ബ്ലാക്ക് ഫംഗസ് ബാധിച്ച് അധ്യാപിക മരിച്ചു
തിരുവനന്തപുരം: കൊവിഡാനന്തരമുണ്ടായ ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍ മൈക്കോസിസ്) ബാധിച്ച് ചികിത്സയിലായിരുന്ന സ്വകാര്യ സ്‌കൂള്‍ അധ്യാപിക മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ പ്രദീപ് കുമാറിന്റെ ഭാര്യയും കന്യാകുമാരി സി.എം.ഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ അധ്യാപികയുമായ അനീഷാ പ്രദീപ് കുമാര്‍(32) ആണ് മരിച്ചത്.
ഇതേ സ്‌കൂളിലെ അക്കൗണ്ടന്റായ പ്രദീപും അനീഷയും കന്യാകുമാരി അഞ്ച് ഗ്രാമത്തില്‍ വാടകയ്ക്ക് താമസിക്കുകയാണ്. മെയ് 7ന് അനീഷയ്ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ച് രണ്ടുപേരും ഹോം ക്വാറന്റൈനില്‍ കഴിഞ്ഞു. രണ്ടു ദിവസം പിന്നിട്ടപ്പോള്‍ ശ്വാസംമുട്ടല്‍ കൂടി. പിന്നീട് നാഗര്‍കോവില്‍ മെഡിക്കല്‍ കോളജിലെത്തിച്ചു. പ്രദീപിന് രോഗലക്ഷണമില്ലാത്തതിനാല്‍ സമീപത്തെ ആയുര്‍വേദ ആശുപത്രിയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞു. 12ന് രോഗം ഭേദമായി ഇരുവരും വീട്ടിലേയ്ക്ക് വരുന്നതുവഴി അനീഷയ്ക്ക് ചെറിയ അസ്വസ്ഥതയുണ്ടായി. എങ്കിലും വീട്ടിലെത്തി. രാത്രി ആയപ്പോള്‍ ഇരു കണ്ണുകള്‍ക്കും വേദന അനുഭവപ്പെട്ടു. 13 പുലര്‍ച്ചെ വേദന കഠിനമാകുകയും വീണ്ടും നാഗര്‍കോവില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. രക്തസമ്മര്‍ദ്ദം വളരെക്കൂടുതല്‍ ആയിരുന്നു. കണ്ണിന് കൊഴുപ്പ് അടിയുകയും ചെയ്തു.
കിഡ്‌നിക്ക് ഉപ്പിന്റെ അംശവും വളരെക്കൂടുതലായി. എന്താണ് രോഗമെന്ന് ആദ്യഘട്ടത്തില്‍ മനസിലാക്കുവാന്‍ കഴിഞ്ഞില്ല. 16നാണ് ബ്ലാക്ക് ഫംഗസ് എന്ന് കണ്ടു പിടിച്ചത്. പിന്നീട് ഇതിനുള്ള കുത്തിവയ്പ് മരുന്നു തമിഴ്‌നാട്ടിലും കേരളത്തിലും അന്വേഷിച്ചുവെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് കണ്ണിന് ശസ്ത്രക്രിയ ചെയ്യുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് അനീഷയെ അയക്കുവാന്‍ നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തീരുമാനിച്ചു. 18ന് വൈകിട്ട് 6ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില മോശമായി തുടരുകയും ഇന്നലെ വൈകിട്ട് 6ന് മരണപ്പെടുകയും ചെയ്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
സംസ്‌കാരം ഇന്ന് കൊവിഡ് മാനദണ്ഡം പാലിച്ച് വീട്ടുവളപ്പില്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."