കെ.വി തോമസ് പ്രചാരണത്തിന് വരുന്നതിൽ സന്തോഷം: എൽ.ഡി.എഫ് കൺവീനർ വാഗ്ദാനം നൽകി സ്വീകരിക്കേണ്ട ആളല്ല
കൊച്ചി
തൃക്കാക്കരയിൽ കെ.വി തോമസ് ഇടതുപക്ഷ സ്ഥാനാർഥിക്കായി പ്രചാരണത്തിനെത്തുമെന്നത് സന്തോഷകരമായ വാർത്തയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വികസന വിഷയങ്ങളിൽ കോൺഗ്രസിൻ്റെ നിലപാട് തെറ്റാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തോമസ് എൽ.ഡി.എഫിനൊപ്പം നിൽക്കാൻ തീരുമാനിച്ചത്. എൽ.ഡി.എഫ് ആർക്കും ഒരു വാഗ്ദാനവും നൽകിയിട്ടില്ല.എന്തെങ്കിലും വാഗ്ദാനം നൽകി സ്വീകരിക്കേണ്ട ആളല്ല കെ.വി തോമസെന്ന് ജയരാജൻ പറഞ്ഞു. സോണിയാ ഗാന്ധിക്കൊപ്പം പ്രവർത്തിച്ച കെ.വി തോമസിൻ്റെ രാഷ്ട്രീയം നിശ്ചയിക്കാൻ അദ്ദേഹത്തിന് തന്നെ കഴിവും പ്രാപ്തിയുമുണ്ട്. രമേശ് ചെന്നിത്തലയ്ക്കും നാളെ ഇതേഗതി വരുമെന്നും ജയരാജൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം വികസന വിരോധികളായി മാറി. ഉന്നത നേതാക്കൾക്കു പോലും കോൺഗ്രസിനകത്ത് രക്ഷയില്ലാത്ത സ്ഥിതിയാണ്. പരാജയഭീതിയുള്ളവർ ഏത് വൃത്തികെട്ട വേഷവും കെട്ടുമെന്നതിൻ്റെ ഭാഗമായാണ് യു.ഡി.എഫ് അപരസ്ഥാനാർഥിയെ തേടിനടക്കുന്നത്. വർഗീയ ശക്തികളുമായി കൂട്ടുകൂടാൻ മടിയില്ലാത്തവരാണ് യു.ഡി.എഫ് എന്നും മതേതരത്വം ആഗ്രഹിക്കുന്നവർ ഇടതുപക്ഷത്തിനൊപ്പമാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."