റമദാൻ: കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി, ഒമാനിൽ വ്യാപക പരിശോധന
മസ്കത്ത്: റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി അധികൃതർ. ചില വ്യാപാര സ്ഥാപനങ്ങൾ റമദാൻ സീസൺ മുന്നിൽകണ്ട് സാധനങ്ങൾ പൂഴ്ത്തിവെച്ച് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാനുള്ള ശ്രമം നടത്താറുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്. ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അതിന്റെ വിവിധ വകുപ്പുകളുമായി ചേർന്നാണ് ഗവർണറേറ്റുകളിൽ പരിശോധന നടത്തുന്നത്.
അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുക, ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക എന്നിവയും പരിശോധനയുടെ ലക്ഷ്യമാണ്. ദിവസങ്ങൾക്കുമുമ്പ് തെക്കൻ ബാത്തിനയിലെ റുസ്താഖ് വിലായത്തിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.
അതേസമയം, റമദാൻ പടിവാതിൽക്കൽ എത്തിയതോടെ രാജ്യത്തെ ഷോപ്പിങ് മാളുകളിലും മറ്റും തിരക്കേറി. അവശ്യവസ്തുക്കൾ വാങ്ങാനായി പ്രവാസികളും സ്വദേശികളുമുൾപ്പെടെ നിരവധി പേരാണ് എത്തുന്നത്. മിക്ക മാളുകളിലും ഷോപ്പിംഗ് സെന്ററുകളിലും നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."