സിംഹവാലൻ കുരങ്ങുകളുടെ സുരക്ഷയ്ക്ക് ആകാശപ്പാതയൊരുക്കി തമിഴ്‌നാട് വനംവകുപ്പ്
വി.എം ഷൺമുഖദാസ്
വാൽപ്പാറ
ആനമല കടുവസംരക്ഷണ കേന്ദ്രത്തിലെ വാൽപ്പാറമേഖലയിലെ സിംഹവാലൻ കുരങ്ങുകളുടെ സുരക്ഷയ്ക്കായി ആകാശപാതയൊരുക്കി വനംവകുപ്പ്. സഞ്ചാരികൾ ഭക്ഷണം വലിച്ചെറിഞ്ഞു കൊടുക്കുന്നതു പതിവായതിനെ തുടർന്നു റോഡിലൂടെ വാഹനങ്ങൾ വരുമ്പോൾ കുരങ്ങുകൾ അടുത്തേക്ക് ഓടിച്ചെല്ലുന്നതും അപകടത്തിൽപ്പെടുന്നതും പതിവായിരുന്നു. കുരങ്ങുകൾക്കു വാഹനങ്ങളുടെ ഭീഷണിയില്ലാതെ റോഡ് കുറുകെ കടക്കാനാണ് ഉയരത്തിൽ ആകാശ ഊഞ്ഞാൽ സ്ഥാപിക്കുന്നത്.
ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം സിംഹവാലൻ കുരങ്ങുകൾ അധിവസിക്കുന്നത് ഇവിടെയാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കൊടുംകാടുകളിൽ മാത്രം കണ്ടുവരുന്ന സിംഹവാലൻ കുരങ്ങുകൾ വാൽപ്പാറയിലെ ജനവാസ മേഖലയിലുമെത്തുന്നതിനാൽ ഇവയുടെ ജീവന് ഭീഷണിയുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനുളളിൽ ഇത്തരത്തിൽ പത്തോളം കുരങ്ങുകൾ വാഹനമിടിച്ചു ചത്തതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. പുതുതോട്ടം, കുരങ്ങുമുടി എന്നിവിടങ്ങളിലായി പത്തോളം ആകാശപാതകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ സിംഹവാലൻ കുരങ്ങുകൾ റോഡിലിറങ്ങുന്നതും അപകടങ്ങൾ ഉണ്ടാകുന്നത് തടയാൻ കഴിയുമെന്നുമാണ് പ്രതീക്ഷ.
റോഡിന് കുറുകെ ഇരുവശത്തുമുള്ള മരങ്ങളിലാണ് ആകാശപാതകൾ നിർമിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."