നിഷിദ്ധവും അനുവദനീയവും: മതം അതിരുകള്‍ പറയുന്നു
സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി
ഭക്ഷണം മനുഷ്യജീവന് അവിഭാജ്യഘടകമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ലഭിക്കുന്നതൊക്കെ ഭക്ഷിക്കാന്‍ ഇസ്‌ലാം അനുമതി നല്‍കുന്നില്ല. ദൈനംദിന ജീവിതത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കുന്ന ഇസ്‌ലാം ഭക്ഷണത്തിന്റെ കാര്യത്തിലും കണിശത പുലര്‍ത്തിയിട്ടുണ്ട്. 'സത്യവിശ്വാസികളെ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചുകൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദി കാണിക്കുകയും ചെയ്യുക, അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍'. (ബഖറ: 172)
ഈ സൂക്തത്തില്‍ ഭക്ഷിക്കാനും അതോടൊപ്പം നന്ദി ചെയ്യാനും അല്ലാഹു കല്‍പ്പിച്ചത് കാണാം. ആ നന്ദിയുടെ ഭാഗമാണ് ഭക്ഷണം കഴിക്കുമ്പോള്‍ ഉള്ള ബിസ്മി ചൊല്ലലും ഭക്ഷിച്ചതിനു ശേഷമുള്ള സ്തുതി പറയലും. അല്ലാഹു അനുവദിച്ച കാര്യങ്ങളെ ഹറാം ആക്കിക്കാണാനോ അനുവദനീയമായ ഭക്ഷണത്തെ നിഷിദ്ധമെന്ന് മുദ്രകുത്താനോ പാടില്ല. അത് ആക്ഷേപാര്‍ഹമാണ്. 'സത്യവിശ്വാസികളെ, നിങ്ങള്‍ക്ക് അല്ലാഹു അനുവദനീയമാക്കിത്തന്ന വിശിഷ്ട വസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്'. (മാഇദ: 87). ഇനി ഒരാള്‍ ഭക്ഷണം കഴിക്കുന്നത് നന്ദികാണിക്കാതെയാണെങ്കില്‍ അവനും ആക്ഷേപാര്‍ഹനാണ്.
അല്ലാഹു പറഞ്ഞു: 'പിന്നീട് അന്നേദിവസം (നിങ്ങള്‍ ആസ്വദിച്ച) അനുഗ്രഹത്തെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും'. (തകാസുര്‍: 8).
ആഹരിക്കുന്നത് ശുദ്ധമാകണമെന്ന് നിര്‍ണയിച്ച ഇസ്‌ലാം ഭക്ഷിക്കാന്‍ പറ്റുന്നതും വര്‍ജിക്കേണ്ടതും വിശദീകരിച്ചിട്ടുണ്ട്. ഹലാല്‍ ആഹാരരീതി എന്ന പേരില്‍ ഇത് ലോകത്ത് പ്രചുരപ്രചാരം നേടി. മാംസാഹാരത്തില്‍ നിന്ന് ഭക്ഷിക്കല്‍ നിഷിദ്ധമായതും അനുവദനീയമായതും വ്യക്തമാക്കിയിട്ടുണ്ട്.
ഭക്ഷിക്കുന്ന പാത്രം പോലും നിഷിദ്ധമാകരുതെന്നും കല്‍പിച്ചു. ധൂര്‍ത്ത് പ്രകടിപ്പിക്കാന്‍ വേണ്ടി സ്വര്‍ണവും വെള്ളിയും പോലുള്ള പാത്രങ്ങള്‍ ഉപയോഗിക്കുന്നതിനെ വിലക്കിയതും കാണാവുന്നതാണ്. ഭക്ഷിക്കുന്നത് ഏത് അവസ്ഥയിലാണെന്നതും പരിഗണിക്കേണ്ടതുണ്ട്. ജനാബത്തുകാരന്‍ കുളിച്ച് ശുദ്ധിയായ ശേഷം ഭക്ഷണം കഴിക്കലാണ് നല്ലതെങ്കിലും അതിനു കഴിയാത്ത ഘട്ടത്തില്‍ വുളൂ ചെയ്താല്‍ മതിയെന്ന് നബി (സ) പഠിപ്പച്ചു.
നിന്നുകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെയും തിരുനബി (സ) വിലക്കിയിട്ടുണ്ട്. 'അനസ്് (റ)വില്‍ നിന്ന്: നിശ്ചയം, റസൂല്‍ (സ) നിന്നുകൊണ്ട് കുടിക്കുന്നതിനെ തൊട്ട്് ആക്ഷേപിക്കുകയുണ്ടായി. ഖത്താദ (റ) പറയുന്നു: അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു. എങ്കില്‍ (നിന്നുകൊണ്ട്്) തിന്നുന്നതോ? അദ്ദേഹം പറഞ്ഞു: അത് ഏറ്റവും ദോഷകരവും മ്ലേച്ഛവുമാണ്. (മുസ്‌ലിം). അല്ലാഹു നല്‍കിയ ഭക്ഷണത്തെ ആദരിക്കാനാണ് ഇതിലൂടെ പഠിപ്പിക്കുന്നത്. എല്ലാ കാര്യങ്ങളിലും നിയമങ്ങള്‍ വരച്ചുകാണിക്കുന്ന ഇസ്‌ലാം ഭക്ഷണത്തിലും പാലിക്കേണ്ട ചിട്ടകള്‍ വ്യക്തമാക്കുന്നുണ്ടെന്നു ചുരുക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."