യോഗി സര്‍ക്കാറിന്റെ കൊവിഡ് കണക്കുകള്‍ വ്യാജം, മരണങ്ങളും കേസുകളും മറച്ചു വെക്കുന്നു; ആരോപണവുമായി കോണ്‍ഗ്രസ്
ലഖ്‌നൗ: കൊവിഡ് റിപ്പോര്‍ട്ടിങ്ങില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ കടുത്ത ആരോപണങ്ങളുയര്‍ത്തി കോണ്‍ഗ്രസ്. കൊവിഡിന്റെ യഥാര്‍ത്ഥ മരണങ്ങളും കണക്കുകളും യോഗി സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്നാണ് ആരോപണം.
''ലഖ്‌നൗവില്‍ 7,890 മരണ സര്‍ട്ടിഫിക്കറ്റുകളാണ് ഏപ്രില്‍ 1മുതല്‍ മെയ് 15വരെ പുറത്തിറക്കിയിട്ടുള്ളത്. 5,970 മരണ സര്‍ട്ടിഫിക്കറ്റുകളാണ് ഫെബ്രുവരി 15മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലത്ത് പുറത്തിറക്കിയിട്ടുള്ളത്.അതായത് ഏപ്രില്‍ 1 മുതല്‍ മെയ് 15വരെ 2000ത്തോളം മരണസര്‍ട്ടിഫിക്കറ്റുകള്‍ അധികമായി ലഖ്‌നൗവില്‍ പുറത്തിറക്കിയിട്ടുണ്ട്. പക്ഷേ സര്‍ക്കാര്‍ ഈ അധികമായി വന്ന മരണങ്ങളൊന്നും കൊവിഡ് മൂലമാണെന്ന് സമ്മതിക്കുന്നില്ല'- കോണ്‍ഗ്രസ് ആരോപിക്കുന്നു.
വസ്തുതകള്‍ തള്ളിക്കളയുക, തെളിവുകള്‍ നശിപ്പിക്കുക, ഇല്ലാത്ത കണക്കുകള്‍ കാണിക്കുക എന്നിവയിലാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് ആരാധന മിശ്ര പറഞ്ഞു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത് എല്ലാം നിയന്ത്രണത്തിലാണെന്നാണ്. പക്ഷേ ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നു. അവര്‍ വ്യാജമായ കണക്കുകള്‍ പറയുകയാണ്. യഥാര്‍ത്ഥ കണക്കുകള്‍ ഒരു നാള്‍ പുറത്തു വരും.'' -കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശില്‍ കൊവിഡ് നിയന്ത്രണവിധേയമെന്നും മൂന്നാം തരംഗം നേരിടാനും യു.പി തയാറാണെന്നും കഴിഞ്ഞ ദിവസവും യോഗി അവകാശപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."