ഒരു നോമ്പുതുറ പിന്നീടെന്നെ<br>നോമ്പുകാരനാക്കി
സലീം കുമാര്‍
പരിശുദ്ധ റമദാന്‍ നോമ്പിലെ ഒരെണ്ണം വര്‍ഷത്തില്‍ ഞാനെടുക്കാറുണ്ട്. റമദാനിലെ ഏറ്റവും പുണ്യമാക്കപ്പെട്ട 27ാം രാവിലെ നോമ്പാണ് 12 വര്‍ഷം തുടര്‍ച്ചയായി ഞാനെടുക്കുന്നത്. മരണം വരെ അതു തുടരണമെന്നാണ് ആഗ്രഹം. റമദാന്‍ നോമ്പ് പിടിക്കണമെന്ന് കുട്ടിക്കാലത്തെ തന്നെ എന്റെ ആഗ്രഹമാണ്. കൂടെയുള്ള മുസ്‌ലിം സഹോദരങ്ങള്‍ ഒരുമാസം നോമ്പെടുക്കുന്നതിന് പിന്നിലുള്ള ത്യാഗത്തെ കുറിച്ച് അറിയണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ പലപ്പോഴായി അതിനെനിക്ക് സാധിച്ചില്ല. എന്നാല്‍ അവിചാരിതമായി ഒരു നോമ്പുതുറയില്‍ പങ്കെടുത്തതാണ് റമദാനിലെ ഒരു നോമ്പെങ്കിലും വര്‍ഷത്തില്‍ പിടിക്കണമെന്ന് തീരുമാനിച്ചത്. റമദാനിലെ 27ാം രാവ് തന്നെ അതിന് തിരഞ്ഞെടുക്കുകയും ചെയ്തു.
2006ല്‍ ലാല്‍ജോസ് സംവിധാനം ചെയ്ത് ഞാന്‍ നായകനായി അഭിനിയിച്ച അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുടെ ഷൂട്ടിങ് പീരുമേട്ടില്‍ നടക്കുകയാണ്. ഒരു നോമ്പുകാലമാണ്. ആ ഭാഗങ്ങളില്‍ കൂടുതല്‍ വീടുകളോ, കടകളോ ഉണ്ടായിരുന്നില്ല. വൈകുന്നേരം നടക്കാനിറങ്ങിയപ്പോള്‍ ഷൂട്ടിങിന് ഏറെ അകലെയായി ഒരുവീടും അതിനോട് ചേര്‍ന്ന ഒരു ചായക്കടയും കണ്ടു. ചായക്കടയും വീടും തിരിച്ചറിയാത്ത ഒരവസ്ഥയിലാണ്. ആരും പുറത്തുണ്ടായിരുന്നില്ല. ഞാനും സിനിമയുടെ തിരക്കഥാ കൃത്ത് ബാബുജനാര്‍ധനനും കൂടി കടയുടെ വാതിലിനു മുട്ടി. സത്യത്തില്‍ ഞങ്ങള്‍ മുട്ടിയത് വീടിന്റെ വാതിലിനായിരുന്നു.
വീടിന്റെ വാതില്‍ തുറന്നതും മേശയില്‍ വിഭവ സമൃദ്ധമായി ഭക്ഷണം വിളിമ്പിവച്ചത് കണ്ടു. ഇത് ഹോട്ടലല്ലെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. ഒരു സല്‍ക്കാരത്തിന്റെ പ്രതീതിയാണ്. വീട്ടുകാര്‍ മുന്നില്‍ വന്നതോടെ ഞങ്ങള്‍ക്ക് ബോധ്യമായി അതൊരു മുസ്‌ലിംകുടുംബമാണെന്ന്. നോമ്പു തുറക്കുള്ള വിഭവങ്ങള്‍ ഒരുക്കി വച്ചിരിക്കുകയാണ് കുടുംബം. മരുമകനെ നോമ്പു തുറപ്പിക്കാന്‍ വിളിച്ചതിനാലാണ് വിഭവങ്ങള്‍ ഒരുക്കിയത്. ഞങ്ങള്‍ എന്തുചെയ്യണമെന്ന് അറിയാതെ നിന്നുപോയി. എന്നാല്‍ ആ കുടുംബം ഞങ്ങളെ അതിഥികളായി സ്വീകരിച്ച് ഇരുത്തി.
പിന്നീട് ഞങ്ങളും അസ്തമയ ബാങ്ക് വിളിക്കായി കാതോര്‍ത്തു. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞ് നോമ്പെടുത്ത അവരോടൊപ്പം ഭക്ഷണം കഴിച്ചു. അന്ന് മുതലാണ് വര്‍ഷത്തില്‍ ഒരു നോമ്പെങ്കിലും മുസ്‌ലിം സഹോദരങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പിടിക്കണമെന്ന് ഞാന്‍ തീരുമാനിച്ചത്. ഈ സംഭവം ഷൂട്ടിങ് ലൊക്കേഷനില്‍ എല്ലാവരും അറിഞ്ഞു. എന്റെ മനസിലെ ആഗ്രഹം അവിടെ വച്ച് എല്ലാവരോടും ഞാന്‍ പറഞ്ഞു. അപ്പോള്‍ നടി ഉഷയാണ് റമദാനിലെ 27ാം രാവിന്റെ പ്രത്യേകത പറഞ്ഞത്. ആയിരം രാത്രിയേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്‌റിന്റെ രാവിലെ പുണ്യം നോമ്പ് അന്നുമുതല്‍ നോല്‍ക്കാന്‍ തുടങ്ങി. നാദിര്‍ഷയടക്കമുള്ള സുഹൃത്തുക്കളുടെ വീട്ടിലായിരുന്നു ആദ്യകാലത്ത് നോമ്പ് തുറക്കാന്‍ പോയിരുന്നത്. അടുത്ത കാലത്തായി സമീപത്തെ മഹല്ലിലെ പള്ളിയിലേക്ക് നോമ്പ് തുറക്കാന്‍ പോകും. മൂന്ന് പള്ളികളാണ് ചുറ്റുവട്ടത്തിലുള്ളത്. നോമ്പുകാരോടൊത്ത് നോമ്പ് കാരാനായി നോമ്പ് തുറക്കുമ്പോഴുള്ള ആനന്ദം പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമാണ്.
മുസ്‌ലിം സഹോദരങ്ങളെപ്പോലെ പുലര്‍ച്ചെ സുബഹ് ബാങ്കിന്റെ മുന്‍പ് എഴുന്നേറ്റ് ആഹാരം കഴിച്ചാണ് എന്റെ നോമ്പും തുടങ്ങുന്നത്. അന്ന് ഷൂട്ടിങും സ്‌റ്റേജ് പ്രോഗ്രാമുകളും ഒഴിവാക്കും. റമദാന്‍ വ്രതം ശരീരത്തിനും മനസിനും നല്‍കുന്ന ആത്മനിര്‍വൃതി ആദ്യ നോമ്പുകാരനായപ്പോള്‍ തന്നെ ബോധ്യമായതാണ്. ലോകത്ത് പട്ടിണി കിടക്കുന്നവന്റെ വേദന എന്തെന്ന് വ്രതം നമ്മെ ബോധ്യപ്പെടുത്തുന്നു. പ്രതിബന്ധങ്ങളെ തരണം ചെയ്യാനും ഹൃദയ വിശുദ്ധി വരുത്താനും റമദാന്‍ വ്രതം ഉപകരിക്കുന്നു.
ആഹാരം കഴിക്കാതെ നമുക്ക് കുറച്ച് നേരമൊക്കെ നില്‍ക്കാന്‍ കഴിയും. എന്നാല്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞ്, വിശ്രമം നല്‍കാത്ത വയറിന് വിശ്രമം നല്‍കുന്നതാണ് നോമ്പ്. നോമ്പുകാരനായാല്‍ അവന്‍ വിശപ്പിനെക്കുറിച്ച് ചിന്തിക്കുന്നു പോലുമില്ല. ഇതുപോലെ നന്മയുള്ള ഒരു അനുഷ്ഠാനും വേറൊന്നിലും കാണാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ റമദാന്‍ പവിത്രമാണ്.
നടന്‍ മമ്മൂട്ടി ഒരൊറ്റ നോമ്പും നിസ്‌കാരവും ഒഴിവാക്കാത്ത മനുഷ്യനാണ്. റമദാനിലാണ് ഷൂട്ടിങ് എങ്കില്‍ അദ്ദേഹം സെറ്റില്‍ നോമ്പുതുറക്കുള്ള വിഭവങ്ങള്‍ വിതരണം ചെയ്യും. അതുപോലെ സംവിധായകരായ സിദ്ധീഖ്, നാദിര്‍ഷ തുടങ്ങിയ നിരവധി പേരെ റമദാന്‍ നോമ്പ് മുടങ്ങാതെ എടുക്കുന്നവരായി കണ്ടിട്ടുണ്ട്.
ഇസ്‌ലാം മതത്തിലെ നാലാമത്തെ കാര്യമാണ് നോമ്പ്. അഞ്ചാമത്തേത് ഹജ്ജും. ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ അത്തറു വില്‍പനക്കാരാനായി ഞാന്‍ അഭിനയിച്ച ചിത്രമാണ് ആദാമിന്റെ മകന്‍ അബു എന്ന ചലച്ചിത്രം. എനിക്ക് ദേശീയ അവാര്‍ഡ് നേടിത്തന്ന ചിത്രം. പരിശുദ്ധ മക്ക കാണണമെന്ന് അന്നുമുതലുള്ള ആഗ്രഹമാണ്. ആ ആഗ്രഹം പിന്നീട് എന്റെ ചെലവില്‍ ഞാന്‍ മലപ്പുറത്തുള്ള ഒരാളെ ഹജ്ജ് കര്‍മത്തിന് പോകാന്‍ സഹായിച്ചു. മുന്‍ മന്ത്രി ഡോ. എം. കെ. മുനീറാണ് ആളെ കണ്ടെത്തി തന്നത്. ഓരോ മതത്തിലേയും ഒാരോ അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും മനുഷ്യ നന്മക്കുള്ള വിത്തുകളുണ്ട്. അവ മുളപ്പിച്ചെടുത്താല്‍ മാത്രമേ ജീവിതത്തിലും സമൂഹത്തിലും ശാന്തിയും സമാധാനവും കൈവരിക്കാനാവുകയുള്ളൂ.
തയാറാക്കിയത്:
അശ്‌റഫ് കൊണ്ടോട്ടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."