ബ്ലാക്ക് ഫംഗസ്: കാഴ്ചശക്തി നഷ്ടപ്പെട്ട അവസ്ഥയില്‍ കോഴിക്കോട് മെഡി. കോളജില്‍ പ്രവേശിപ്പിച്ചത് 4 പേരെ
ഏഴ് പേര് ചികിത്സയില്‍
മെഡിക്കല്‍ കോളജ്: ആറ് മാസത്തിനിടെ ബ്ലാക്ക് ഫംഗസ് (മ്യൂകര്‍മൈകോസിസ്) ബാധയെത്തുടര്‍ന്നു പൂര്‍ണമായി കാഴ്ചശക്തി നഷ്ടപ്പെട്ട അവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത് 4 പേരെ.
മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുമ്പോള്‍ കൊവിഡ് നെഗറ്റിവായിരുന്നെങ്കിലും ഇവര്‍ക്കു നേരത്തേ കൊവിഡ് പോസിറ്റിവാകുകയും പിന്നീട് നെഗറ്റിവ് ആയതുമാകാമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം നിലവില്‍ ഏഴ്പേര് ബ്ലാക്ക് ഫംഗസ് ബാധിച്ചു ചികിത്സയിലുമുണ്ട്. ഇതില്‍ രണ്ട് പേര് കോഴിക്കോട് സ്വദേശികളും നാല്പേര് മലപ്പുറം സ്വദേശികളും ഒരാള്‍ തമിഴ്നാട് സ്വദേശിയുമാണ്. നിലവില്എല്ലാവരും കൊവിഡ് പോസിറ്റിവാണ്. ഇതില്‍ അഞ്ചുപേരെ ഇനി ശസ്ത്രക്രിയയ്ക്കു വിധേയരാക്കും. കഴിഞ്ഞ ദിവസം ഒരു രോഗിയുടെ മൂക്കിന്റെ വശത്തുനിന്ന് ബ്ലാക്ക് ഫംഗസ് ഇ.എന്‍.ടി വിഭാഗം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു.
കൊവിഡ് ചികിത്സയുടെ ഭാഗമായി അമിതമായി സ്റ്റിറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതാണ് ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള ഒരു കാരണമായി വിലയിരുത്തുന്നത്. സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ അതു ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യും. അതിനാല്‍ സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുന്നതിനൊപ്പം പ്രമേഹം നിയന്ത്രിക്കണമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ട ചികിത്സയ്ക്കിടെ പ്രതിരോധ ശക്തി കുറയുമ്പോഴാണ് ബ്ലാക്ക് ഫംഗസ് ഉണ്ടാകുന്നത്.
മൂക്കിന്റെ വശങ്ങളിലെ സയിനസുകളിലാണ് ഇതു കാണാറുള്ളതെന്നും യഥാസമയം ചികിത്സ നല്‍കിയില്ലെങ്കില്‍ ഇതു തലയോട്ടിയിലേക്കും കണ്ണിലേക്കും ബാധിക്കാനുള്ള സാധ്യത ഏറെയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."