കരുണയുടെ പ്രചാരകരാവുക
സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്
അനുഗ്രഹവര്‍ഷത്തിന്റെ സുവര്‍ണകാലമാണ് വിശുദ്ധ റമദാന്‍. ഈ അനുഗ്രഹം അക്ഷരാര്‍ഥത്തില്‍ വിശ്വാസികള്‍ക്ക് ആവേശവും ആഹ്ലാദവും ആത്മീയമായ ഉന്നതിയും ആരോഗ്യപരിരക്ഷയും നല്‍കുന്നു. മനുഷ്യനെ സംസ്‌കരിക്കുന്ന ശുദ്ധീകരണ പ്രക്രിയയുടെ വസന്തകാലമാണിത്. തിരുനബി (സ) പറഞ്ഞു: "റമദാനില്‍ അഞ്ച് അനുഗ്രഹങ്ങള്‍ എന്റെ സമുദായത്തിനു നല്‍കപ്പെട്ടിരിക്കുന്നു, എനിക്കു മുമ്പ് ഒരു പ്രവാചകനും അവ ലഭിച്ചിട്ടില്ല. ഒന്ന്, റമദാനിലെ പ്രഥമരാവ് സമാഗതമായാല്‍ അല്ലാഹു അവരെ കടാക്ഷിക്കുന്നു. അവന്റെ അനുഗ്രഹം ലഭിച്ചവര്‍ പിന്നീടൊരിക്കലും ശിക്ഷിക്കപ്പെടുകയില്ല. രണ്ട്, നോമ്പുകാരുടെ വായില്‍ പ്രദോഷമാകുമ്പോള്‍ ഉണ്ടാകുന്ന ഗന്ധം അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധപൂരിതമായിരിക്കും. മൂന്ന്, റമദാനിലെ മുഴുവന്‍ രാപ്പകലുകളിലും മാലാഖമാര്‍ നോമ്പുകാരുടെ പാപമോചനത്തിന് പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. നാല്, അല്ലാഹു സ്വര്‍ഗത്തോട് കല്‍പ്പിക്കുന്നു, എന്റെ ദാസന്‍മാര്‍ക്കു വേണ്ടി അണിഞ്ഞൊരുങ്ങിക്കൊള്ളുക. ഭൗതിക ജീവിതത്തിന്റെ ക്ലേശങ്ങളില്‍നിന്ന് എന്റെ ഭവനത്തിലേക്കും ഔദാര്യത്തിലേക്കും വിശ്രമിക്കാനായി കടന്നുവരാന്‍ അവര്‍ക്ക് സമയമായിരിക്കുന്നു. അഞ്ച്, റമദാന്‍ അവസാനരാവ് സമാഗതമായാല്‍ മുഴുവന്‍ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുക്കുന്നു'. ഒരാള്‍ ചോദിച്ചു; ഖദ്്‌റിന്റെ രാത്രിയിലാണോ അത്? തിരുനബി പറഞ്ഞു: അല്ല, തൊഴിലാളികള്‍ തങ്ങളുടെ ജോലിയില്‍നിന്ന് വിരമിച്ച് തിരിച്ചുപോകുമ്പോള്‍ അവര്‍ പ്രതിഫലം തികച്ചുകൊടുക്കുന്നത് കാണാറില്ലേ? അതുപോലെയാണത്... (മുസ്‌നദ് അഹ്‌മദ്)
മനുഷ്യന്റെ വിജയത്തിനായി സ്രഷ്ടാവ് സംവിധാനിച്ചതാണ് നോമ്പും അനുബന്ധ നിയമങ്ങളും. പാവപ്പെട്ടവന്റെ ദുഃഖവും സങ്കടവും മനസിലാക്കാന്‍ ഏറ്റവും നല്ല അവസരമാണിത്. കരുണയുടെ തേട്ടം മനുഷ്യന്റെ സര്‍ഗാത്മകതയാണ്. അത് അവനില്‍ അന്തര്‍ലീനമാണ്. കരുണയില്ലാത്തവന് മനുഷ്യത്വമില്ല. മനുഷ്യത്വം എന്ന പദപ്രയോഗം തന്നെ ദയയും കരുണയും ചാലിച്ചതാണ്. സഹജീവിയുടെ വേദന അനുഭവിക്കാന്‍ പ്രാപ്തമാക്കുകയാണ് നോമ്പ്. തണുപ്പ് അനുഭവിക്കുന്നവനു മാത്രമേ ചൂടിന്റെ ശരിയായ അവസ്ഥ ആസ്വദിക്കാനാകൂ, മറിച്ചും. ഇതുപോലെയാണ് സുഖവും ദുഃഖവും. ചൂടില്ലെങ്കില്‍ തണുപ്പിനോ ദുഃഖമില്ലെങ്കില്‍ സൗഖ്യത്തിനോ പട്ടിണിയില്ലെങ്കില്‍ വിശപ്പടക്കുന്നതിനോ വിലയില്ല. ഓരോന്നും ആസ്വദിക്കണമെങ്കില്‍ അതിന്റെ വിപരീതം അനുഭവിക്കേണ്ടതുണ്ട്. "ദുഃഖമാണ് സന്തോഷത്തിന്റെ ഉറവിടം' എന്ന് ഖലീല്‍ ജിബ്രാന്‍ പറഞ്ഞത് കാണാം. സന്തോഷവും സന്താപവും കലര്‍ന്നതാണ് ജീവിതമെന്നത് സൃഷ്ടികള്‍ മറക്കാന്‍ പാടില്ല. അതിനാല്‍ റമദാനില്‍ വിശപ്പും ദാഹവും അറിഞ്ഞ് ഇല്ലാത്തവന്റെ വേദനകളനുഭവിക്കാന്‍ സ്രഷ്ടാവ് നമ്മോട് കല്‍പ്പിച്ചിരിക്കുന്നു.
റമദാന്‍ റിലീഫ് നടത്താന്‍ ഏറ്റവും അനിവാര്യമായ മാസമാണ്. പ്രതിഫലങ്ങള്‍ ധാരാളം ലഭിക്കുന്ന മാസം. നന്മകള്‍ വര്‍ധിപ്പിക്കാന്‍ വിശ്വാസി താല്‍പര്യപ്പെടുന്ന മാസം. റമദാന്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട മാസമായതിനാല്‍ ഏതൊരു വിശ്വാസിയും സല്‍കര്‍മങ്ങള്‍ അധികരിപ്പിക്കാനും ദുഷ്‌കര്‍മങ്ങളില്‍നിന്ന് അകലം പാലിക്കാനും ജാഗ്രത കാണിക്കും. 70 മുതല്‍ 700 വരെ ഇരട്ടി പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട വിശുദ്ധമാസത്തില്‍ ആരാധനാനിരതരാവാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. പിശുക്കന്‍മാര്‍ പോലും ഉദാരമതികളായി മാറുന്ന മാസമാണിത്. അവകളെല്ലാം പ്രശസ്തിക്കോ മറ്റു താല്‍പര്യങ്ങള്‍ക്കോ അനുസരിച്ചായാല്‍ പ്രതിഫലം നഷ്ടപ്പെടും എന്നത് മറക്കരുത്. നാം നല്‍കുന്ന സഹായങ്ങളെ കൊണ്ട് സമൂഹത്തില്‍ മാറ്റംവരുത്താന്‍ സാധിക്കണം. അതിനനുസരിച്ച് ക്രമീകരിച്ചായിരിക്കണം പ്രവര്‍ത്തനങ്ങള്‍. തൊഴിലില്ലാത്തവന് തൊഴില്‍ നല്‍കാനായാല്‍ അതാണ് അവന് ഭക്ഷണമോ മറ്റെന്തെങ്കിലും സഹായമോ നല്‍കുന്നതിനേക്കാള്‍ നല്ലത് എന്നത് മറക്കരുത്. റമദാന്‍ മാസത്തില്‍ സഹായിക്കാന്‍ സന്മനസുള്ളവരെ കണ്ടെത്തി ഏകോപനത്തിലൂടെ കൂട്ടായി പ്രവര്‍ത്തിച്ചാല്‍ നമുക്കു ധാരാളം ആളുകള്‍ക്ക് ആശ്വാസം പകരാന്‍ കഴിയും.
കാട്ടിക്കൂട്ടലുകളല്ല കാലം തേടുന്നത്. സമൂഹവും മുസ്‌ലിം ന്യൂനപക്ഷവും തേടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള സ്ഥായിയായ പരിഹാരമാണ്. വിദ്യാഭ്യാസ രംഗത്തും ആതുരസേവന രംഗത്തും നാം സജീവമായ ഇടപെടല്‍ നടത്തണം. സൃഷ്ടികളുടെ വേദനകള്‍ മനസിലാക്കാതെ സ്രഷ്ടാവിലേക്ക് അടുക്കാന്‍ പറ്റില്ല എന്നത് മറന്നുകൂടാ. മതം നമ്മോട് നന്മയുടെ കാര്യത്തില്‍ മറ്റുള്ളവരെ സഹായിക്കാനും തിന്മയുടെ കാര്യത്തില്‍ നിസഹകരണം പ്രഖ്യാപിക്കാനും അനുശാസിക്കുന്നുണ്ട്. "നന്മയുടെയും ഭക്തിയുടേതുമായ വിഷയങ്ങളില്‍ നിങ്ങള്‍ പരസ്പരം സഹായിക്കണം, കുറ്റത്തിലും അതിക്രമത്തിലും പരസ്പര സഹകരണം പാടില്ല' എന്നാണ് അല്ലാഹു ഖുര്‍ആനിലൂടെ അറിയിച്ചത് (മാഇദ- 2).
പരസ്പര സഹകരണമാണ് മനുഷ്യന്റെ അടിത്തറ. മനുഷ്യന്‍ സാമൂഹ്യജീവിയാണ് എന്നത് വെറുതെ പറയുന്നതല്ലല്ലോ. മനുഷ്യന്‍, അവന്‍ ഏതു ജാതിയോ മതമോ ആകട്ടെ, അവനെ ആദരിക്കാനും സഹായിക്കാനുമാണ് മതം അനുശാസിച്ചത്. "നിശ്ചയം നാം ആദം സന്തതികളെ ആദരിച്ചിരിക്കുന്നു' (ഇസ്രാഅ്) എന്നത് ഖുര്‍ആനിന്റെ പ്രഖ്യാപനമാണ്. നബി (സ) പറയുന്നു: ഒരാള്‍ തന്റെ സഹോദരനെ സഹായിക്കുന്ന കാലത്തോളം അല്ലാഹു അവനെ സഹായിച്ചുകൊണ്ടിരിക്കും (സ്വഹീഹു മുസ്‌ലിം 2699). ഈ വിശുദ്ധ റമദാനില്‍ ആത്മീയ മുന്നേറ്റം നേടുന്നതോടൊപ്പം സമൂഹത്തിന്റെ ഉന്നമനത്തിനായും പ്രയത്‌നിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."