ഡല്‍ഹിയിലെ തെരുവോരങ്ങള്‍ ഒരിക്കല്‍ കൂടി കര്‍ഷക പ്രതിഷേധത്താല്‍ മുഖരിതമാവും; മോദി സര്‍ക്കാറിനെതിരായ രണ്ടാം പോരാട്ടത്തിനായി ആയിരങ്ങള്‍ തലസ്ഥാനത്തേക്ക്
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയുള്ള കര്‍ഷകരുടെ രണ്ടാം ഘട്ട പോരാട്ടത്തിന് ഇന്ന് തുടക്കം. ഇതിന്റെ ഭാഗമായി സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് ന്യൂഡല്‍ഹിയിലെ രാംലീല ഗ്രൗണ്ടില്‍ കിസാന്‍ റാലി സംഘടിപ്പിക്കും. സംഘാടകരുടെ അഭിപ്രായത്തില്‍, ഏകദേശം 20,000 മുതല്‍ 25,000 വരെ കര്‍ഷകര്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം രാത്രിമുതല്‍ തന്നെ കര്‍ഷകര്‍ എത്തിത്തുടങ്ങി.
രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യതലസ്ഥാനത്തേക്ക് വീണ്ടും കര്‍ഷക പ്രതിഷേധം ഇരമ്പുന്നത്. മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നല്‍കുക, വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി രൂപീകരിച്ച കമ്മിറ്റി പിരിച്ചുവിട്ട് കര്‍ഷക നേതാക്കളെ ഉള്‍പ്പെടുത്തി പുതിയ കമ്മിറ്റിയുണ്ടാക്കുക, എല്ലാ കാര്‍ഷിക ലോണുകളും എഴുതിത്തള്ളുക, കര്‍ഷകരുടെ നടുവൊടിക്കുന്ന വൈദ്യുതി ബില്‍ അടിയന്തരമായി പിന്‍വലിക്കുക, ലഖീംപൂര്‍ഖേരി കര്‍ഷക കൂട്ടക്കൊലയുടെ മുഖ്യസൂത്രധാരനായ കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ ക്യാബിനറ്റില്‍ നിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് മഹാപഞ്ചായത്ത് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."