ശൈലജക്ക് മന്ത്രി സ്ഥാനം നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ല- വിജയരാഘവന്‍
തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ കെ.കെ ശൈലജക്ക് മന്ത്രിസ്ഥാനം കൊടുക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാട് ആവര്‍ത്തിച്ച് സി.പി.എം. ആലോചിച്ചെടുത്ത തീരുമാനമാണെന്നും ഇനി പിന്നോട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ വിജയരാഘവന്‍ വ്യക്തമാക്കി.
'ഇത് പാര്‍ട്ടിയുടെ സംഘടനാപരവും രാഷ്ട്രീയപരവുമായ തീരുമാനമാണ്. വളരെ ഗൗരവത്തോടെ ആലോചിച്ചാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ആ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോക്കില്ല' എ വിജയരാഘവന്‍ പറഞ്ഞു. ശൈലജക്ക് വേണ്ടി നടക്കുന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാര്യം തനിക്കറിയില്ലെന്നായിരുന്നു വിജയരാഘവന്റെ മറുപടി.
സിപിഎം അനുകൂല ഫേസ്ബുക് പേജുകളായ 'പോരാളി ഷാജി' 'പിജെ ആര്‍മി' തുടങ്ങി സൈബര്‍ ഇടങ്ങളിലെ ശക്തമായ ഇടതു പ്രൊഫൈലുകളില്‍ നിന്നും പേജുകളില്‍ നിന്നും ശൈലജ ടീച്ചറെ ക്യാബിനറ്റില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ വലിയ തരത്തില്‍ പരസ്യവിമര്‍ശനങ്ങളും ക്യാമ്പയിനുകളും നടന്നിരുന്നു. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പ്രമുഖരടക്കം 'പെണ്ണിനെന്താ കുഴപ്പം' എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഈ വിഷയത്തില്‍ വളരെ വേഗം ക്യാമ്പയിന്‍ സജീവമാക്കിയിരുന്നു.
അതേസമയം മന്ത്രിയാക്കേണ്ടെന്ന പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ കെ ശൈലജ ടീച്ചര്‍ ഇന്നലെ തന്നെ പ്രതികരിച്ചിരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച കാര്യം ഭംഗിയായി തന്നെയാണ് നിര്‍വഹിച്ചത്. മന്ത്രി പദവി കിട്ടാത്തതില്‍ നിരാശയില്ല. പുതുമുഖങ്ങള്‍ നന്നായി ചെയ്യുമെന്ന ശുഭപ്രതീക്ഷ ഉണ്ടെന്നും ജനങ്ങളുടെ സ്‌നേഹത്തിന് എക്കാലവും നന്ദിയുണ്ടാകുമെന്നും കെ.കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."