വിവാഹ കർമാനുഷ്ഠാനവും രജിസ്ട്രേഷനും
അഡ്വ. ടി. ആസഫ് അലി
ദേശീയതലത്തിൽ ഏകീകൃത സിവിൽ കോഡും മുസ്‌ലിം വ്യക്തി നിയമമനുസരിച്ചുള്ള പിന്തുടർച്ചാവകാശങ്ങളും ഏറെ ചർച്ചചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ പിന്തുടർച്ചാവകാശം സംബന്ധിച്ച് 1954ലെ സ്‌പെഷൽ മാര്യേജ് ആക്ട് അനുസരിച്ചുള്ള വിവാഹ രജിസ്‌ട്രേഷൻകൊണ്ടുള്ള സാധ്യതകൾ പരിശോധനാവിഷയമാണ്.1954ലെ സ്‌പെഷൽ മാര്യേജ് ആക്ടനുസരിച്ച് മുസ്‌ലിം ദമ്പതികൾ മുസ്‌ലിം ആചാരമനുസരിച്ച് നടന്ന വിവാഹം സ്പെഷൽ മാര്യേജ് ആക്ട് അനുസരിച്ച് വർഷങ്ങൾക്കുശേഷം രജിസ്റ്റർ ചെയ്താൽ സ്‌പെഷൽ മാര്യേജ് ആക്ടനുസരിച്ച് കർമാനുഷ്ഠാനം(solemnization) ചെയ്ത വിവാഹമായി കണക്കാക്കി അത്തരം ദാമ്പത്യത്തിൽ ജനിക്കുന്ന കുട്ടികൾക്ക് മരണശാസന എഴുതിവയ്ക്കാതെ മരിക്കുന്ന മാതാപിതാക്കളുടെ സ്വത്തുകൾ ഇസ്‌ലാമിക ശരീഅത്ത് അനസരിച്ചാണോ അല്ലെങ്കിൽ എല്ലാവർക്കും തുല്യാവകാശം വ്യവസ്ഥ ചെയ്തിരിക്കുന്ന 1925ലെ ഇന്ത്യൻ പിന്തുടർച്ചാവകാശമനുസരിച്ചാണോ സിദ്ധിക്കുകയെന്ന നിയമപ്രശ്‌നമാണ് ഏറെ വിശകലനം ചെയ്യേണ്ടത്.
1954ലെ സ്‌പെഷൽ മാര്യേജ് ആക്ട് 4ാം വകുപ്പ് അനുശാസിക്കുംവിധം ഒരേ മത, ജാതി വിഭാഗത്തിൽപ്പെട്ടതോ വ്യത്യസ്ത ജാതി, മത വിഭാഗത്തിൽപ്പെട്ടവരോ ആയവർ തമ്മിൽ വിവാഹ കർമാനുഷ്ഠാനം ചെയ്യാനുദ്ദേശിക്കുന്ന ദമ്പതികൾ മുമ്പ് അവിവാഹതരായിരിക്കണമെന്നും ആദ്യമായി വിവാഹം ചെയ്യുന്നവരോ വിധവയോ വിധുരനോ മാനസികമായി ചിത്തഭ്രമമില്ലാത്തവരോ പുരുഷന് 21 വയസും സ്ത്രീക്ക് 18 വയസ് പൂർത്തിയായവരോ ആയിരിക്കണമെന്നുമാണ് 4ാം വകുപ്പിലെ നിർബന്ധമായി പാലിച്ചിരിക്കേണ്ട വ്യവസ്ഥകൾ. സ്‌പെഷൽ മാര്യേജ് ആക്ടിലെ 3ാം പട്ടികയിൽ വിവരിക്കുംപ്രകാരം വധുവും വരനും ബന്ധപ്പെട്ട മാര്യേജ് ഒാഫിസറുടെ മുമ്പാകെ 3 സാക്ഷികൾ ഒപ്പിട്ട സത്യപ്രസ്താവനയും മേൽവിവരങ്ങൾ കാണിച്ചും നൽകേണ്ടതാണ്.
ഇപ്രകാരം നൽകിയ പ്രസ്താവന കളവാണെന്ന് തെളിഞ്ഞാൽ കോടതി മുമ്പാകെ കള്ളമൊഴി നൽകിയാലുള്ള ശിക്ഷക്ക് സമാനമായി ഇന്ത്യൻ ശിക്ഷാനിയമം 199ാം വകുപ്പനുസരിച്ച് 7 വർഷംവരെ തടവും പിഴയും ചുമത്താവുന്ന കുറ്റമാണ്. കൂടാതെ, പ്രസ്തുത വിവാഹത്തിലെ ദമ്പതികളിൽ ഏതെങ്കിലും ഒരാൾ ഒരു മാസത്തിൽ കവിയാത്തകാലം താമസിച്ച ഭവനമുൾപ്പെടുന്ന അതിർത്തി പ്രദേശത്തുള്ള വിവാഹ രജിസ്ട്രാർക്ക് നിർദിഷ്ട വിവാഹം സംബന്ധിച്ച് നോട്ടിസ് നൽകേണ്ടതുമാണ്. മേൽവിവരിച്ച നടപടിക്രമങ്ങൾ പാലിക്കാതെയാണ് മാര്യേജ് ഒാഫിസർ വിവാഹ കർമാനുഷ്ഠാനം നടത്തിയതെന്ന് തെളിഞ്ഞാൽ ഒാഫിസർക്കെതിരേ സ്‌പെഷൽ മാര്യേജ് ആക്ട് 46ാം വകുപ്പനുസരിച്ച് ഒരു വർഷം തടവ് ശിക്ഷയോ പിഴയോ വിധിക്കാവുന്ന കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യാവുന്നതുമാണ്. മേൽവിവരിച്ച പ്രകാരം വിവാഹിതരായ ദമ്പതികൾക്ക് വിവാഹത്തിലെ ഇരുകക്ഷികളും നേരിൽ ഹാജരായി 3 സാക്ഷികളുടെ മുമ്പാകെ സാക്ഷ്യപത്രം എഴുതി ഒപ്പിട്ടു ഇരുവരും തമ്മിലുള്ള വിവാഹം കർമാനുഷ്ഠാനം (solemnization) ചെയ്തതായി വിവാഹ ഒാഫിസർ നിയമം 13ാം വകുപ്പ് അനുശാസിക്കുംവിധം നിയമത്തിന്റെ 4ാം പട്ടികയിൽ വിവരിച്ച മാതൃകയിൽ വിവാഹ സാക്ഷ്യപത്രം നൽകാവുന്നതാണ്.
15ാം വകുപ്പനുസരിച്ചുള്ള രജിസ്‌ട്രേഷൻ
1872ലെ സ്‌പെഷൽ മാര്യേജ് ആക്ട് അനുസരിച്ചോ അതിനുശേഷം പാർലമെന്റ് പാസാക്കി നടപ്പാക്കിയ 1954ലെ സ്‌പെഷൽ മാര്യേജ് ആക്ട് അനുസരിച്ചോ കർമാനുഷ്ഠാനം ചെയ്ത വിവാഹങ്ങൾ ഒഴിച്ച് ഏതെങ്കിലും ആചാരമനുസരിച്ച് വിവാഹം നടന്ന് ദമ്പതികൾ ഇരുവരും ഭാര്യാഭർത്താക്കന്മാരായി ജീവിച്ചുവരുന്നവരുടെ വിവാഹം 15ാം വകുപ്പനുസരിച്ച് വിവാഹ ഒാഫിസറുടെ മുമ്പാകെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇരുകക്ഷികളിൽ ആരുംതന്നെ ഒന്നിൽ കൂടുതൽ ദമ്പതികൾ ഉണ്ടായിരിക്കരുതെന്നാണ് വിവാഹം രജിസ്റ്റർ ചെയ്യാനുള്ള മറ്റൊരു വ്യവസ്ഥ. ഏതെങ്കിലും ആചാരമനുസരിച്ച് വിവാഹിതരായ ദമ്പതികളായിരിക്കും 15ാം വകുപ്പനുസരിച്ച് വിവാഹം രജിസ്റ്റർ ചെയ്യുക. ഇരുവരും നിരോധിത രക്തബന്ധങ്ങളായിരിക്കരുതെന്നും വരന് 21 വയസും വധുവിന് 18 വയസും പൂർത്തിയായിരിക്കണമെന്നും ബുദ്ധിസ്ഥിരതയുള്ളവരാവണമെന്നുമാണ് മറ്റൊരു വ്യവസ്ഥ. സാധാരണ ഗതിയിൽ അവിഹിതബന്ധത്തിൽ ജനിച്ച കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് വിവാഹത്തിന്റെ സാക്ഷ്യപത്രത്തിന് വേണ്ടിയാണ് 15ാം വകുപ്പനുസരിച്ച് വിവാഹം രജിസ്റ്റർ ചെയ്യുക.
ഈ അടുത്ത കാലംവരെ മുസ്‌ലിം വിവാഹം സംബന്ധിച്ച് ആധികാരികമായ ഒരു പൊതു അധികാരസ്ഥാനവും സാക്ഷ്യപത്രം നൽകാനുണ്ടായിരുന്നില്ല. നികാഹ് ചെയ്ത ഖാസി നൽകുന്ന സാക്ഷ്യപത്രം പല വിദേശ രാജ്യങ്ങളിലും പല പൊതുസ്ഥാനീയങ്ങളും സ്വീകരിക്കാറില്ല. സുപ്രിംകോടതിയുടെ വിധിയെത്തുടർന്ന് ഈ അടുത്ത കാലത്താണ് മുസ് ലിം വിവാഹമടക്കം എല്ലാ വിവാഹങ്ങളും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയുണ്ടായത്. മേൽവിവരിച്ച പ്രകാരം മറ്റേതെങ്കിലും ആചാരപ്രകാരം നടന്ന വിവാഹങ്ങൾ സംബന്ധിച്ച് ഇരുകക്ഷികളും വിവാഹ ഒാഫിസറുടെ മുമ്പാകെ ഹാജരായി ഇരുവരും ആചാരപ്രകാരം വിവാഹിതരായതുതൊട്ട് ഭാര്യാഭർത്താക്കന്മാരായി ജീവിച്ചുവരികയാണെന്ന് ഇരുവരുടെയും ആഗ്രഹപ്രകാരം വിവാഹം രജിസ്റ്റർ ചെയ്തതായി നിയമം 5ാം പട്ടികയിൽ ചേർത്ത മാതൃകയിൽ ഒരു സാക്ഷ്യപത്രം നൽകുന്നതുമാണ്. 15ാം വകുപ്പിൽ വിവരിച്ച വിവാഹം രജിസ്റ്റർ ചെയ്ത ദമ്പതികളുടെ സന്താനങ്ങളുടെ പിന്തുടർച്ചാവകാശം സംബന്ധിച്ച നിയമ വ്യാഖ്യാനത്തിലാണ് ഈ അടുത്തകാലത്ത് പല കേന്ദ്രങ്ങളിൽനിന്ന് ധാരാളം സംശയങ്ങൾ പ്രകടിപ്പിക്കുകയുണ്ടായത്.
സ്പെഷൽ മാര്യേജ് ആക്ട് 4ാം വകുപ്പനുസരിച്ച് വിവാഹ കർമാനുഷ്ഠാനം ചെയ്തവരുടെ മക്കളുടെ പിന്തുടർച്ചാവകാശം 1925ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമമനുസരിച്ചായിരിക്കുമെന്ന് സ്പെഷൽ മാര്യേജ് ആക്ട് 21ാം വകുപ്പിൽ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ ഹിന്ദു, ബുദ്ധ, സിക്ക്, ജൈന മതസ്ഥർ തമ്മിൽ സ്പെഷൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹ കർമാനുഷ്ഠാനം നടന്നാലും അവരുടെ സന്താനങ്ങളുടെ പിന്തുടർച്ചാവകാശത്തിന് 21ാം വകുപ്പ് ബാധകമല്ലായെന്ന് സ്പെഷൽ മാര്യേജ് ആക്ട് 21 എ വകുപ്പിൽ പ്രത്യേകം വിവരിച്ചിട്ടുണ്ട്. എന്നാൽ സ്പെഷൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹ കർമാനുഷ്ഠാനം ചെയ്യാതെ, ഉദാഹരണമായി ഇസ്‌ലാം മതവിശ്വാസികളായ ഭാര്യാഭർത്താക്കന്മാർ 15ാം വകുപ്പനുസരിച്ച് വിവാഹം രജിസ്റ്റർ ചെയ്താൽ അവരുടെ സന്തതിസന്താനങ്ങളുടെ പിന്തുടർച്ച ശരീഅത്ത് നിയമം അനുസരിച്ചല്ലാതെ തുല്യാവകാശം ലഭിക്കുന്ന 1925ലെ ഇന്ത്യൻ പിന്തുടർച്ചാവകാശം അനുസരിച്ചായിരിക്കുമെന്ന് കരുതുന്നത് തെറ്റാണ്. കാരണം വിവാഹ രജിസ്‌ട്രേഷൻകൊണ്ടുമാത്രം 1925ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിന്റെ പരിരക്ഷ അപ്രകാരം വിവാഹം രജിസ്റ്റർ ചെയ്തവർക്ക് ലഭിക്കില്ല. 21ാം വകുപ്പിൽ വിവാഹ കർമാനുഷ്ഠാനം ചെയ്തവരുടെ അനന്തരാവകാശികൾ ഇന്ത്യൻ പിന്തുടർച്ചാവകാശം ബാധകമാണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. സ്‌പെഷൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹം രജിസ്റ്റർ ചെയ്തവരുടെ മക്കളുടെ പിന്തുടർച്ച ഇന്ത്യൻ പിന്തുടർച്ചാവകാശമാണെന്ന് പറഞ്ഞിട്ടില്ല.
സ്പെഷൽ മാര്യേജ് ആക്ട്
18ാം വകുപ്പ്
സ്പെഷൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹ ഒാഫിസർ സാക്ഷ്യപത്രം നൽകിയാൽ അത്തരം എല്ലാ വിവാഹങ്ങളും സ്പെഷൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹ കർമാനുഷ്ഠാനം (Solemnization of Marriage) നടത്തിയതായി കണക്കാക്കണമെന്ന 18ാം വകുപ്പിലെ വ്യവസ്ഥകളെ സംബന്ധിച്ചാണ് ഏറെ സംശയം. ഇത് സംബന്ധിച്ച് 18ാം ഉപവകുപ്പ് പരിശോധിച്ചാൽ കൂടുതൽ വ്യക്തത വരുന്നതാണ്. വിവാഹ കർമാനുഷ്ഠാനവും (Solemnization of Marriage) വിവാഹ കർമാനുഷ്ഠാനമായി കണക്കാക്കുന്നതും (Deemed Solemnization) രണ്ടും രണ്ടാണ്. അവിഹിത ബന്ധത്തിൽ ജനിച്ച കുട്ടികളുടെ പിതൃത്വവും അത്തരം ദാമ്പത്യത്തിൽ ജനിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കളുടെ സ്വത്തിലുള്ള പിന്തുടർച്ചാവകാശം സംബന്ധിച്ചുള്ള പരിരക്ഷ മാത്രമാണ് വിവാഹ കർമാനുഷ്ഠാനമായി കണക്കാക്കുകയെന്ന് 18ാം ഉപവകുപ്പ് സൂക്ഷ്മ പരിശോധനയിൽനിന്ന് മനസ്സിലാവുന്നതാണ്. അതായത് സ്‌പെഷൽ മാര്യേജ് ആക്ട് പാസാക്കി നടപ്പാക്കിയില്ലെങ്കിൽ അവിഹിത ബന്ധത്തിൽ ജനിച്ച കുട്ടികളുടെ മാതാപിതാക്കളുടെ വസ്തുക്കൾ കൈവശംവയ്ക്കാനും ആർജിക്കാനുമുള്ള അവകാശമില്ലാത്ത കുട്ടികൾക്കല്ലാതെ മറ്റാർക്കും തങ്ങളുടെ സ്വത്തുക്കളിലും അവകാശം നൽകാൻ വേണ്ടി 18ാം വകുപ്പിലെ വ്യവസ്ഥകൾ വ്യാഖ്യാനിക്കരുതെന്ന് 18ാം ഉപവകുപ്പ് വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതിനാൽ 15ാം വകുപ്പനുസരിച്ച് രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം അപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ വിവാഹങ്ങളും സ്പെഷൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹ കർമാനുഷ്ഠാനം ചെയ്തതായി കണക്കാക്കണമെന്ന് വാദിക്കുന്നതും അതനുസരിച്ച് ഇന്ത്യൻ പിന്തുടർച്ചാവകാശത്തിന്റെ പരിരക്ഷ അത്തരം ദാമ്പത്യത്തിൽ ജനിക്കുന്ന കുട്ടികൾക്ക് നൽകണമെന്ന് വാദിക്കുന്നതും നിയമപരമായി നിലനിൽക്കില്ല. കാരണം ഏതോ കാലത്ത് മുസ് ലിം ആചാരപ്രകാരമോ മറ്റേതെങ്കിലും ആചാരമനുസരിച്ചോ നടന്ന വിവാഹം പിന്നീട് 15ാം വകുപ്പനുസരിച്ച് രജിസ്റ്റർ ചെയ്താൽ അത്തരം വിവാഹത്തിലെ ദമ്പതിമാരുടെ കുട്ടികൾക്ക് സ്‌പെഷൽ മാര്യേജ് ആക്ട് 21ാം വകുപ്പിൽ വിവരിച്ച പ്രകാരം 1925ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ പ്രകാരം മാതാപിതാക്കളുടെ സ്വത്തുകൾ തുല്യമായി ലഭിക്കാൻ അർഹതയുണ്ടെന്ന വ്യാഖ്യാനം തെറ്റാണ്.
സ്പെഷൽ മാര്യേജ് ആക്ട് 4ാം വകുപ്പ് പ്രകാരം വിവാഹ കർമാനുഷ്ഠാനം നടത്തിയ വിവാഹവും 18ാം വകുപ്പിൽ വിവരിച്ച വിവാഹ കർമാനുഷ്ഠാനം നടത്തിയതായി കണക്കാവുന്നതും ഒന്നല്ലയെന്നും അവ രണ്ടും രണ്ടായി മാത്രമേ നിയമപരമായി കണക്കാക്കാനൊക്കൂ എന്ന് 1974ൽ കൽക്കത്താ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ശ്രീമതി ലഘ്‌ന ഭട്ടചാർജ്ജി/ െശ്യാമാൽ ഭട്ടചാർജി (AIR 1975 Calcutta 6) കേസിൽ വിധിച്ചിട്ടുണ്ട്. മാത്രമല്ല, സ്‌പെഷൽ മാര്യേജ് ആക്ട് 18ാം വകുപ്പ് അനുസരിച്ചുള്ള വിവാഹ കർമാനുഷ്ഠാനമായി കണക്കാക്കണമെന്നുദ്ദേശിക്കുന്നത് അവിഹിത ബന്ധത്തിൽ ജനിച്ച കുട്ടികൾക്ക് അവരുടെ വിവാഹം ഏതെങ്കിലും ആചാരമനുസരിച്ച് നടത്തി സ്‌പെഷൽ മാര്യേജ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്യുന്ന വിവാഹത്തിൽ ജനിക്കുന്ന കുട്ടികൾക്ക് പിതൃത്വത്തിന് നിയമസാധുത നൽകുകയെന്നത് മാത്രമാണെന്ന് പ്രസ്തുത വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മേൽവിവരിച്ച നിയമകാരണങ്ങളാൽ മറ്റു മതാചാരപ്രകാരം കർമാനുഷ്ഠാനം ചെയ്യപ്പെട്ട ഒരു വിവാഹവും സ്പെഷൽ മാര്യേജ് ആക്ട് 24ാം വകുപ്പനുസരിച്ച് റദ്ദുചെയ്യാൻ കഴിയില്ലെന്നാണ് കൽക്കത്താ ഹൈക്കോടതിയുടെ വിധി. അതിനാൽ മറ്റു ആചാരപ്രകാരം കർമാനുഷ്ഠാനം ചെയ്യപ്പെട്ട വിവാഹങ്ങൾ റദ്ദുചെയ്തുകിട്ടാൻ ബന്ധപ്പെട്ടവർ തങ്ങൾക്ക് ബാധകമായ നിയമം അനുശാസിക്കുംവിധം കുടുംബ കോടതിയെ സമീപിക്കണമെന്നുമാണ് മേൽവിധിയുടെ ആകത്തുക. അതുകൊണ്ടുതന്നെ സ്പെഷൽ മാര്യേജ് ആക്ട് 15ാം വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്തു എന്ന കാരണത്താൽ അത്തരം വിവാഹങ്ങൾ റദ്ദുചെയ്തുകിട്ടാൻ സ്പെഷൽ മാര്യേജ് ആക്ട് 24ാം വകുപ്പ് ഉപയോഗിച്ച് നിയപരമായി സാധിക്കില്ല. എന്നാൽ സ്പെഷൽ മാര്യേജ് ആക്ട് 4ാം വകുപ്പ് പ്രകാരം കർമാനുഷ്ഠാനം ചെയ്യപ്പെട്ട വിവാഹങ്ങൾ സ്പെഷൽ മാര്യേജ് ആക്ട് 24ാം വകുപ്പ് അനുസരിച്ച് റദ്ദാക്കാൻ കോടതിക്ക് അധികാരമുണ്ട്. ഇതിൻ്റെ അർഥം സ്പെഷൽ മാര്യേജ് ആക്ട് 15ാം വകുപ്പ് അനുസരിച്ചുള്ള വിവാഹ രജിസ്ട്രേഷൻ സ്പെഷൽ മാര്യേജ് ആക്ട് 4ാം വകുപ്പ് അനുസരിച്ചുള്ള വിവാഹ കർമാനുഷ്ഠാനമല്ല എന്നതാണ്. കൽക്കത്ത ഹൈക്കോടതി മേൽവിധിയിൽ തീർപ്പുണ്ടാക്കിയതും ഇൗ നിയമപരമായ വസ്തുത അടിസ്ഥാനമാക്കിയാണ്.
(മുൻ കേരള ഡയരക്ടർ ജനറൽ ഓഫ്
പ്രോസിക്യൂഷനാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."