HOME
DETAILS

ഒഴിവാക്കാമായിരുന്നു, തുറന്ന വേദിയിലെ ചടങ്ങ്

  
backup
May 19 2021 | 19:05 PM

6546846985-2

 


പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം ഊഴത്തിന് നാന്ദി കുറിച്ചുകൊണ്ട് ഇന്നു ഉച്ചക്ക് 3.30ന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുകയാണ്. രാജ്യം കൊവിഡ് മഹാമാരിയില്‍ മുങ്ങിക്കിടക്കുമ്പോള്‍, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് പൊതുവേദിയില്‍ 500 പേരെ പങ്കെടുപ്പിച്ചു നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങ് പിന്‍വലിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സുപ്രിംകോടതിയിലും കൊച്ചി സ്വദേശി അഡ്വ. അനില്‍ തോമസ്, ചടങ്ങില്‍ ആളുകളെ കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കത്തും നല്‍കിയിരുന്നു. 500 പേരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും 400ല്‍ താഴെ പേര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ എന്ന് സര്‍ക്കാര്‍ വിശദീകരണവും നല്‍കിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിച്ചുകൊണ്ടു മാത്രമേ ചടങ്ങ് നടത്തുകയുള്ളൂവെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. സര്‍ക്കാര്‍ വിശദീകരണം പരിഗണിച്ചുകൊണ്ട് ഹൈക്കോടതി ഇന്നലെ സര്‍ക്കാരിനോട് സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളുകളെ കുറയ്ക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്.


രാജ്യത്ത് കൊവിഡ് ബാധിതരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഇപ്പോഴും കേരളമുണ്ട്. ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിട്ടും രോഗവര്‍ധനയില്‍ യാതൊരു ശമനവും കാണാത്തതിനെത്തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ ഒന്ന് തലസ്ഥാന നഗരിയായ തിരുവനന്തപുരമായിരുന്നു. എന്നാല്‍ അതേ ജില്ലയില്‍ തന്നെയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മാത്രമല്ല, കൊവിഡ് പ്രോട്ടോക്കോള്‍ തന്നെ പരസ്യമായി ലംഘിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതൊക്കെയും സര്‍ക്കാര്‍ നേതൃത്വത്തിലാണ് നടക്കുന്നത്. ഒരു വശത്ത് ജനങ്ങളോട് കര്‍ശനമായ നിയന്ത്രണം പാലിക്കാന്‍ പറയുകയും മറുവശത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ അതു പരസ്യമായി ലംഘിക്കുകയും ചെയ്യുക. ഇടത് മുന്നണി സര്‍ക്കാരിന്റെ തുടര്‍ഭരണത്തെ സ്വാഗതം ചെയ്ത ബഹുഭൂരിഭാഗം ജനങ്ങളുടേയും പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നതായിരുന്നു സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍.


കെ.ആര്‍ ഗൗരിയുടെ നിര്യാണത്തെത്തുടര്‍ന്ന് ലോക്ക്ഡൗണില്‍ ഇളവു വരുത്തിയാണ് സര്‍ക്കാര്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്ക് തുടക്കമിട്ടത്. കേരളം കണ്ട മികച്ച രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖ സ്ഥാനത്തുള്ള കെ.ആര്‍ ഗൗരിയോടുള്ള ആദരസൂചകമായിട്ടായിരുന്നു കേരള ജനത ലോക്ക്ഡൗണ്‍ ഇളവിനെ വിമര്‍ശിക്കാതിരുന്നത്. എന്നാല്‍ ഇതൊരു പഴുതാക്കി മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചതിലൂടെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് പുറത്തായത്. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ഇടതുപക്ഷ അനുകൂലികളായ സാധാരണക്കാരില്‍ നിന്നുപോലും രൂക്ഷമായ എതിര്‍പ്പാണ് ഉയര്‍ന്നത്. ഇടതുമുന്നണി സര്‍ക്കാര്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം ഉറപ്പാക്കിയിട്ടും അതിന്റെ ആഘോഷങ്ങള്‍ വേണ്ടെന്നുവച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ പൊതുസമൂഹത്തില്‍നിന്നു വന്‍ സ്വീകാര്യതയാണ് ഉണ്ടായത്. ആഘോഷം വീടുകളില്‍ മതിയെന്ന തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെടുകയുമുണ്ടായി. ഭരണാരംഭത്തില്‍ തന്നെ മാതൃകപരമായ തീരുമാനമെടുത്തതിലൂടെ എതിരാളികളുടെ ആദരവ് പോലും നേടിയെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.


ഇത്തരം നടപടികളിലൂടെ സര്‍ക്കാര്‍ അനുകൂല പൊതുവികാരം നിലനില്‍ക്കുമ്പോഴാണ് അതെല്ലാം തട്ടിത്തെറിപ്പിച്ചു മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആര്‍ഭാടപൂര്‍വം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 750 പേര്‍ക്ക് പ്രവേശനം നല്‍കാന്‍ ഉദ്ദേശിച്ച സത്യപ്രതിജ്ഞാ ചടങ്ങ് വ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന് അഞ്ഞൂറ് പേരില്‍ ഒതുക്കുകയായിരുന്നു. എന്നിട്ടും പ്രതിഷേധം അവസാനിക്കാതിരുന്നപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞ ന്യായം പതിനായിരം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള പന്തലില്‍ 500 പേരെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പ്രവേശിപ്പിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു. വാദത്തിനുവേണ്ടി സര്‍ക്കാര്‍ പറയുന്നത് അംഗീകരിക്കാം, സര്‍ക്കാര്‍ പറയുന്നത് ശരിയുമായിരിക്കാം.


പക്ഷേ വീട്ടില്‍ പോലും കുടുംബാംഗങ്ങള്‍ അകലം പാലിച്ചുവേണം കഴിയേണ്ടതെന്നും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കരുതെന്നും വീട്ടിനുള്ളിലും മാസ്‌ക് ധരിക്കണമെന്നും നിരന്തരം ജനങ്ങളെ ഉദ്‌ബോധിപ്പിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു എ.കെ.ജി സെന്ററില്‍ ഇടതുമുന്നണി നേതാക്കള്‍ യാതൊരു വിധത്തിലുമുള്ള അകലവും പാലിക്കാതെ, മുഖ്യമന്ത്രിയുടെ കേക്ക് മുറിയാഘോഷത്തില്‍ പങ്കെടുത്തതും മുഖ്യമന്ത്രി നീട്ടിയ കേക്കിന്‍ കഷ്ണം കൈനീട്ടി വാങ്ങി അകലം പാലിക്കാതെ അവിടെ വച്ചുതന്നെ കഴിച്ചതും.ഭരണാധികാരികള്‍ക്കൊരു നയമെന്നും ഭരിക്കപ്പെടുന്നവര്‍ക്ക് മറ്റൊരു നയമെന്നുമുള്ള ആരോപണം എ.കെ.ജി സെന്ററിലെ കേക്ക് മുറിയോടെ സര്‍ക്കാര്‍ ശരിവയ്ക്കുകയായിരുന്നില്ലേ? മരുന്നു വാങ്ങാന്‍ പുറത്തിറങ്ങിയ വൃദ്ധനെ മതിയായ രേഖകള്‍ ഇല്ലെന്ന് പറഞ്ഞ് പൊലിസ് തിരിച്ചയക്കുകയും മരുന്നു വാങ്ങാന്‍ കഴിയാതെ വീട്ടിലേക്ക് തിരികെ നടന്ന ആ മനുഷ്യന്‍ വീട്ടുപടിക്കല്‍ കുഴഞ്ഞുവീണ് മരിച്ചതും ഈ ലോക്ക്ഡൗണില്‍ തന്നെ നടന്നതാണ്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ജനമധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ വലിയ അപാകതയില്ലെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. ഈ യുക്തി അറിയാതെ പോയവരാണോ ബംഗാളില്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമതാ ബാനര്‍ജിയും തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം.കെ സ്റ്റാലിനും. ഇരു സംസ്ഥാനങ്ങളിലും കേരളത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റുകളും എം.എല്‍.എമാരും ഉണ്ട്. എന്നിട്ടും ഇരു മുഖ്യമന്ത്രിമാരും എത്ര ലളിതമായാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.


അമ്പതിനായിരം ആളുകളെ ഉള്‍കൊള്ളാന്‍ കഴിയുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 500 പേരെ പ്രവേശിപ്പിക്കുന്നത് ചെറിയ കാര്യമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പക്ഷേ കൊറോണ വൈറസിന് മുഖ്യമന്ത്രിയുടെ ന്യായീകരണം ബോധ്യപ്പെടണമെന്നില്ലല്ലോ?


കൊവിഡ് രണ്ടാംതരംഗം കേരളത്തില്‍ ഉഗ്രരൂപമായതിന്റെ പ്രധാന കാരണം തെരഞ്ഞെടുപ്പുവേളയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പരസ്യമായി ലംഘിച്ചതിനാലായിരുന്നു. സംസ്ഥാനം ഇപ്പോഴും രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലാണ് താനും. വീണ്ടും ലോക്ക്ഡൗണ്‍പ്രഖ്യാപിച്ചതിനെത്തുടര്‍ന്നും തീവ്രവ്യാപനമുണ്ടായിരുന്ന നാലുജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതിനാലും രോഗത്തിന്റെ വ്യാപനം കുറഞ്ഞുവരികയായിരുന്നു. ഇതേ സന്ദര്‍ഭത്തില്‍ തന്നെയാണ് യാതൊരു തത്വദീക്ഷയും പാലിക്കാതെ, വീണ്ടുമൊരു തീവ്രവ്യാപനത്തിനു ഇടയാക്കിയേക്കാവുന്ന സത്യപ്രതിജ്ഞാ ചടങ്ങിനു സര്‍ക്കാര്‍ ഒരുങ്ങിയിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിച്ച് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ സുപ്രിംകോടതിയും ഹൈക്കോടതിയും അനുമതി കൊടുത്താല്‍ തന്നെയും ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരെന്ന നിലക്ക് ഒരു വലിയ വേദിയിലെ ചടങ്ങ് ഒഴിവാക്കുകയായിരുന്നു വേണ്ടിയിരുന്നത്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ജനമധ്യത്തില്‍ തന്നെ വേണമെന്ന് ഭരണകൂടത്തിന് ആഗ്രഹിക്കാം, അതുപക്ഷേ ജനങ്ങളുടെ നെഞ്ചില്‍ ചവിട്ടിയാകരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  9 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  9 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  9 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  9 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  9 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  9 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  9 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  9 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  9 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  9 days ago