ഒന്നായി മുന്നേറാം
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഇടതുപക്ഷ നേതൃത്വത്തിലുള്ള ഭരണത്തിന് തുടര്‍ച്ചയായി ഒരു രണ്ടാമൂഴം ഉണ്ടാവുകയാണ്. ഒന്നാമൂഴത്തിന്റെ സദ്ഫലങ്ങളെ ശക്തിപ്പെടുത്തിയും സമാഹരിച്ചും സൃഷ്ടിക്കുന്ന അടിത്തറയില്‍ പുതിയ കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള ഒരു നവകേരളത്തെ കെട്ടിപ്പടുക്കുക എന്നതായിരിക്കും ഈ ഭരണത്തിന്റെ ലക്ഷ്യം. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിച്ച വിജയം ഇതിനുള്ള ജനസമ്മതിയാണ്. കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കണമെങ്കില്‍, അവകാശം നേടിയെടുക്കണമെങ്കില്‍, നമ്മുടെ നാടിന്റെ മതേതരത്വം സംരക്ഷിക്കപ്പെടണമെങ്കില്‍, അഴിമതിരഹിത വികസനം യാഥാര്‍ഥ്യമാവണമെങ്കില്‍, ക്ഷേമം പുലരണമെങ്കില്‍, കേരളത്തില്‍ പുരോഗമന ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തുടരണമെന്ന് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ വിധിയെഴുതിയിരിക്കുകയാണ്. ആ ജനവിധി പ്രാബല്യത്തിലാവുകയാണ് ഇന്ന്; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയോടെ.
വാക്കിനു വിലയുള്ള ഒരു ഇടതുപക്ഷ ജനകീയ ബദല്‍ ഇവിടെ യാഥാര്‍ഥ്യമാവണമെന്ന് കേരളത്തിലെ ജനങ്ങള്‍ കരുതുന്നു. അതുകൊണ്ടുതന്നെ, ഈ വിജയം കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. കേരളം ഒറ്റക്കെട്ടാണെന്നും ഒന്നായി നാം മുന്നേറുമെന്നും ഒന്നാമതായി തുടരുമെന്നുമുള്ള സന്ദേശമാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നല്‍കിയത്. ആ സന്ദേശം മുറുകെപിടിച്ചുകൊണ്ട് നവകേരളത്തിലേക്കുള്ള യാത്ര നമുക്ക് ഒരുമിച്ച് തുടരാം എന്ന് ഓരോ കേരളീയനോടും അഭ്യര്‍ഥിക്കുകയാണ്. ആ തുടര്‍യാത്രയ്ക്കു നാം തുടക്കം കുറിക്കുകയാണ് ഇന്ന്.
നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്താല്‍ അറബിക്കടല്‍ മുതല്‍ പശ്ചിമഘട്ടം വരെ, മലബാര്‍ എന്നോ കൊച്ചിയെന്നോ തിരുവിതാംകൂര്‍ എന്നോ വ്യത്യാസമില്ലാതെ കേരളത്തിലെ ജനങ്ങളാകെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നെഞ്ചോടു ചേര്‍ത്തുപിടിച്ചുവെന്നും ജാതി-മത, ലിംഗ-പ്രായ ഭേദമെന്യേ സംസ്ഥാനത്തുടനീളം കേരളത്തിലെ ജനങ്ങള്‍ എല്‍.ഡി.എഫില്‍ വിശ്വാസം അര്‍പ്പിക്കുന്നുവെന്നും വ്യക്തമാകും. ഇവിടെ വികസനവും ക്ഷേമവുമാണ് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍. സമാധാനവും സൈ്വരജീവിതവുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതൊക്കെ ഉറപ്പുവരുത്തുന്നവരോടൊപ്പമാണ് ജനം നില്‍ക്കുന്നത്. അതിനൊക്കെ വെല്ലുവിളികള്‍ ആകുമെന്ന് കരുതുന്നവരെയാകട്ടെ കേരള ജനത ഈ തെരഞ്ഞെടുപ്പില്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ജനങ്ങളുടെ ആഗ്രഹം സഫലമാക്കാനുള്ള യത്‌നത്തിനു സമര്‍പ്പിതമായിരിക്കും പുതിയ ഭരണം.
1957 ല്‍ ആരംഭിച്ച പ്രക്രിയയുടെ തുടര്‍ച്ചയും കാലാനുസൃതമായ വികാസവുമാണ് 2021 ല്‍ നാം കാണുന്നത്. നാടിന്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതും അതിനായി ജനതയെ ഒന്നായി ചേര്‍ത്തുനിര്‍ത്തുന്നതുമായ പുതിയ ഒരു രാഷ്ട്രീയ സമീപനം കേരളത്തില്‍ പൊതുവായി ഉയര്‍ന്നു വരേണ്ടതുണ്ട്. ഈ വിധത്തിലുള്ള ഒരു മുന്നേറ്റമാണ് അടുത്ത അഞ്ചുവര്‍ഷംകൊണ്ട് നടത്താന്‍ നാം തയാറെടുക്കുന്നത്. അതിനായി ജനങ്ങളുടെയാകെ ഒത്തൊരുമയോടെയുള്ള സഹകരണവും പ്രവര്‍ത്തനവും ഒഴിച്ചുകൂടാന്‍ ആവാത്തതാണ്.
ഒരു മഹാമാരിയുടെ നടുവിലാണ് നാം. ജനിതക മാറ്റം വന്ന നോവല്‍ കൊറോണ വൈറസിന്റെ വ്യാപനം അതിശക്തമായി തന്നെ നമ്മുടെ ഇടയില്‍ തുടരുന്നുണ്ട്. സ്വാഭാവികമായും അതിനെ ചെറുക്കാനും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനുമാണ് പ്രാധാന്യം നല്‍കുന്നത്. അതിനാവശ്യമായിട്ടുള്ളത്രയും ഓക്‌സിജനും ഐ.സി.യു കിടക്കകളും വെന്റിലേറ്ററുകളും ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ കൊവിഡ് ബാധിതരുടെ ചികിത്സയുടെയും അവരുടെ പരിചരണത്തിനു വേണ്ട അവശ്യവസ്തുക്കളുടെയും വില നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ സൗജന്യമായി എല്ലാ പ്രായത്തിലുള്ള ജനങ്ങള്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ ദുരിതത്തിലായിരിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കാനുള്ള കടമയും സര്‍ക്കാരിനുണ്ട്. അതുകൊണ്ടാണ് സാമൂഹിക അടുക്കളകളില്‍ നിന്നും ജനകീയ ഹോട്ടലുകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കുന്നത്. ലോക്ക്ഡൗണില്‍ വരുമാനമില്ലാതെ ബുദ്ധിമുട്ടുന്ന ജനതയ്ക്ക് ആശ്വാസമേകാന്‍ ഭക്ഷ്യധാന്യ കിറ്റും ക്ഷേമപെന്‍ഷനുകളും ബി.പി.എല്‍ കുടുംബങ്ങള്‍ക്കുള്ള ധനസഹായവും എല്ലാം മുടക്കം കൂടാതെ വിതരണം ചെയ്യുന്നുമുണ്ട്.
മഹാമാരി ഉയര്‍ത്തുന്ന സമാനതകളില്ലാത്ത പ്രതിസന്ധികളുടെ ഇടയിലും നാടിന്റെ മുന്നോട്ടുപോക്കിന് വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അത്യന്താപേക്ഷിതമാണ്. അവയൊക്കെ തന്നെ പൂര്‍ണമായി നിറവേറ്റുമെന്ന ഉറപ്പ് കേരള ജനതയ്ക്കു നല്‍കുകയാണ്. റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായ റെസിലിയന്റ് കേരള ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം ലോക ബാങ്കിന്റെയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെയും കണ്‍സഷണല്‍ ഫണ്ടിങ്ങായ 250 ദശലക്ഷം യു.എസ് ഡോളര്‍ പ്രയോജനപ്പെടുത്തി നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. ഇതിനു പുറമെ 210 ദശലക്ഷം യു.എസ് ഡോളറിന്റെ ഖരമാലിന്യ സംസ്‌കരണ പദ്ധതിയും ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുകയാണ്.
കഴിഞ്ഞ അഞ്ചുവര്‍ഷം കേരള ചരിത്രത്തില്‍ തന്നെ സമാനതകള്‍ ഇല്ലാത്തവയായിരുന്നു. ഒന്നിനു പുറകെ ഒന്നായി നാം പ്രതിസന്ധികളെ നേരിടുകയും അതിജീവിക്കുകയും ചെയ്തു. ഓഖി, നിപാ, പ്രളയം, കാലവര്‍ഷക്കെടുതി, ഉരുള്‍പ്പൊട്ടലുകള്‍ എന്നിവയ്‌ക്കൊക്കെ ശേഷം ഒടുവില്‍ കൊവിഡും വന്നു. അവയുടെ ഒന്നും നടുവില്‍ കേരളം തളര്‍ന്നില്ല. കേരള ജനത അവയെ എല്ലാം ധീരതയോടെ നേരിട്ടു, അതിജീവിച്ചു. ഈ മഹാമാരിയെയും നാം അതിജീവിക്കും.
ദേശീയതലത്തില്‍ തന്നെ ഉറ്റുനോക്കപ്പെടുന്ന ഒന്നാണ് കേരളത്തില്‍ നടപ്പാക്കപ്പെടുന്ന ജനകീയ ബദല്‍ നയങ്ങള്‍. കഴിഞ്ഞ തവണ സര്‍വതലസ്പര്‍ശിയും സാമൂഹിക നീതിയിലധിഷ്ഠിതവുമായ വികസനവും അതിലൂടെ നവകേരള സൃഷ്ടിയുമാണ് നാം ലക്ഷ്യമിട്ടതെങ്കില്‍ ഇപ്പോള്‍ നവകേരള നിര്‍മിതിയുടെ പുതിയൊരു ഘട്ടത്തിലേക്കു കടക്കുകയാണ്. അടിസ്ഥാന സൗകര്യ മേഖലയില്‍ കഴിഞ്ഞ സര്‍ക്കാരുണ്ടാക്കിയ മുന്നേറ്റത്തിന്റെ അടിത്തറയില്‍ സ്ഥായിയായ ഒരു വികസന മാതൃക യാഥാര്‍ഥ്യമാക്കണം. പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതോടൊപ്പം നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കുകയും വേണം. അതിനായി കേരളത്തെ വിജ്ഞാനസമൂഹമായി രൂപാന്തരപ്പെടുത്തണം. അതിനുതകുന്ന തരത്തിലുള്ള വികസന മാതൃകകള്‍ സഫലമാകുന്ന നാടായി കേരളത്തെ പരിവര്‍ത്തിപ്പിക്കണം. ഇവ ഉറപ്പുവരുത്താനാണ് ഈ സര്‍ക്കാരിലൂടെ ലക്ഷ്യമിടുന്നത്.
അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ആധുനികവും ഉയര്‍ന്ന തൊഴില്‍ശേഷിയുള്ളതുമായ ഉല്‍പാദനപരമായ ഒരു സമ്പദ്ഘടന ഇവിടെ സൃഷ്ടിക്കും. ഇന്ത്യയിലെ സ്‌കില്‍ഡ് ലേബറിന്റെ ഹബായി മാറാനുള്ള സാധ്യത കേരളത്തിനുണ്ട്. അടുത്ത 25 വര്‍ഷംകൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്രതലത്തിലെ തന്നെ വികസിത, മധ്യ വരുമാന രാഷ്ട്രങ്ങള്‍ക്ക് സമാനമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതോടൊപ്പം തന്നെ നമ്മുടെ വികസനപ്രക്രിയ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണെന്ന് ഉറപ്പുവരുത്തും. കേരളത്തെ ജീവിതഗുണമേന്മയോടും സുരക്ഷയോടുംകൂടി മനുഷ്യര്‍ക്ക് ജീവിക്കാന്‍ കൊള്ളാവുന്ന സംസ്ഥാനമാക്കി നിലനിര്‍ത്തുന്നതിന് ഉതകുന്ന ക്ഷേമ, സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇനിയും മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള വ്യക്തമായ കാര്യപരിപാടി നടപ്പിലാക്കും. പശ്ചാത്തലസൗകര്യ മേഖലയില്‍ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 60,000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. പശ്ചാത്തല സൗകര്യങ്ങള്‍ നിക്ഷേപകരെ കേരളത്തിലേയ്ക്ക് കൂടുതല്‍ ആകര്‍ഷിക്കും.
കേരളത്തിന് കൂടുതല്‍ അനുയോജ്യമായ വ്യവസായങ്ങളായി നാം കരുതുന്നത് ഐ.ടി പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളും ടൂറിസം പോലുള്ള സേവന പ്രദാന വ്യവസായങ്ങളുമാണ്. ഇതിനുപുറമെ പ്രധാനപ്പെട്ടത് സോഫ്റ്റ്‌വെയര്‍ നിര്‍മാണം പോലുള്ള നൈപുണീസാന്ദ്ര വ്യവസായങ്ങളും നമ്മുടെ വിഭവങ്ങളുടെ മൂല്യവര്‍ധിത വ്യവസായങ്ങളുമാണ്. ഉല്‍പാദനവും ഉല്‍പാദന ക്ഷമതയും വര്‍ധിപ്പിക്കാന്‍ ഉതകുന്ന ബയോടെക്‌നോളജി പോലുള്ള സാങ്കേതികവിദ്യകളുടെ വികാസവും പ്രധാനമാണ്. ഉല്‍പാദന മേഖലകളായ കാര്‍ഷിക-കാര്‍ഷികാനുബന്ധ, വ്യവസായ, സാങ്കേതിക വിദ്യാ മേഖലകളില്‍ നമ്മുടെ ശേഷികളെ മെച്ചപ്പെടുത്തും.
കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ വിജ്ഞാനസമ്പദ്ഘടനയായി പുതുക്കിപ്പണിയുന്നതിന് കൃത്യമായൊരു പരിപാടിയാണ് ഇക്കുറി കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നത്. വിജ്ഞാന സമൂഹത്തിലേക്കുള്ള പരിവര്‍ത്തനത്തിന് ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകള്‍ നടത്തുക ഉന്നതവിദ്യാഭ്യാസ മേഖലയിലാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര സര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കും വര്‍ഗീയ - അമിതാധികാര പ്രവണതകള്‍ക്കും എതിരേ കേരളം ഒരു ബദല്‍ അവതരിപ്പിക്കും. കേരളത്തിലെ സര്‍വകലാശാലകള്‍ക്കും അക്കാദമിക് സ്ഥാപനങ്ങള്‍ക്കും നൂതന സാങ്കേതിക വിദ്യാ മേഖലകളോടു സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള വഴിയൊരുക്കും. അവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സ്റ്റാര്‍ട് അപ്പുകള്‍ ആരംഭിക്കുന്നതിനും ഹൈടെക്‌നോളജി സംരംഭങ്ങളിലേര്‍പ്പെടുന്നതിനും പ്രോത്സാഹനം നല്‍കും. അങ്ങനെ അടുത്ത മൂന്നു മുതല്‍ അഞ്ചുവര്‍ഷം കൊണ്ട് കേരളത്തിലെ ഐ.ടി കയറ്റുമതിയുടെ മൂല്യം ഇരട്ടിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത്തരത്തിലുള്ള ഒരു പുതിയ വികസനപാതയിലേക്കു പുരോഗമിക്കുന്നതിന് കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തെ ശക്തിപ്പെടുത്തേണ്ടത് അതിപ്രധാനമാണ്. സുസ്ഥിരവികസനം എന്ന ലക്ഷ്യം നേടുന്നതിന് അത്യന്താപേക്ഷിതമാണ് നമ്മുടെ നാട്ടിലെ സമാധാന അന്തരീക്ഷം കുറേക്കൂടി മെച്ചപ്പെടുത്തുക എന്നത്. ആഗോളവല്‍ക്കരണ പ്രക്രിയയ്ക്കു സഹായകരമാകുന്ന വര്‍ഗീയ-വിദ്വേഷ സമീപനങ്ങളെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. കേരളം മുന്നോട്ടുവയ്ക്കുന്ന ജനകീയ ബദല്‍ പ്രാവര്‍ത്തികമാക്കുന്നതിന് അത് അനിവാര്യമാണ്.
രാജ്യമൊട്ടാകെ ഈ ഘട്ടത്തില്‍ കേരളമെന്താണ് ചെയ്യുന്നത് എന്നറിയാന്‍ ഉറ്റുനോക്കുകയാണ്. നമ്മുടെ ജനകീയ ബദലില്‍ പ്രത്യാശവയ്ക്കുന്ന ആളുകളുടെ എണ്ണം രാജ്യത്തു തന്നെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ, ഈ ബദലിനെ കൂടുതല്‍ ജനകീയമായി വിപുലീകരിച്ച് ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള കാര്യപരിപാടികളായിരിക്കും എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കുക. ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന അഭൂതപൂര്‍വമായ പിന്തുണ ഞങ്ങളെ കൂടുതല്‍ ഉത്തരവാദിത്വബോധമുള്ളവരാക്കുകയാണ്. ഞങ്ങളില്‍ നിന്ന് ജനം എന്താണ് പ്രതീക്ഷിക്കുന്നത് എന്നു വ്യക്തമാണ്. കഴിഞ്ഞ സര്‍ക്കാരിനെപോലെ തന്നെ കൂടുതല്‍ വിനയത്തോടെ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കാനാണ് ഈ സര്‍ക്കാരും ശ്രമിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."