ഗസ്സയില്‍ മരണം 212 ആയി; 61 കുട്ടികള്‍, 36 സ്ത്രീകള്‍
ഗസ്സ സിറ്റി: ഇസ്‌റാഈലി ആക്രമണത്തില്‍ ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ടത് 212 പേര്‍. ഇതില്‍ 61 കുട്ടികളും 36 സ്ത്രീകളും ഉള്‍പ്പെടും. അതേസമയം ഗസ്സയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തില്‍ ഇസ്‌റാഈലില്‍ 10 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടത്. ഇസ്‌റാഈലി യുദ്ധവിമാനങ്ങള്‍ ഗസ്സയിലെ കെട്ടിടങ്ങള്‍ക്കു മേല്‍ ഇന്നലെയും ബോംബാക്രമണം തുടര്‍ന്നു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതിനിടെ ഇന്നലെ ലബ്‌നാനിലും ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി.
ഇസ്‌റാഈല്‍ ഭാഗത്തേക്ക് ആറു റോക്കറ്റുകള്‍ വിട്ടതിനെ തുടര്‍ന്നാണിത്. എന്നാല്‍ അവ അതിര്‍ത്തി കടന്നുവന്നില്ലെന്ന് ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു.
ആക്രമണത്തില്‍ 2,500 ഫലസ്തീനികള്‍ ഭവനരഹിതരായെന്ന് യു.എന്‍ അറിയിച്ചു. 58,000ത്തിലേറെ പേര്‍ നാടുവിട്ടു പോയി. ഇവരില്‍ 47,000 പേര്‍ യു.എന്‍ റിലീഫ്-അഭയാര്‍ഥി ഏജന്‍സിയുടെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ് കഴിയുന്നത്. ഇത്തരം 58 സ്‌കൂളുകളാണ് ഗസ്സയിലുള്ളത്.
ആക്രമണത്തില്‍ ഗസ്സയിലെ 450 കെട്ടിടങ്ങളാണ് തകര്‍ന്നത്. ഇതില്‍ 132 എണ്ണം പൂര്‍ണമായി നശിച്ചു. ആറ് ആശുപത്രികളും ഒന്‍പത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടതായി യു.എന്‍ മാനവികകാര്യ കോഓര്‍ഡിനേഷന്‍ ഓഫിസ് വക്താവ് ജെന്‍സ് ലര്‍കെ പറഞ്ഞു.
അതിനിടെ അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ സേനയുമായുള്ള സംഘര്‍ഷത്തില്‍ 97 ഫലസ്തീനികള്‍ക്കു പരുക്കേറ്റതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ഇതില്‍ പത്തുപേര്‍ക്ക് വെടിവയ്പിലാണ് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."