റിഫാ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസ് മുങ്ങിയതായി സംശയം: കടുത്ത നടപടികളിലേക്ക് അന്വേഷണ സംഘം
കാസര്‍കോട്: കോഴിക്കോട് സ്വദേശി റിഫാ മെഹ്നുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹ്നാസിനെ ചോദ്യം ചെയ്യാനാവാതെ അന്വേഷണ സംഘം. ഇനി കേസില്‍ എന്തെങ്കിലും പുരോഗതിയുണ്ടാകണമെങ്കില്‍ ഇയാളെ ചോദ്യം ചെയ്തേ മതിയാകൂ. മെഹ്നാസ് ഹാജരാവാന്‍ വൈകിയാല്‍ കടുത്ത നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഇയാളെ തേടിപോയ അന്വേഷണ സംഘത്തിന് ആളെ കണ്ടെത്താനായിരുന്നില്ല. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും ഹാജരായില്ല. തുടര്‍ന്ന് അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മെഹ്നാസിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുകയാണ്.
റിഫയുടെ മരണം അന്വേഷിക്കുന്ന ഡിവൈഎസ്പി ആണ് മെഹ്നാസിന്റെ കുടുംബത്തിന് അന്ത്യശാസനം നല്‍കിയത്.
നേരത്തെ മൊഴിയെടുക്കാനായി അന്വേഷണ സംഘം കാസര്‍കോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കാണാനായില്ല. ഇയാള്‍ ഒളിച്ചു നടക്കുകയാണെന്നാണ് പൊലിസ് ഭാഷ്യം. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് മടങ്ങി. പെരുന്നാളിന് ശേഷം മെഹ്നാസ് യാത്രയിലാണെന്നാണ് വീട്ടുകാര്‍ നല്കുന്ന വിവരം.
കഴിഞ്ഞ മാര്‍ച്ച് ഒന്നാം തീയതി രാത്രിയായിരുന്നു ദുബായ് ജാഫലിയ്യയിലെ ഫ്ളാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ മെഹ്നാസ് തന്നെയാണ് മൃതദേഹം ആദ്യം കണ്ടത്.
മരണത്തിന് രണ്ടുമാസം മുന്‍പ് ഭര്‍ത്താവിനും മകനുമൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബായില്‍ എത്തുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് ഭര്‍ത്താവ് മാത്രം യു.എ.ഇയിലെത്തി. പിന്നാലെ മകനെ നാട്ടിലാക്കിയ ശേഷം മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് റിഫയും ദുബായില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."