'രണ്ടുമുറി വീട്, വീട്ടില്‍ രണ്ട് ലൈറ്റും രണ്ട് ഫാനും; വൈദ്യുതി ബില്ല് 17,044 രൂപ' കെ.എസ്.ഇ.ബി വക ഷോക്ക് ട്രീറ്റ്‌മെന്റ്
പത്തനംതിട്ട: രണ്ടു മുറി മാത്രമുള്ള വീട്ടില്‍ ആകെയുള്ളത് രണ്ട് എല്‍.ഇ.ഡി ബള്‍ബും രണ്ടു ഫാനും. പക്ഷേ, രണ്ടു മാസത്തെ വൈദ്യുതി ബില്‍ 17,044 രൂപ. തിരുവല്ല പെരിങ്ങര പഞ്ചായത്ത് 12ാം വാര്‍ഡില്‍ ആലഞ്ചേരില്‍ വിജയനും കുടുംബത്തിനുമാണ് കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷന്‍ ഓഫിസില്‍നിന്ന് അപ്രതീക്ഷിത ഇരുട്ടടിയുണ്ടായത്.
ബില്ലിനെ കുറിച്ച് പരാതിയുമായി ചെന്നപ്പോള്‍ അധികൃതര്‍ ഡമ്മി മീറ്റര്‍ പരീക്ഷണം നടത്തിയ ശേഷം തുക അടച്ചേ തീരൂവെന്ന് നിര്‍ബന്ധം പറഞ്ഞു. തുടര്‍ന്ന് വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചതോടെ ഹൃദ്രോഗിയായ മാതാവ് അടക്കമുള്ള നിര്‍ധന കുടുംബം ഇരുട്ടില്‍ കഴിയുകയാണ്. വിജയനും ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു മക്കളും 80 വയസ് പ്രായമുള്ള മാതാവുമാണ് വീട്ടില്‍ താമസിക്കുന്നത്. വിജയന്റെ ജ്യേഷ്ഠസഹോദരന്‍ രമേശിന്റെ പേരിലാണ് വൈദ്യുതി കണക്ഷന്‍.
പ്രതിമാസം 500 രൂപയില്‍ താഴെ മാത്രം ബില്ല് വന്നിരുന്ന കൂലിപ്പണിക്കാരനായ വിജയന് രണ്ടാഴ്ച മുമ്പാണ് 17,044 രൂപയുടെ ബില്‍ മൊബൈല്‍ ഫോണ്‍ മുഖേന ലഭിക്കുന്നത്. തുടര്‍ന്ന് വിജയന്‍ കാവുംഭാഗത്തെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിലെത്തി പരാതി നല്‍കി. അംഗീകൃത ഇലക്ട്രീഷ്യനെ കൊണ്ട് വീട്ടിലെ വയറിങ് പരിശോധിപ്പിച്ച് മീറ്ററിന്റെ ഫോട്ടോ എടുത്ത് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. വീട് പരിശോധിച്ച ഇലക്ട്രീഷ്യന്‍ വയറിങ് തകരാറുകള്‍ ഇല്ലെന്ന് അറിയിച്ചതോടെ മീറ്ററിന്റെ ഫോട്ടോയെടുത്ത് വിജയന്‍ വീണ്ടും കെ.എസ്.ഇ.ബി ഓഫിസിസിലെത്തി. രണ്ടു ദിവസങ്ങള്‍ക്കകം ഉദ്യോഗസ്ഥരെത്തി മറ്റൊരു മീറ്റര്‍ കൂടി ബോര്‍ഡില്‍ സ്ഥാപിച്ചു. രണ്ടു ദിവസങ്ങള്‍ക്കു ശേഷം വീണ്ടുമെത്തിയ ഉദ്യോഗസ്ഥര്‍ പഴയ മീറ്ററിന് തകരാറില്ലെന്ന് അറിയിച്ച ശേഷം പുതുതായി സ്ഥാപിച്ച മീറ്റര്‍ തിരികെ കൊണ്ടുപോയി.
ഇതിനു പിന്നാലെയാണ് രണ്ട് ലൈന്‍മാന്‍മാരെത്തി വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചത്. മാതാവിന്റെ ആരോഗ്യനില മോശമാണെന്നും മക്കളുടെ പരീക്ഷാക്കാലം കൂടി ആയതിനാലും വൈദ്യുതിബന്ധം വിച്ഛേദിക്കരുതെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ലെന്ന് വിജയന്‍ പറയുന്നു. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന തനിക്ക് ഭീമമായ ഈ തുക അടയ്ക്കാന്‍ നിര്‍വാഹമില്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തില്‍ കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷനിലെ ഉദ്യോഗസ്ഥര്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."