പിണറായി കരുത്തനായ നേതാവ്, കെ റെയിലിനെ അനുകൂലിച്ച് കെ.വി തോമസ്
തൃക്കാക്കര: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും കെ റെയില്‍ പദ്ധതിയെ അനുകൂലിച്ചും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. കേരളത്തിന്റെ പുരോഗതിക്കും, സംസ്ഥാന ഗതാഗത വികസനത്തിനും കെറെയില്‍ പദ്ധതി ആവശ്യമാണ്. ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സില്‍വര്‍ ലൈന്‍ പോലെയുള്ള ഹൈ സ്പീഡ് വികസന പദ്ധതികള്‍ വേണമെന്നും കെ.വി തോമസ് പറഞ്ഞു.
പുതിയ പദ്ധതികള്‍ അവതരിപ്പിക്കുമ്പോള്‍ എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. കൊച്ചി മെട്രോ അടക്കമുള്ള വിവിധ പദ്ധതികള്‍ പല പ്രതിസന്ധികള്‍ തരണം ചെയ്താണ് യാഥാര്‍ഥ്യമായത്. പ്രതിസന്ധികള്‍ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ കരുത്തുള്ള ജന നായകന്മാര്ക്ക് മാത്രമേ കഴിയൂ എന്നും പിണറായി വിജയന് ആ കരുത്തുണ്ടെന്നും കെ.വി തോമസ് പറഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ജനം വികസനത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് അവസാന ദിവസങ്ങളില്‍ വൈറ്റിലയില്‍ ഒരു കല്ലിട്ടു, തൊട്ടപ്പുറത്തും ഒരു കല്ലിട്ടു. പക്ഷേ കല്ലൊന്നും പാലമായില്ല. എന്നാല്‍ ആ കല്ലുകളിലെല്ലാം പട്ടി മൂത്രമൊഴിക്കും മുമ്പ് പിണറായി വിജയന് അതെല്ലാം മേല്‍പ്പാലമാക്കി മാറ്റിയെന്നും കെ.വി. തോമസ് പരിഹസിച്ചു. പാലാരിവട്ടത്ത് നടക്കുന്ന എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെ.വി തോമസ് വേദിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."