കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി ഗതാഗതമന്ത്രിയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി എന്നിട്ടും പരിഹാരമായില്ല
സ്വന്തം ലേഖകൻ
തിരുവനന്തപുരം
കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കപ്പെടാതെ നീണ്ടുപോകുന്നതിനെ തുടർന്ന് മന്ത്രി ആൻ്റണി രാജുവിനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി വിവരങ്ങൾ തേടി.ഏപ്രിൽ മാസത്തെ ശമ്പള വിതരണം വൈകുന്നതിൽ സി.ഐ.ടി.യു അടക്കം തൊഴിലാളി യൂനിയനുകൾ അതൃപ്തി അറിയിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഗതാഗത മന്ത്രിയെ വിളിച്ചുവരുത്തിയത്. ഉച്ചയോടെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയ ഗതാഗതമന്ത്രി നിലവിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അടിയന്തരമായി ശമ്പളം നൽകുന്നതിന് നടപടി സ്വീകരിച്ചുവരുന്നതിനിടെ വെള്ളിയാഴ്ച വലിയൊരു വിഭാഗം ജീവനക്കാർ പണിമുടക്കിയെന്നും ഇതുമൂലം വരുമാനത്തിൽ നാലരക്കോടിയോളം രൂപ കുറഞ്ഞെന്നും ഇതും ശമ്പള വിതരണത്തെ പ്രതിസന്ധിയിലാക്കിയെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. തുടർന്ന് മുഖ്യമന്ത്രി ഇടപെട്ടെങ്കിലും വിഷയത്തിൽ പരിഹാരമുണ്ടായിട്ടില്ല.
കഴിഞ്ഞ 10ന് ശമ്പളം വിതരണം ചെയ്യുമെന്നായിരുന്നു ഗതാഗതമന്ത്രി നേരത്തെ യൂനിയനുകൾക്ക് നൽകിയ ഉറപ്പ്. എന്നാൽ ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് മന്ത്രി നിലപാട് മാറ്റി. ശമ്പള വിതരണത്തിൽ സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഇന്നലെയും മന്ത്രി ആവർത്തിച്ചതോടെയാണ് സി.ഐ.ടി.യു മുഖ്യമന്ത്രിക്ക് മുന്നിൽ പ്രശ്നം അവതരിപ്പിച്ചത്.
ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ ലഭ്യമായാൽ ഒരാഴ്ചയ്ക്കുള്ളിൽ ശമ്പളം വിതരണം ചെയ്യാനാകുമെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെൻ്റിൻ്റെ പ്രതീക്ഷ. ശമ്പള വിതരണം നീണ്ടുപോകുന്ന സാഹചര്യത്തിൽ ചട്ടപ്പടി സർവീസ് നടത്താനാണ് ജീവനക്കാർക്ക് വിവിധ യൂനിയനുകൾ നൽകിയിരിക്കുന്ന നിർദേശം. നേരത്തെ നോട്ടീസ് നൽകിയാലെ പണിമുടക്കിലേക്ക് പോകാനാകൂ എന്നതിനാലാണ് ചടപ്പടി സർവീസ് നടത്താൻ തീരുമാനിച്ചത്.ഈരീതിയിൽ സർവീസ് നടത്തിയാൽ യാത്രക്കാരുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കേണ്ട ബാധ്യത ഡ്രൈവർക്കോ,കണ്ടക്ടർക്കോ,മറ്റു ജീവനക്കാർക്കോ ഇല്ല. പകരം മാനേജ്മെൻ്റ് നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസരിച്ചു മാത്രം ജോലികൾ ചെയ്താൽ മതിയാകും. ഇതനുസരിച്ച് നിർദിഷ്ട വേഗതയിലും നിർദിഷ്ട എണ്ണം യാത്രക്കാരെ ഉൾപ്പെടുത്തിയും മാത്രമാകും സർവീസുകൾ. നഗരപരിധിയിൽ മണിക്കൂറിൽ 35 കിലോമീറ്ററാണ് ബസിന്റെ വേഗപരിധി. സ്കൂൾ പരിസരങ്ങളിൽ ഇത് പരമാവധി 20 കിലോമീറ്ററാണ്. ഈ വ്യവസ്ഥ കൃത്യമായി പാലിക്കാൻ യൂനിയനുകൾ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജനത്തിൻ്റെ യാത്ര ഇഴഞ്ഞു മാത്രം നീങ്ങുന്ന സ്ഥിതിയാകും ഇതുമൂലം ഉണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."