്തരവിറങ്ങിയെങ്കിലും ഒന്നര മണിക്കൂര്‍ നേരം പൊളിക്കല്‍ തുടരുകയായിരുന്നു.
ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞവരുടെ വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആദേശ് ഗുപ്ത നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടിസ് നല്‍കുന്നതടക്കം നടപടികള്‍ പാലിക്കാതെ ഒമ്പത് ബുള്‍ഡോസറുകള്‍ ജഹാംഗീര്‍ പുരി സി ബ്ലോക്കില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."