സഭയും സമൂഹവും
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
കേരള സമൂഹത്തിൽ ക്രിസ്ത്യൻ സഭക്ക് വലിയ സ്വാധീനമുണ്ട്. ഈ സ്വാധീനം കേരള രാഷ്ട്രീയത്തിലുമുണ്ട്. സ്വാതന്ത്ര്യസമരത്തിനുംമുമ്പുതന്നെ തിരുവിതാംകൂർ രാഷ്ട്രീയത്തിൽ ക്രിസ്ത്യാനികൾ സജീവമായി ഇടപെട്ടിരുന്നു. സവർണജാതിക്കാർ വിദ്യാഭ്യാസ രംഗത്ത് കുത്തക നേടിയത് പിന്നോക്ക വിഭാഗക്കാരെ മാറ്റിനിർത്തിക്കൊണ്ടായിരുന്നു. വിദ്യാഭ്യാസത്തിലും സർക്കാർ ജോലിയിലും മേൽജാതിക്കാർ ആധിപത്യം നേടിയപ്പോൾ എസ്.എൻ.ഡി.പി യോഗം നേതാവ് സി. കേശവൻ ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും ഈഴവ സമുദായത്തെയും സംഘടിപ്പിച്ച് നിവർത്തന പ്രസ്ഥാനമുണ്ടാക്കി സർക്കാരിനെതിരേ വമ്പിച്ച മുന്നേറ്റം നടത്തിയത് കേരള രാഷ്ട്രീയപ്രവർത്തനത്തിനു തന്നെ തുടക്കം കുറിക്കുകയായിരുന്നു.
ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരേ വിമോചനസമരം നയിച്ചത് കത്തോലിക്കാ സഭയായിരുന്നു. എൻ.എസ്.എസ് നേതാവ് മന്നത്ത് പത്മനാഭൻ കൂടി സമരരംഗത്തെത്തിയതോടെ വിമോചനസമരം കനത്തു. 1959ൽ ഇ.എം.എസ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു. കത്തോലിക്കാ സഭാംഗമായ പി.ടി ചാക്കോ കോൺഗ്രസ് നേതാവായി ഉയർന്നതും ഇക്കാലത്ത്. ആരോപണങ്ങളിൽ കുരുങ്ങി പി.ടി ചാക്കോ സ്വന്തം പാർട്ടിയിൽ ഒറ്റപ്പെട്ട് അവസാനം ഹൃദയംപൊട്ടി മരിച്ചപ്പോൾ കോൺഗ്രസ് വിട്ട 15 എം.എൽ.എമാർ രൂപംനൽകിയ കേരളാ കോൺഗ്രസിനും അടിത്തറ കത്തോലിക്കാ സഭ തന്നെയായിരുന്നു. കേരളാ കോൺഗ്രസിനു രൂപംനൽകിയവരിൽ പ്രധാനി മന്നത്ത് പത്മനാഭനായിരുന്നുവെങ്കിലും മന്നം തന്നെയാണ് പുതിയ പാർട്ടിക്ക് കേരളാ കോൺഗ്രസ് എന്നു നാമകരണം ചെയ്തത്. 1964 ഒക്ടോബർ ഒമ്പതാം തീയ്യതി വൈകിട്ട് കോട്ടയം തിരുനക്കര മൈതാനിയിൽ വലിയ ജനക്കൂട്ടത്തെ സാക്ഷിനിർത്തി. കെ.എം ജോർജ്, കെ.എം മാണി, പി.ജെ ജോസഫ് എന്നിങ്ങനെ കത്തോലിക്കാ സഭാംഗങ്ങളായവർ തന്നെയാണ് എക്കാലവും കേരളാ കോൺഗ്രസിനെ നയിച്ചത്. സ്ഥാപക ജനറൽ സെക്രട്ടറി ആർ. ബാലകൃഷ്ണപിള്ള മുതൽ വിവിധ സമുദായക്കാർ കാലാകാലങ്ങളിൽ പാർട്ടിയുടെ നേതൃത്വത്തിലെത്തിയെങ്കിലും കേരളാ കോൺഗ്രസിന്റെ അടിത്തറ എപ്പോഴും കത്തോലിക്കാ സമുദായത്തിന്റേതായിരുന്നു. അതും സിറിയൻ കത്തോലിക്കാ സമുദായത്തിന്റേത്.
മുസ്‌ലിം ലീഗും ഇതുപോലെ തന്നെ മുസ്‌ലിം സമുദായത്തിൽ വേരുറപ്പിച്ചു നിൽക്കുന്ന പാർട്ടിയാണ്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ കാലംമുതൽ തന്നെ കോൺഗ്രസ് നേതൃത്വത്തിന്റെ ശക്തമായ എതിർപ്പു നേരിട്ട പാർട്ടി. ലീഗ് ഇന്ന് ഐക്യജനാധിപത്യ മുന്നണിയിൽ കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും വലിയ പാർട്ടിയാണ്.
കേരളാ കോൺഗ്രസും മുസ്‌ലിം ലീഗും രണ്ടു ന്യൂനപക്ഷ സമുദായങ്ങളുടെ കരുത്തിൽ വളർന്ന പാർട്ടികളാണെങ്കിലും കോൺഗ്രസിൽ എല്ലാ സമുദായങ്ങൾക്കും നല്ല പ്രാതിനിധ്യമുണ്ട്. അതു തന്നെയാണ് കോൺഗ്രസിന്റെ ശക്തിയും. എ.കെ ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും നേതൃത്വത്തിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് എന്നീ വിദ്യാർഥി-യുവജന സംഘടനകൾ വളർന്നുവന്നത് കത്തോലിക്കാ സമുദായത്തെ വെല്ലുവിളിച്ചുകൊണ്ടുതന്നെയാണ്. പള്ളിയോടും പട്ടക്കാരോടും അകലം പ്രഖ്യാപിച്ച എ.കെ ആന്റണി കേരളസമൂഹത്തിലും രാഷ്ട്രീയത്തിലും താരശോഭയോടെയാണു വളർന്നത്. കേരളാ കോൺഗ്രസ്, മുസ്‌ലിം ലീഗ് എന്നീ കക്ഷികളിലൂടെയായാലും കോൺഗ്രസ് സംഘടനയിലൂടെയാണെങ്കിലും കേരളരാഷ്ട്രീയത്തിൽ ക്രിസ്ത്യൻ-മുസ്‌ലിം ന്യൂനപക്ഷ സമുദായങ്ങൾ വലിയ സ്വാധീനം നേടി.
മതമേധാവിത്വത്തെയും സ്വാധീനത്തെയും തുറന്ന് എതിർത്തുകൊണ്ട് ഒരു തിരുത്തൽ ശക്തിയായി സി.പി.എമ്മും അതിന്റെ നേതൃത്വത്തിൽ ഇടതുമുന്നണിയും വളർന്നുവന്നു. കേരളരാഷ്ട്രീയം ഈ രണ്ടു മുന്നണികൾക്കുമിടയിൽ രണ്ടായി നിന്നു. ഒന്നിടവിട്ട തെരഞ്ഞെടുപ്പുകളിൽ രണ്ടു മുന്നണികളും കൃത്യമായി അധികാരം പങ്കിട്ടു. കേരളം പരീക്ഷിച്ചു വിജയമാക്കിയ ഐക്യമുന്നണി രാഷ്ട്രീയം രാജ്യത്താകമാനം ശ്രദ്ധിക്കപ്പെട്ടു. മുന്നണികളിലൂടെ ചെറിയ പാർട്ടികളും അധികാരത്തിൽ പങ്കാളികളായി. എങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കേരളരാഷ്ട്രീയത്തിലെ പതിവുകൾ തെറ്റിച്ചു. 2021 നിയമസഭാ തെരഞ്ഞെടുപ്പുഫലം കോൺഗ്രസിനും ഘടകകക്ഷികൾക്കും നൽകിയത് കനത്ത ആഘാതമായിരുന്നു. അഞ്ചു വർഷം പ്രതിപക്ഷത്തിരുന്ന ശേഷം അധികാരം പ്രതീക്ഷിച്ചിരുന്നപ്പോൾ കിട്ടിയത് കനത്ത തിരിച്ചടി. സംസ്ഥാന രാഷ്ട്രീയത്തിലെ സമുദായ സമവാക്യങ്ങൾ മാറി മറിയുന്നുവെന്നാണോ 2021 നൽകുന്ന പാഠം? അങ്ങനെയെങ്കിൽ തൃക്കാക്കരയിൽ എന്താവും സംഭവിക്കുക?
പതിവുകൾ അടിസ്ഥാനമാക്കി നോക്കിയാൽ തൃക്കാക്കരയിൽ ഉമ തോമസ് നല്ലരീതിയിൽ ജയിക്കേണ്ടതാണ്. എപ്പോഴും കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന എറണാകുളം ജില്ലയിലെ പ്രമുഖ നഗരമണ്ഡലമെന്ന നിലക്ക് യു.ഡി.എഫിനു നല്ല മുൻതൂക്കമുള്ള മണ്ഡലം. പ്രത്യേകിച്ച് കാലാകാലങ്ങളായി കോൺഗ്രസിന് ഉറച്ച പിന്തുണ നൽകി പോന്നിരുന്ന ക്രിസ്ത്യൻ സമുദായത്തിനു ഭൂരിപക്ഷമുള്ള പ്രദേശം. സർവോപരി, അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് തന്നെ സ്ഥാനാർഥിയായി എത്തുകയും ചെയ്യുന്നു. കോൺഗ്രസിൽ കരുത്തിന്റെയും തന്റേടത്തിന്റെയും പ്രതീകമായിരുന്നു പി.ടി തോമസ്. രാഷ്ട്രീയത്തിലെ എതിരാളികളെ മാത്രമല്ല, സഭാ നേതൃത്വത്തെയും വെല്ലുവിളിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിൽ ഉയർന്നത്. 95 കാലഘട്ടത്തിൽ മുഖ്യമന്ത്രി കെ. കരുണാകരനെതിരേ പാർട്ടിയിൽ ആന്റണിപക്ഷം കലാപം അഴിച്ചുവിട്ടപ്പോൾ മുന്നണിപ്പോരാളിയായിരുന്നു പി.ടി. ജീവിതസഖിയെന്ന നിലക്ക് ഉമക്കും പി.ടി തോമസിന്റെ നേട്ടങ്ങളിൽ അവകാശമുണ്ട്. മഹാരാജാസ് കോളജിലെ കെ.എസ്.യു പ്രവർത്തനത്തിലൂടെ രാഷ്ട്രീയം പഠിച്ചയാളെന്ന ചരിത്രവും ഉമക്ക് അലങ്കാരം.
ഈ സാഹചര്യങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് സി.പി.എം ജില്ലാ നേതൃത്വം ആദ്യംമുതലേ ശ്രമിച്ചത്. കെ.എസ് അരുൺകുമാറിന്റെ പേര് സ്ഥാനാർഥിയായി ചുവരുകളിലും പത്രത്താളുകളിലും സ്ഥാനം പിടിച്ചപ്പോഴും ബുദ്ധികേന്ദ്രങ്ങൾ കൂട്ടലും കിഴിക്കലും നടത്തുകയായിരുന്നു. അവസാനം ആരും പ്രതീക്ഷിച്ചിട്ടില്ലാത്ത ആ പേരുയർന്നു, ഡോ. ജോ ജോസഫ്. എറണാകുളത്തെ ലിസി ആശുപത്രിയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ. കത്തോലിക്കാ സഭയുടെ പ്രമുഖ ആരോഗ്യ സ്ഥാപനത്തിൽനിന്ന് കത്തോലിക്കാ സമുദായക്കാരനായ ഡോ. ജോ ജോസഫിനെ സി.പി.എം സ്ഥാനാർഥിയായി തെരഞ്ഞെടുത്തത് നല്ല കണക്കുകൂട്ടലോടു കൂടിത്തന്നെയെന്ന കാര്യം വ്യക്തം. തൃക്കാക്കരയിലെ ക്രിസ്ത്യൻ സമുദായത്തിന്റെ ശക്തിയൊന്നു നോക്കിയാൽ മതി കാരണം മനസിലാക്കാൻ. മണ്ഡലത്തിൽ ഏറ്റവും വലിയ സാന്നിധ്യം ക്രിസ്ത്യൻ സമുദായത്തിനു തന്നെ. ഏകദേശം 54 ശതമാനം. ഇതിൽ സിറിയൻ കത്തോലിക്കാ സമുദായക്കാർ 28 ശതമാനം വരും. ലത്തീൻ കത്തോലിക്കർ ആറു ശതമാനവും യാക്കോബായക്കാർ പത്തു ശതമാനവും. ബാക്കി ഇതര ക്രിസ്ത്യൻ സമുദായങ്ങളും.
ദീർഘകാലം കോൺഗ്രസ് നേതാവും സംസ്ഥാന മന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെയായിരുന്ന പ്രൊഫ. കെ.വി തോമസിനെ സി.പി.എം ഉന്നംവച്ചത് വെറുതെയല്ലെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. എറണാകുളം ജില്ലയിലെ ലത്തീൻ സമുദായത്തിന്റെ പ്രതിനിധിയാണ് പ്രൊഫ. കെ.വി തോമസ്. സമുദായത്തിൽ മാത്രമല്ല, സിറിയൻ കത്തോലിക്കാ വിഭാഗമുൾപ്പെടെ വിവിധ ക്രിസ്ത്യൻ സമുദായ നേതൃത്വങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന കോൺഗ്രസ് നേതാവു കൂടിയാണ് അദ്ദേഹം.
ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കത്തോലിക്കാ സമുദായത്തിൽനിന്നുതന്നെ സ്ഥാനാർഥിയെ കണ്ടെത്തുക വഴി സി.പി.എം ഒരു പടികൂടി കടന്നിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ സി.പി.എമ്മിന് നിയമസഭയിലെ അംഗബലം 100 ആക്കി വർധിപ്പിക്കാമെന്നല്ലാതെ, അത്ര നിർണായകമൊന്നുമല്ല. എങ്കിലും വളരെ ശുഷ്‌കാന്തിയോടു കൂടിത്തന്നെയാണ് സി.പി.എം ഓരോ ചുവടും വയ്ക്കുന്നത്. കാരണം, കേരളത്തിൽ നില മെച്ചപ്പെടുത്തണമെങ്കിൽ ന്യൂനപക്ഷങ്ങളുടെ പിന്തുണ വേണമെന്നു സി.പി.എം നേതൃത്വം മനസിലാക്കിയിരിക്കുന്നു. 1989ൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം പാർട്ടിയിൽ കെ.എം മാണിയോടിടഞ്ഞു നിന്നപ്പോൾ ഇ.എം.എസ് പറഞ്ഞത്, പി.ജെ ജോസഫ് പള്ളിയെയും പട്ടക്കാരെയും തള്ളിപ്പറഞ്ഞിട്ടു വന്നാൽ ഇടതുമുന്നണി പ്രവേശം ആലോചിക്കാമെന്നാണ്. ഇന്നിപ്പോൾ മുഖ്യമന്ത്രി പിണാറായി വിജയനോ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ ഇങ്ങനെയൊരു പ്രസ്താവന നടത്താൻ രണ്ടുവട്ടം ആലോചിക്കുമെന്ന കാര്യം തീർച്ച.
മറുവശത്ത് കോൺഗ്രസ് നേതാക്കളാവട്ടെ, സഭയ്‌ക്കെതിരേ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നു. ഇടതുസ്ഥാനാർഥി സഭയുടെ സ്ഥാനാർഥി, സ്ഥാനാർഥി നിർണയത്തിൽ ബാഹ്യസന്ദർശനമുണ്ട് എന്നിങ്ങനെയുള്ള പ്രസ്താവനകൾ ചില കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടായി. ഇതു ഫലപ്രദമായി ഉപയോഗിക്കാൻ വ്യവസായ മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ ശ്രമിക്കുകയും ചെയ്യുന്നു. പത്തനംതിട്ട, ഇടുക്കി, തൃശൂർ തുടങ്ങിയ ജില്ലകളിൽ ക്രിസ്ത്യൻ സമുദായം കഴിഞ്ഞ കുറേകാലമായി ഇടതുപക്ഷത്തേക്കു ചെരിയുന്നുണ്ട്. മലപ്പുറം ജില്ലയിൽ മുസ്‌ലിം സമുദായത്തിലും ഈ ചായ്‌വ് പ്രകടമാണ്. ഇനിയും തങ്ങൾക്കു ബാലികേറാമലയായി തുടരുന്ന എറണാകുളം ജില്ലയിൽ കാലുറപ്പിക്കുകയാണ് ഇടതുപക്ഷ മുന്നണിയുടെ ലക്ഷ്യമെന്നു വ്യക്തം. ഒരു ഉപതെരഞ്ഞെടുപ്പിൽ വിജയം വരിക്കുക എന്നതിനപ്പുറത്തേക്കു കാണുനു സി.പി.എം നോട്ടമെന്നർഥം.
കോൺഗ്രസിനാവട്ടെ, തികച്ചും നിർണായകമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിന് ഇവിടെ വിജയിച്ചേ മതിയാവൂ. അതുകൊണ്ടുതന്നെ ഉമ തോമസിനു മുന്നിലെ വെല്ലുവിളി വളരെ വലുതാണ്. ഉമക്കെതിരേ ഡോ. ജോ ജോസഫ് മത്സരിക്കുമ്പോൾ തൃക്കാക്കര രാഷ്ട്രീയകേരളത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റുകയാണ്. മത്സരം ഇടതുമുന്നണിയും ഐക്യജനാധിപത്യ മുന്നണിയും തമ്മിൽ തന്നെ. സഭയുടെ രാഷ്ട്രീയം അളക്കാനുള്ള അളവു കോലാവുകയാണ് തൃക്കാക്കര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."