വിശ്വാസികൾക്കായി കൂടുതൽ സൗകര്യങ്ങൾ; രണ്ടായിരത്തിലേറെ പള്ളികൾ റമദാനിനെ വരവേൽക്കാൻ ഒരുങ്ങിയതായി ഖത്തർ
ദോഹ: വിശുദ്ധിയുടെ നാളുകൾ പടിവാതിലിൽ നിൽക്കെ വിശ്വാസികൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കി ഖത്തർ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം. വിശ്വാസികൾക്ക് ആരാധന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനായി രാജ്യത്തുടനീളം രണ്ടായിരത്തിലധികം പള്ളികൾ തയ്യാറാക്കിയതായി ഔഖാഫ് അറിയിച്ചു.
2,150 പള്ളികളും റമദാനിൽ വിശ്വാസികളെ സ്വീകരിക്കാൻ സജ്ജമാണെന്ന് മന്ത്രാലയത്തിലെ റിലീജിയസ് കോൾസ് ആൻഡ് മോസ്‌ക് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മുഹമ്മദ് ഹമദ് അൽ കുവാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 120 ഓളം മസ്ജിദുകളിൽ സ്ത്രീകളുടെ പ്രാർത്ഥനാ സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള നിരവധി പള്ളികളിൽ സ്ത്രീകൾക്കായി കൂടുതൽ പ്രത്യേക മേഖലകൾ ക്രമീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.
നോമ്പുകാർക്ക് ഇഫ്താർ ഭക്ഷണവും, ആവശ്യക്കാർക്ക് അത്താഴത്തിനും മറ്റും ഉപകാരപ്രദമാകുന്ന രീതിയിൽ ഭക്ഷണ കൊട്ടയും, എല്ലാ പ്രായക്കാർക്കും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മത്സരങ്ങൾ, മതപ്രഭാഷണങ്ങൾ എന്നിവ ഉൾപ്പെടെ ആ നിരവധി പ്രവർത്തനങ്ങൾ പള്ളികൾ കേന്ദ്രീകരിച്ച് മന്ത്രാലയം സംഘടിപ്പിക്കും.
റമദാനിലെ അവസാന 10 ദിവസങ്ങളിൽ പള്ളിയിൽ ഇരിക്കുന്ന സമ്പ്രദായമായ ഇഅ്തികാഫിന് ഒരു കൂട്ടം മസ്ജിദുകൾ ഉണ്ടായിരിക്കുമെന്നും മുഹമ്മദ് ഹമദ് അൽ കുവാരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."