സൗഹൃദക്കുളിരില്‍ നനഞ്ഞ് മന്ത്രി റിയാസും മുനവ്വറലി തങ്ങളും; പാണക്കാട്ടെ പുതിയ അതിഥിയെ കണ്ടും ഒരുമിച്ചുണ്ടും മടക്കം
പാണക്കാട്: പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടിലേക്കു പുതുതായി കടന്നുവന്ന അതിഥിയെ കാണാന്‍ അവിചാരിതമായെത്തിയ വിരുന്നുകാരനെ കണ്ട് എല്ലാവരുമൊന്നു ഞെട്ടി. സര്‍ക്കാരിന്റെ കൊടിവെച്ച കാറില്‍ വന്നിറങ്ങിയത് പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസായിരുന്നു. എത്തിയതോ പഴയ സഹപാഠി മുനവറലി ശിഹാബ് തങ്ങളെയും സഹപാഠിയുടെ പുതിയ കുഞ്ഞിനെയും കാണാനായിരുന്നു.
ഫറോക്ക് കോളജില്‍ ഇരുവരും സഹപാഠികളായിരുന്നു. മുനവറലി ശിഹാബ് തങ്ങള്‍ എം.എസ്.എഫ് സാരഥിയായിരുന്നപ്പോള്‍ പി.എ. മുഹമ്മദ് റിയാസ് എസ്.എഫ്.ഐയുടെ സാരഥിയുമായി. രാഷ്ട്രീയത്തിലെ ഭിന്നധ്രുവങ്ങളിലായിരുന്നു അന്നും ഇന്നുമെങ്കിലും അക്കാലത്തു തുടങ്ങിയ ചങ്ങാത്തത്തിന് ഇന്നും പത്തരമാറ്റ്. ആ സൗഹൃദത്തിന്റെ ഓര്‍മകള്‍ അവരിന്ന് വീണ്ടും ഓര്‍ത്തെടുത്തു. രാഷ്ട്രീയ ഭിന്നതയുടെ നിറം ആ സൗഹൃദത്തിന് ഇരുവരും നല്‍കിയിട്ടില്ല. ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിനുശേഷവും മന്ത്രി റിയാസ് ആദ്യമായാണ് പാണക്കാട്ടെത്തിയത്.
മന്ത്രിയും മുനവറലി തങ്ങളും ഏറെനേരം കലാലയ ഓര്‍മകള്‍ പങ്കുവച്ചു. മുനവറലി ശിഹാബ് തങ്ങള്‍ക്ക് ജനിച്ച പുതിയ കുഞ്ഞിനെയും മന്ത്രി കണ്ടു. തുടര്‍ന്ന് ഒരുമിച്ചിരുന്ന് ഭക്ഷണവും കഴിച്ചാണ് പിരിഞ്ഞത്. കുടുംബാഗങ്ങളും ആ സൗഹൃദവിരുന്നിനു സാക്ഷിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."