ട്രോളന്‍മാരേ 'സ്റ്റാര്‍ട്ട് ആക്ഷന്‍… കാത്തിരിപ്പുണ്ട് ലക്ഷം ശമ്പളമുള്ള ജോലി; മികച്ച ട്രോളനെ നിര്‍ദ്ദേശിക്കുന്നവര്‍ക്കുണ്ട് കിടിലന്‍ ഐപാഡ് സൗജന്യം
ബംഗളൂരു: ഇപ്പോ ട്രോളുകളാണല്ലോ ട്രെന്‍ഡ്. ഉപ്പു മുതല്‍ കര്‍പ്പൂരം വരെ..അങ്ങ് പ്രസിഡന്റു മുതല്‍ ഇങ്ങ് സമൂഹത്തിന്റെ താഴേത്തട്ടിലുളളവര്‍ വരെ ട്രോളുകള്‍ക്കിരയാവാത്തവര്‍ കുറവായിരിക്കും നമ്മുടെ സമൂഹത്തില്‍. എന്നാലോ ഇത് ആസ്വദിക്കുകയാണ് നമ്മള്‍. ശരമുനയേക്കാള്‍ മൂര്‍ച്ചയേറിയ പരിഹാസങ്ങളെ വീണ്ടും വീണ്ടും ആസ്വദിക്കുന്നു നമ്മള്‍.
ട്രോളും മീമും കൊണ്ട് ആളെച്ചിരിപ്പിക്കാന്‍ മിടുക്കുള്ളവരാണോ നിങ്ങള്‍? എങ്കില്‍, നിങ്ങളെ കാത്തിരിക്കുന്നു മികച്ചൊരു തൊഴില്‍. മാസം ഒരു ലക്ഷം ശമ്പളം. ജോലിയിലേക്ക് ട്രോളന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നൊരു കമ്പനി.
ട്രേഡിങ്ഇന്‍വെസ്റ്റിങ് കമ്പനിയായ 'സ്റ്റോക്‌ഗ്രോ' ആണ് കൗതുകമുണര്‍ത്തുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 'ചീഫ് മീം ഓഫിസര്‍' എന്നാണ് തസ്തികയുടെ പേര്. ലിങ്കിഡിന്‍ വഴിയാണ് കമ്പനി ജോലി അവസരം പോസ്റ്റ് ചെയ്തത്.
സാമ്പത്തികം അടക്കമുള്ള മേഖലകളില്‍ അഭിനിവേശമുള്ള ചലനാത്മകവും സര്‍ഗ്ഗാത്മകവുമായ വ്യക്തിയായിരിക്കണം ചീഫ് മീം ഓഫിസര്‍. അവര്‍ക്ക് പരിഹാസ്യമായ നര്‍മ്മബോധവും പെട്ടെന്നുള്ള വിവേകവും കഴിവും ഉണ്ടായിരിക്കണം, ഏറ്റവും വിരസമായ സാമ്പത്തിക ആശയങ്ങളെപ്പോലും കിടിലന്‍ ട്രോളാക്കി മാറ്റാനുള്ള കഴിവ്- ബന്ധപ്പെട്ടവര്‍ പറയുന്നു.
വരട്ടെ, ലക്ഷം ശമ്പളത്തിന്റെ ജോലിക്കൊപ്പം മറ്റൊരു ഗംഭീര ഓഫറും സ്റ്റോക്‌ഗ്രോ പ്രഖ്യാപിച്ചിട്ടുണ്ട് കമ്പനി. എല്ലാ യോഗ്യതയുമൊത്ത ഉദ്യോഗാര്‍ത്ഥിയെ നിര്‍ദേശിക്കുന്നവര്‍ക്ക് കമ്പനി ഐപാഡ് സൗജന്യമായി നല്‍കും. എത്രയും ആളുകളെ റഫര്‍ ചെയ്യാന്‍ പറ്റും. നമ്മള്‍ നിര്‍ദേശിച്ച ഉദ്യോഗാര്‍ത്ഥി തിരഞ്ഞെടുക്കപ്പെട്ടാലാണ് സൗജന്യ ഐപാഡ് ലഭിക്കുക.
ഇസെഡ് തലമുറയെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു തസ്തിക സൃഷ്ടിച്ചതെന്നാണ് സ്റ്റോക്‌ഗ്രോ വൃത്തങ്ങള്‍ പറയുന്നത്. നര്‍മത്തിന്റെ മോമ്പൊടിയോടെ, മീമിന്റെ രൂപത്തില്‍ വാര്‍ത്തകളും വിവരങ്ങളും ആളുകളിലെത്തിക്കാന്‍ കഴിവുള്ളവരാകണം ഉദ്യോഗാര്‍ത്ഥികള്‍. ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം അത് കമ്പനിയുടെ ബ്രാന്‍ഡ് മൂല്യവും നിലവാരവും ഉള്‍ക്കൊണ്ടുകൂടി വേണമെന്ന് ജോലിയുടെ വിശദാംശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."