കോണ്‍ഗ്രസുകാരനായി തുടര്‍ന്ന് സി.പി.എമ്മിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് ഒന്നൊന്നര തമാശ: കെ.സി വേണുഗോപാല്‍
കൊച്ചി: കോണ്‍ഗ്രസുകാരനായി തുടരുമെന്നും എന്നാല്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതിനായി പ്രചാരണത്തിനിറങ്ങുമെന്നുമുള്ള കെ.വി തോമസിന്റെ പ്രസ്താവനയെ പരിഹസിച്ച് കെ.സി വേണുഗോപാല്‍.
സി.പി.ഐ.എമ്മിന് വേണ്ടി പ്രവര്‍ത്തിക്കും, കോണ്‍ഗ്രസുകാരനായി തുടരും എന്ന് പറയുന്നത് ഒന്നൊന്നര തമാശയല്ലേ,'' കെ.സി. വേണുഗോപാല്‍ പറഞ്ഞു. കെ.വി തോമസിനെതിരെ നടപടിയെടുക്കും. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് എതിരെ പ്രവര്‍ത്തിച്ചാല്‍ നടപടി എടുക്കാന്‍ കെ.പി.സി.സിക്ക് അധികാരം ഉണ്ട്. കെ.പി.സി.സി എടുക്കുന്ന നടപടി എ.ഐ.സി.സി അംഗീകരിക്കുമെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.
നേരത്തെ പത്രസമ്മേളനത്തിലൂടെയായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന കെ.വി. തോമസിന്റെ പ്രതികരണം.
'നാളെ മുഖ്യമന്ത്രി നടത്തുന്ന ഇടതുമുന്നണി പ്രചരണ പരിപാടികളുടെ ഉദ്ഘാടന ചടങ്ങിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രചാരണ പരിപാടികളിലും പങ്കുചേരും.
എന്റെ തെരഞ്ഞെടുപ്പില്‍ ഞാനെങ്ങനെ പ്രചരണത്തിനിറങ്ങിയോ അതുപോലെയായിരിക്കും ഡോ ജോ ജോസഫിന്റെ പ്രചരണത്തിലും പങ്കാളിയാകുക,' കെ.വി. തോമസ്.
താന്‍ ഒരു കോണ്‍ഗ്രസുകാരന്‍ തന്നെയാണെന്നും അതില്‍ മാറ്റമുണ്ടാകില്ലെന്നും ഈ തെരഞ്ഞെടുപ്പ് വികസനോന്മുഖമായ തീരുമാനങ്ങളുടേതാണെന്നും കെ.വി. തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."