നടിയെ അക്രമിച്ച കേസ്: കാവ്യയെ ഇനിയും ചോദ്യം ചെയ്തേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ അന്വേഷണസംഘം ഇനിയും ചോദ്യം ചെയ്തേക്കും. രണ്ടു കേസിലും പങ്കില്ലെന്ന് കാവ്യ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.
കാവ്യ മാധവന് ഇന്നലെ നല്കിയ മൊഴി വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാം എന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. എന്നാല്‍ ഇന്ന് ചോദ്യം ചെയ്യല്‍ ഉണ്ടാവില്ലെന്നാണ് സൂചന. ആലുവയിലെ പത്മസരോവരം വീട്ടില്‍ വെച്ച് നാലര മണിക്കൂറാണ് കഴിഞ്ഞ ദിവസം അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലില്‍ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലുകളെല്ലാം കാവ്യ നിഷേധിച്ചു. കേസില്‍ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ദിലീപിന്റെ സഹോദരി ഭര്‍ത്താവിന്റെ ശബ്ദരേഖ ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു ചോദ്യം ചെയ്യല്‍. ശബ്ദരേഖയിലെ ആരോപണം കാവ്യ ചോദ്യം ചെയ്യലില്‍ തള്ളി. ഈ മൊഴി അന്വേഷണസംഘം പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. കേസിലെ നിര്‍ണായക വിവരങ്ങള്‍ കാവ്യക്കറിയാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. തുടരന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന ഡിജിറ്റല്‍ തെളിവുകളുടെയും ദിലീപിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഉള്ള ചോദ്യങ്ങള്‍ക്കും കാവ്യയോട് അന്വേഷണസംഘം ഉത്തരം തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."