യു.എ.ഇ സ്വകാര്യ മേഖല തൊഴില്‍: 2026 ഓടെ 10 ശതമാനം സ്വദേശിവത്കരണം
അഷറഫ് ചേരാപുരം
ദുബൈ: ഇന്ത്യക്കാരുള്‍പ്പെടെ ലക്ഷക്കണക്കിന് പ്രവാസികള്‍ ജോലി ചെയ്യുന്ന യു.എ.ഇയില്‍ സ്വകാര്യമേഖലയിലെ ജോലികളിലും സ്വദേശി വത്കരണത്തിന്റെ തോത് വര്‍ധിപ്പിക്കുന്നു. 2026ഓടെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ നിരക്ക് 10ശതമാനത്തിലെത്തിക്കുന്നതിനുള്ള പുതിയ സംവിധാനത്തിലേക്ക് യു.എ.ഇ മുന്നേറുന്നതായി റിപ്പോര്‍ട്ട്.
50ലധികം ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങളിലെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികളില്‍ നിന്ന് പ്രതിവര്‍ഷം 2 ശതമാനംസ്വദേശികളുടെ നിരക്ക് നിലവില്‍ നിശ്ചയിച്ചിട്ടുണ്ട്. യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ ്മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും കഴിഞ്ഞ ദിവസം ഇക്കാര്യം ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇമാറാത്തികളുടെ തൊഴില്‍ സാധ്യതകള്‍ക്ക് പിന്തുണ നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.യു.എ.ഇയിലെ ധനവിനിമയ സ്ഥാപനങ്ങളിലെ സ്വദേശി വത്കരണം നാലുശതമാനമാക്കാന്‍ നേരത്തെ തീരുമാനമുണ്ടായിരുന്നു. നിലവില്‍ പ്രധാനവകുപ്പുകളില്‍ 23 ശതമാനത്തിലേറെ സ്വദേശികളുണ്ട്. ചില കണക്കുകള്‍ അനുസരിച്ച് ബാങ്ക് ജീവനക്കാരില്‍ 30 ശതമാനവും സ്വദേശികളാണ്. വ്യോമയാനം, ഗതാഗതം, റിയല്‍ എസ്‌റ്റേറ്റ് വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെല്ലാം സ്വദേശി ജോലിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്. യു.എ.ഇയിലാണ് ഇന്ത്യക്കാരായ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ഉള്ളത്. 35 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാരില്‍ മലയാളികളുടെ എണ്ണമാണ് ഏറെ മുന്നിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."