കോടതിയിൽ തുഷാർമേത്തയും കപിൽ സിബലും തമ്മിൽ വാഗ്വാദം
ന്യൂഡൽഹി
രാജ്യദ്രോഹ നിയമം മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹരജിക്കാരുടെ അഭിഭാഷകൻ കപിൽ സിബലുമായി വാഗ്വാദം.
വാദത്തിനിടെ കപിൽ സിബൽ ഗാന്ധിജിയെയും ജവഹർലാൽ നെഹ്‌റുവിനെയും ഉദ്ധരിച്ചപ്പോൾ നെഹ്‌റു പോലും ചെയ്യാൻ തയാറാകാത്ത കാര്യങ്ങളാണ് തങ്ങൾ ചെയ്യാൻ ശ്രമിക്കുന്നതെന്ന് തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
ഇത് ജനങ്ങളുടെ സർക്കാറാണെന്നും അതിനാലാണ് നിയമം പുനഃപ്പരിശോധിക്കാൻ തയ്യാറാകുന്നതെന്നും മേത്ത പറഞ്ഞു. മനുഷ്യാവകാശത്തെക്കുറിച്ചുള്ള മോദിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കാലഹരണപ്പെട്ട നിയമങ്ങൾ പുനഃപ്പരിശോധിക്കുന്നതെന്നും മേത്ത പറഞ്ഞു.
എന്നാൽ ഈ വാദത്തെ ഖണ്ഡിച്ച കപിൽസിബൽ, നിങ്ങൾ ഈ നിയമത്തെ പിന്തുണയ്ക്കുന്നവരാണെന്നത് മറക്കേണ്ടെന്ന് തിരിച്ചടിച്ചു. 124 എ മരവിപ്പിക്കുകയെന്ന സുപ്രിംകോടതിയുടെ ആശയത്തെ കേന്ദ്ര സർക്കാർ പിന്തുണച്ചിരുന്നില്ലെന്നും സിബൽ ചൂണ്ടിക്കാട്ടി.
നിയമം മരവിപ്പിക്കാൻ കഴിയില്ലെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമ്പോൾ അത് പൊലിസ് സൂപ്രണ്ട് തലത്തിലുള്ള ഉദ്യോഗസ്ഥർ പരിശോധിച്ചിരിക്കണമെന്നും കോടതിയെ സമീപിക്കാമെന്നുമുള്ള വ്യവസ്ഥ വയ്ക്കാമെന്നും മേത്ത വാദിച്ചു. വിനോദ് ദുവെ കേസിൽ സുപ്രിംകോടതി ഈ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മേത്ത ചൂണ്ടിക്കാട്ടി. എന്നാൽ കപിൽ സിബൽ ഇതിനെ എതിർത്തു. പൊലിസ് സൂപ്രണ്ടിനെ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് സിബൽ പറഞ്ഞു. ഈ വകുപ്പ് തന്നെ ഭരണഘടനാ വിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നും സിബൽ ആവശ്യപ്പെട്ടു. നിലവിലുള്ള കേസുകൾ തുടരാൻ അനുവദിക്കണമെന്നും അതിൽ പലതും ഭീകരത, സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗൗരവമുള്ള കേസുകളാണെന്നും മേത്ത വാദിച്ചു. ഭരണഘടനാ ബെഞ്ച് ശരിവച്ച വകുപ്പ് മൂന്നംഗ ബെഞ്ച് സ്റ്റേ ചെയ്യുന്നത് ശരിയല്ലെന്നും മേത്ത വാദിച്ചു. കോടതി ഇത് അംഗീകരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."