വിധി നിര്‍ണയത്തിൻ്റെ വിശുദ്ധരാത്രി
വിധി നിര്‍ണയത്തിന്റെ വിശുദ്ധരാത്രിയായ ലൈലത്തുല്‍ ഖദ്‌റാണ് വര്‍ഷത്തിലെ ഏറ്റവും പുണ്യമുള്ള രാത്രി. ഈ വിധി നിര്‍ണായക രാത്രിയിലെ ആരാധന ലൈലത്തുല്‍ ഖദ്ര്‍ ഇല്ലാത്ത ആയിരം മാസങ്ങളിലെ ആരാധനകളെക്കാള്‍ ശ്രേഷ്ടമാണ് എന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ലൈലത്തുല്‍ ഖദ്‌റിനെ പരാമര്‍ശിച്ച് അല്ലാഹു ഒരധ്യായം തന്നെ അവതരിപ്പിച്ചു.
'സൂറത്തുല്‍ ഖദ്ര്‍' എന്ന അഞ്ച് സൂക്തങ്ങളുള്ള 97ാം അധ്യായം. പ്രസ്തുത സൂറത്തിന്റെ ആശയ സംഗ്രഹം: നിശ്ചയം നാം ഖുര്‍ആനിനെ ലൈലത്തുല്‍ ഖദ്‌റില്‍ അവതരിപ്പിച്ചു. ലൈലത്തുല്‍ ഖദ്ര്‍! എന്താണെന്നാണു തങ്ങള്‍ മനസിലാക്കിയത്. ലൈലത്തുല്‍ ഖദ്ര്‍! ആയിരം മാസങ്ങളെക്കാള്‍ പവിത്രമാണ്. മലക്കുകളും ആത്മാവും (ജിബ്‌രീല്‍) അവരുടെ രക്ഷിതാവിന്റെ ആജ്ഞാനുസരണം സകല വിധികളുമായി ആ രാവില്‍ ഇറങ്ങും. പ്രഭാതോദയം വരെ ആ രാവ് രക്ഷയാണ്. '
വിശുദ്ധ ഖുര്‍ആനും രണ്ടവതരണമുണ്ട്. ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് പ്രഥമ ആകാശത്തിലെ ബൈത്തുല്‍ ഇസ്സയിലേക്ക് ഇറക്കിയതാണ് ഒന്നാം ഘട്ട അവതരണം. ഇത് ലൈലത്തുല്‍ ഖദ്‌റിലായിരുന്നു. ഒറ്റത്തവണയായിട്ടാണ് ഈ അവതരണം. പിന്നീട് സന്ദര്‍ഭങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് 23 വര്‍ഷങ്ങളിലായി ജിബ്‌രീല്‍ (അ) നബി (സ) ക്ക് ഓതിക്കൊടുത്തതാണ് രണ്ടാമത്തെ അവതരണം. ഇതിന്റെ തുടക്കവും ലൈലത്തുല്‍ ഖദ്‌റിലാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. (തഫ്‌സീറു സ്വാവി. 4/319, 320)
സത്യമാണെന്നു വിശ്വസിച്ചും അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചും ലൈലത്തുല്‍ ഖദ്‌റില്‍ ആരെങ്കിലും നിസ്‌കരിച്ചാല്‍ അവന്റെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടും എന്ന് നബി (സ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്. പിന്‍കാല പാപങ്ങളും പൊറുക്കുമെന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ കാണാം.
ഈ രാത്രിക്ക് വിധി നിര്‍ണയ രാവ് എന്ന പേരു ലഭിച്ചതിന് പണ്ഡിതന്‍മാര്‍ പല കാരണങ്ങളും പറഞ്ഞിട്ടുണ്ട്. ഇബ്‌നു അബ്ബാസ് (റ)വിന്റെ വിശദീകരണം. ഈ രാവിലാണ് മാനവരാശിക്ക് വര്‍ഷാവര്‍ഷമുള്ള വിധിയും വിഹിതവും അല്ലാഹു നിര്‍ണയിക്കുന്നതെന്നാണ്. ജീവജാലങ്ങളുടെ ഒരു വര്‍ഷത്തേക്കുള്ള പ്രായം, ഭക്ഷണം തുടങ്ങിയവ ക്ലിപ്തമാക്കുന്നത് ഈ രാത്രിയിലാണ്. (ഖുര്‍തുബി 20/116) ഇക്‌രിമ (റ) പറയുന്നു. ലൈലത്തുല്‍ ഖദ്‌റിലാണ് കഅ്ബാലയ തീര്‍ഥാടനം നടത്തുന്ന ഹാജിമാരുടെയും അവരുടെ പിതാക്കളുടെയും പേരുകള്‍ വരെ നിര്‍ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക. (റാസി 32/28)
അതുപോലെ മാനവ കുലത്തിനുള്ള വാര്‍ഷിക ബജറ്റും ലൈലത്തുല്‍ ഖദ്‌റിലാണ് പ്രാബല്യത്തില്‍ വരിക. അന്ത്യനാള്‍വരെയുള്ള ജീവജാലങ്ങള്‍ക്കുള്ള വിഹിതവും വിധിയും നേരത്തെ തന്നെ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷാവര്‍ഷം ബറാഅത്ത് രാവില്‍ (ശഅ്ബാന്‍ 15) അടുത്തവര്‍ഷത്തേക്ക് ഓരോ വ്യക്തിക്കുമുള്ള ആഹാരം ആയുസ്, മരണം തുടങ്ങിയവ അല്ലാഹു അവന്റെ ഇച്ഛപ്രകാരം വിധികള്‍ നടപ്പാക്കാന്‍ ചുമതല നല്‍കപ്പെട്ട മലക്കുകളുടെ സൗകര്യാര്‍ഥം നിശ്ചയിച്ചു നല്‍കുന്നു. ഈ മാഗ്‌നാകാര്‍ട്ട അടിസ്ഥാനമാക്കി മലക്കുകള്‍ അതു നടപ്പാക്കും. അല്ലാഹു അത് ഏല്‍പിച്ചു കൊടുക്കുന്നതും പ്രാബല്യത്തില്‍ വരുന്നതും ലൈലത്തുല്‍ ഖദ്‌റിലാണ്. മുദബ്ബിറാതുല്‍ ഉമൂര്‍ എന്നറിയപ്പെടുന്ന ജിബ്‌രീല്‍, മീകാഈല്‍, ഇസ്‌റാഫീല്‍, അസ്‌റാഈല്‍ എന്നീ നാലു മലക്കുകള്‍ക്കാണ് ഇതിന്റെ നടത്തിപ്പു ചുമതല. (സ്വാവി 4/320 നോക്കുക).
പിന്നിലെ രഹസ്യം
മുഹമ്മദ് നബി (സ)യുടെ സമുദായത്തെ ആയിരം മാസങ്ങളെക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്ര്‍ നല്‍കി അല്ലാഹു അനുഗ്രഹിച്ചതിന്റെ പിന്നില്‍ ചിന്തനീയമായ പല കാര്യങ്ങളുമുണ്ട്. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇമാം മുജാഹിദ് (റ) പറയുന്നു. ബനൂ ഇസ്‌റാഈല്‍ സമൂഹത്തില്‍ പകല്‍ മുഴുവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സായുധ സമരം നയിക്കുകയും രാത്രി മുഴുവന്‍ ആരാധനയും നിര്‍വഹിച്ച് ആയിരം മാസം ജീവിച്ച ഒരു മഹാനുണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ചു കേട്ട നബി (സ) യും അനുയായികളും ആശ്ചര്യപ്പെടുകയും തങ്ങളുടെ സുകൃതങ്ങള്‍ എത്ര തുച്ഛമാണെന്ന് പരിഭവിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പ്രസ്തുത സൂറത്ത് അവതരിച്ചത് (ഇബ്‌നു ജരീര്‍). പൂര്‍വകാല സമുദായത്തിന്റെ ആയുര്‍ ദൈര്‍ഘ്യത്തെപ്പറ്റി ചിന്തിച്ചപ്പോള്‍ അവരുടെ അടുത്തെത്താന്‍ പറ്റാത്ത അവസ്ഥയിലാണല്ലോ തന്റെ സമുദായത്തിന്റെ ആയുസ് എന്ന് തിരുനബി (സ) പരിതപിച്ചു. ഇതിനു പരിഹാരമായിട്ടാണു ലൈലത്തുല്‍ ഖദ്ര്‍ വിളംബരം ചെയ്യുന്ന അധ്യായം ഇറങ്ങിയത്. (മുവത്വ, ബൈഹഖി). ധാരാളം ഹദീസുകളില്‍ നബി (സ) ലൈലത്തുല്‍ ഖദ്‌റിന്റെ മാഹാത്മ്യത്തെ കുറിച്ച് സുവിശേഷം നല്‍കിയിട്ടുണ്ട്. 950 വര്‍ഷമാണ് നൂഹ് നബി (അ) ജീവിച്ചത്. അദ്ദേഹത്തിന്റെ സമുദായത്തിനും തത്തുല്യമായ പ്രായമായിരിക്കണം. അത്ര ദീര്‍ഘായുസ്സികളായിരുന്നു മുന്‍കാല സമൂഹങ്ങള്‍. ദീര്‍ഘ കാലത്തെ പ്രാര്‍ഥനയിലും തപസ്യകളിലും അന്തര്‍ഭവിച്ച് ഇലാഹി സാമീപ്യത്തിന്റെ പടവുകള്‍ കയറിപ്പോയി അവര്‍. എന്നാല്‍ അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ) 63 വര്‍ഷമാണ് ജീവിച്ചത്. തന്റെ സമുദായത്തിന്റെ ആയുര്‍ ദൈര്‍ഘ്യം ശരാശരി 60-70 ആയിരിക്കുമെന്ന് അവിടുന്ന് പ്രവചിച്ചിട്ടുണ്ട്.
ഇത്ര ഹ്രസ്വായുസികള്‍ നൂറ്റാണ്ടുകളുടെ ആരാധനകള്‍ നിര്‍വഹിച്ച സമൂഹത്തിന്റെ തോളോടുചേര്‍ന്ന് നില്‍ക്കാന്‍ അര്‍ഹത നേടുന്നതെങ്ങനെ?. നബിയുടെ സമുദായം മുന്‍കാല സമൂഹത്തിന്റെ മേല്‍ സാക്ഷിയായിരിക്കുമെന്ന് അല്ലാഹു വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, തുല്യയോഗ്യതയില്ലാത്തവര്‍ സാക്ഷികളാവുക ന്യായമാണോ? ഈ സമസ്യകള്‍ക്കെല്ലാം നീതിമാനായ അല്ലാഹു പരിഹാരം കണ്ടതും തിരുനബി (സ)യെ സന്തോഷിപ്പിച്ചതും ആയിരം മാസങ്ങളുടെ പവിത്രതയുള്ള ആ വിശുദ്ധരാവുകൊണ്ടാണ്. ആ രാവില്‍ ആരാധനാകര്‍മങ്ങള്‍ കൊണ്ട് സജീവമാക്കിയവര്‍ ഭാഗ്യവാന്‍മാര്‍. ആ രാത്രിയെ വിസ്മരിക്കരുതെന്ന് പ്രവാചകര്‍ ആഹ്വാനം ചെയ്തു. സല്‍മാന്‍ (റ) പറയുന്നു. 'ശഅ്ബാന്‍ മാസത്തിന്റെ ഒടുവില്‍ നബി (സ) ഉത്‌ബോധിപ്പിച്ചു. ജനങ്ങളേ, നിങ്ങള്‍ക്കിതാ പുണ്യം നിറഞ്ഞ ഒരു മാസം വന്നണഞ്ഞിരിക്കുന്നു. ആ മാസത്തില്‍ ഒരു രാവുണ്ട്. ആയിരം മാസത്തേക്കാള്‍ നന്മനിറഞ്ഞതാണത്. ' (ഇബ്‌നു ഖുസയ്മ, ഇബ്‌നു ഹിബ്ബാന്‍).
ബൈഹഖിയും ഇബ്‌നു ഖുസയ്മയും ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്: അബൂശൈഖ് (റ) നിവേദനം. 'ഹലാലായ ഭക്ഷണം കൊണ്ട് റമദാനില്‍ നോമ്പുകാരനെ നോമ്പുതുറപ്പിക്കുന്നവനു റമദാന്‍ രാവുകള്‍ മുഴുക്കെ മലക്കുകള്‍ പ്രാര്‍ഥിക്കുന്നതും ലൈലത്തുല്‍ ഖദ്‌റില്‍ ജിബ്‌രീല്‍ (അ) അവന്റെ കരം ചുംബിക്കുന്നതുമാണ്.' ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം നിഷേധിക്കപ്പെട്ടവര്‍ പരാജിതനാണെന്ന് ബൈഹഖിയും നസാഇയും ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ കാണാം.
ആ രാവ് എന്ന് ?
ഖദ്‌റിന്റെ രാത്രി റമദാനിലെ ഏതോ രാവിലാണെന്നേ പ്രമാണങ്ങളില്‍ നിന്നു വ്യക്തമാകുന്നുള്ളൂ. ഏത് രാവാണെന്നു കൃത്യമായി പറയുന്നില്ല. താഴെ പറയുന്ന നബിവചനങ്ങള്‍ ശ്രദ്ധിക്കുക. ഉബാദതുബ്‌നു സ്വാമിതില്‍ നിന്ന്: 'നബി(സ്വ) ഒരിക്കല്‍ ലൈലത്തുല്‍ ഖദ്ര്‍ ഏതു ദിവസമാണെന്നറിയിക്കാന്‍ സ്വഹാബാക്കളുടെ അടുത്തേക്ക് ചെന്നു. അപ്പോള്‍ രണ്ടുപേര്‍ പള്ളിയില്‍ വച്ച് എന്തോ കാര്യത്തില്‍ ശബ്ദമുണ്ടാക്കുന്നു. ഇതുകണ്ട് നബി(സ്വ) പറഞ്ഞു: 'ലൈലത്തുല്‍ ഖദര്‍ ഏതു ദിവസമാണെന്ന് പ്രഖ്യാപിക്കാന്‍ വന്നതായിരുന്നു ഞാന്‍. പക്ഷേ, ഇവര്‍ ബഹളമുണ്ടാക്കുന്നത് ഞാന്‍ കാണാനിടയായി. അതോടെ പ്രസ്തുത ജ്ഞാനം അല്ലാഹു എന്നില്‍ നിന്നു പിന്‍വലിച്ചു കളഞ്ഞു. എങ്കിലുമത് നിങ്ങള്‍ക്ക് നന്മവരുത്തുമെന്ന് തന്നെയാണെന്റെ പ്രതീക്ഷ.' 'രണ്ടുപേര്‍ തര്‍ക്കിക്കുകയായിരുന്നു.
അവരുടെ കൂടെ പിശാചുമുണ്ടായിരുന്നു' എന്നുകൂടി മുസ്‌ലിമിന്റെ നിവേദനത്തില്‍ കാണുന്നു. അബൂഹുറയ്‌റ(റ)യില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: 'ലൈലത്തുല്‍ ഖദ്ര്‍ എനിക്കു നിര്‍ണിതമായ രൂപത്തില്‍ തന്നെ അറിയിക്കപ്പെടുകയായിരുന്നു. അതിനിടക്കാണ് വീട്ടുകാരാരോ എന്നെ വന്നുണര്‍ത്തിയത്. അതോടെ ഞാനത് മറന്നുപോയി.' (മുസ്‌ലിം). വ്യക്തമായി ഈ ദിനം എന്നാണെന്നു ജ്ഞാനമില്ലെങ്കിലും പണ്ഢിതന്മാര്‍ പല തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ ചില നിഗമനങ്ങള്‍ നടത്തിയിട്ടുണ്ട്. മുസ്‌ലിം ലോകം കാലാന്തരങ്ങളിലായി ഈ ദിനം റമദാന്‍ ഇരുപത്തിയേഴാം രാവാണെന്നു കണക്കാക്കുന്നു. ആഗോള തലത്തില്‍ തന്നെ പ്രസ്തുത രാവിനെ സജീവമാക്കാന്‍ വിശ്വാസികള്‍ താല്‍പ്പര്യപ്പെട്ടു കാണുന്നുണ്ട്. ഇരുപത്തിയേഴാം രാവിനെപ്പറ്റി പരാമര്‍ശിച്ചു തര്‍ശീഹ് ഉണര്‍ത്തുന്നത് കാണുക: ''ഇരുപത്തിയേഴാമത്തെ രാവ് തന്നെയാണ് മുസ്‌ലിം ലോകം പൂര്‍വികമായി (ലൈലത്തുല്‍ഖദ്‌റായി) സജീവമാക്കി വരുന്നത്. ഇതുതന്നെയാണ് ഭൂരിപക്ഷ ജ്ഞാനികളുടെ വീക്ഷണവും.
ഇമാം റാസി(റ) ഉദ്ധരിക്കുന്നതും ഇതുതന്നെയാണ്.'' സിര്‍റുബ്ന്‍ ഹുബൈശി(റ)ല്‍ നിന്ന്: ഞാനൊരിക്കല്‍ ഉബയ്യുബ്‌നു കഅ്ബ്(റ)നോട് പറഞ്ഞു. 'വര്‍ഷം മുഴുവന്‍ ആരാധനാ നിമഗ്‌നരാകുന്നവര്‍ക്ക് ലൈലത്തുല്‍ ഖദര്‍ പ്രാപിക്കാവുന്നതാണ് എന്ന് നിങ്ങളുടെ സഹോദരന്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'പാവം അബൂ അബ്ദിറഹ്മാന്‍, അവിടന്നെന്താണാവോ മനസിലാക്കിയത്? ലൈലത്തുല്‍ ഖദര്‍ റമദാന്‍ അവസാന പത്തിലാണെന്നും അതുതന്നെ ഇരുപത്തിയേഴാം രാവാണെന്നും അറിയപ്പെട്ടതല്ലേ. ജനങ്ങള്‍ ആ രാവിനെ മാത്രം ആശ്രയിക്കാതിരിക്കാനാണ് അത് തറപ്പിച്ചു പ്രഖ്യാപിക്കാതിരുന്നത്. സത്യത്തില്‍ ലൈലത്തുല്‍ ഖദര്‍ റമദാന്‍ ഇരുപത്തിയേഴാം രാവ് തന്നെയാണ്.'
എന്തുകാരണത്താലാണ് താങ്കളിങ്ങനെ തറപ്പിച്ചു പറയുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. 'നബി(സ്വ) പഠിപ്പിച്ചുതന്ന ദൃഷ്ടാന്തങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്'. (അഹ്മദ്, മുസ്‌ലിം അബൂദാവൂദ്, തിര്‍മുദി, നസാഇ, ഇബ്‌നുഹിബ്ബാന്‍). ഇബ്‌നുഉമര്‍(റ)വില്‍ നിന്ന്; നബി(സ്വ) പറഞ്ഞു: 'നിങ്ങള്‍ ലൈലത്തുല്‍ ഖദ്‌റിനെ ഇരുപത്തിയേഴാമത്തെ രാവില്‍ പ്രതീക്ഷിക്കുവിന്‍'. ഉമര്‍(റ)വിന്റെ സാന്നിധ്യത്തില്‍ ഇബ്‌നുഅബ്ബാസ്(റ) പ്രകടിപ്പിച്ചതാണ് മറ്റൊരഭിപ്രായം. സ്വഹാബത്തിനെ ഒന്നിച്ചുചേര്‍ത്ത് ഉമര്‍(റ) ഇതിനെക്കുറിച്ചൊരു ചര്‍ച്ച നടത്തി.
കൂട്ടത്തി ല്‍ ചെറുപ്പക്കാരനായ ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞു: 'അല്ലാഹുവിന് ഏറെ താല്‍പ്പര്യം ഒറ്റ സംഖ്യകളോടാണ്. ഒറ്റകളില്‍ തന്നെ ഏഴിനോട് പ്രത്യേക താത്പര്യമുണ്ടെന്നു കാണാം. ഭൂമിയും ആകാശവും ദിനങ്ങളും ത്വവാഫിന്റെ എണ്ണവും അവയവങ്ങളും ഏഴായാണ് കാണുന്നത്. ഇത് ലൈലത്തുല്‍ ഖദര്‍ ഇരുപത്തിയേഴാം രാവാകാനുള്ള സാധ്യതക്കു തെളിവായിക്കാണുന്നതില്‍ തെറ്റില്ല. ലൈലത്തുല്‍ ഖദര്‍ എന്ന വാചകത്തില്‍ ഒമ്പത് അക്ഷരങ്ങളാണുള്ളത്. ഇതാവട്ടെ സൂറത്തില്‍ മൂന്നുതവണ ആവര്‍ത്തിക്കുന്നു.
ഇത് ഗുണിക്കുമ്പോള്‍ ഇരുപത്തിയേഴ് ലഭിക്കുന്നു. ഇരുപത്തിയേഴാമത്തെ രാവില്‍ ലൈലത്തുല്‍ ഖദര്‍ വരുമെന്നതിന് ഇതും സൂചനയാകാം' (എഴുത്തില്‍ പ്രയോഗിക്കുന്ന എല്ലാ അക്ഷരങ്ങളും അറബിയില്‍ അക്ഷരമായിത്തന്നെ പരിഗണിക്കണം). ഗാലിം (റ) തന്റെ പിതാവില്‍നിന്നുദ്ധരിക്കുന്നു: ലൈലത്തുല്‍ ഖദര്‍ ഇരുപത്തിയേഴാം രാവില്‍ താന്‍ ദര്‍ശിച്ചതായി ഒരു സ്വഹാബി നബി(സ്വ)യോട് പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. 'ലൈലത്തുല്‍ ഖദര്‍ സംബന്ധമായ നിങ്ങളുടെ ദര്‍ശനങ്ങള്‍ അവസാന പത്തില്‍ ഏകോപിച്ചതായി ഞാന്‍ മനസിലാക്കുന്നു.
അതുകൊണ്ട് റമദാന്‍ അവസാന പത്തിലെ ഒറ്റരാവുകളില്‍ നിങ്ങളതിനെ പ്രതീക്ഷിക്കുക' (മുസ്‌ലിം). അബൂഹുറയ്‌റ(റ) പറഞ്ഞു: 'ഞങ്ങള്‍ ഒരിക്കല്‍ ലൈലത്തുല്‍ഖദ്ര്‍ സംബന്ധമായ ചര്‍ച്ചയിലായിരുന്നു. അപ്പോള്‍ നബി(സ്വ) ആരാഞ്ഞു. 'ചന്ദ്രന്‍ ഒരു തളികയുടെ അര്‍ധഭാഗം കണക്കെ പ്രഭമങ്ങി പ്രത്യക്ഷപ്പെടുന്ന രാവിനെ ഓര്‍മിക്കുന്നവര്‍ നിങ്ങളില്‍ ആരാണ്?' അബുല്‍ഹസന്‍ (റ) പറയുന്നു: ഇരുപത്തിയേഴാത്തെ രാവാണ് ഇവിടെ ഉദ്ദേശ്യം. കാരണം ചന്ദ്രന്‍ മേല്‍പറഞ്ഞവിധം പ്രത്യക്ഷപ്പെടുന്നത് ഇരുപത്തിയേഴാമത്തെ രാവിലാണ്.'
ലൈലത്തുല്‍ ഖദ്‌റില്‍ ജീവിതത്തിലൊരു തവണയെങ്കിലും സംബന്ധിക്കാന്‍ സാധിച്ചവര്‍ക്ക് 83. 4 വര്‍ഷത്തെ ആരാധനാ സൗഭാഗ്യം കരസ്ഥമാകുന്നു. അന്നത്തെ ദാനം ആയിരം മാസത്തെ ദാനത്തിനു തുല്യം. അന്നത്തെ നിസ്‌കാരം ആയിരം മാസം നിസ്‌കരിക്കുന്നതിനു തുല്യം. അന്നത്തെ ഇഅ്തികാഫ് ആയിരം മാസം തുടര്‍ച്ചയായി ഇഅ്തികാഫിരിക്കുന്നതിന് സമം. അങ്ങനെ ഓരോ ഇബാദത്തും 83. 4 വര്‍ഷത്തെ ആരാധനകള്‍ക്കു തുല്യം.
അനസ് (റ) പറയുന്നത് ശ്രദ്ധിക്കുക: 'ലൈലത്തുല്‍ ഖദ്‌റിലെ സദ്പ്രവൃത്തികള്‍, ദാന ധര്‍മങ്ങള്‍, സകാത്ത്, നിസ്‌കാരം എന്നിവയെല്ലാം ആയിരം മാസത്തെ അത്തരം പ്രവര്‍ത്തനങ്ങളേക്കാള്‍ പുണ്യകരമാണ്. 'ഇത്തരം സൗഭാഗ്യവാന്‍മാരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."