റബർ പറയേണ്ട രാഷ്ട്രീയം!
കെ.പി നൗഷാദ് അലി
കർഷക നിയമങ്ങൾക്കെതിരേ സമരം നടത്തിയ കൃഷിക്കാർക്ക് കേന്ദ്രം നൽകിയ ഉറപ്പുകൾ പാലിച്ചില്ല എന്നാരോപിച്ച് ഡൽഹിയിൽ പതിനായിരങ്ങൾ പ്രതിഷേധ സംഗമം നടത്തുമ്പോൾ കേരളത്തിലെ കർഷകരോഷം ബി.ജെ.പി ആവശപൂർവം വരവേൽക്കുന്ന വൈരുധ്യമാണ് ഇന്ത്യൻ രാഷ്ട്രീയം. കാർഷിക വിപണി കേന്ദ്രീകൃത മൂലധന ഉൽപ്പാദനത്തിനു വേണ്ട അസംസ്‌കൃത വസ്തുക്കളുടെ കമ്പോളമായി മാറിയിട്ടുണ്ട്. കർഷക താൽപര്യങ്ങൾ ഹനിക്കപ്പെടുന്ന സാഹചര്യം ഉരുത്തിരിയുന്നത് അവിടെയാണ്. കോർപറേറ്റ് താൽപര്യങ്ങളുടെ മുൻതൂക്കത്തിൽ നീങ്ങുന്ന സർക്കാരുകൾ കർഷകർക്കു നേരെ കണ്ണടയ്ക്കാൻ തയാറാകുന്നു.
കേരളത്തിലെ മലയോര കർഷകർ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്. ഏലം, കാപ്പി, കുരുമുളക്, റബർ തുടങ്ങിയവ വലിയ വിലയിടിവ് നേരിടുകയാണ്. റബർവില കഴിഞ്ഞ ഒരു വർഷത്തെ ഏറ്റവും വലിയ തകർച്ചയിലാണ്. വന്യജീവികൾ വിളകൾക്ക് പുറമേ കർഷകരുടെ ജീവനും വലിയ ഭീഷണി സൃഷ്ടിക്കുന്നു. നായാട്ടും മൃഗയ വിനോദങ്ങളും പ്രചാരത്തിലുണ്ടായിരുന്ന അരനൂറ്റാണ്ടു മുമ്പ് രൂപപ്പെട്ട വനം വന്യജീവി നിയമത്തിലെ സാങ്കേതികത്വങ്ങൾ കർഷകർക്ക് വിലങ്ങുതടി തീർക്കുകയാണ്. പ്രായോഗിക സമീപനമില്ലാത്ത ഉദ്യോഗസ്ഥർ സ്ഥിതി വഷളാക്കുകയാണ്. ബഫർ സോണും കുടിയിറക്ക് ഭീഷണിയും തീർക്കുന്ന മാനസിക സമ്മർദം സ്ഥിതിഗതികളെ കൂടുതൽ രൂക്ഷമാക്കുന്നു. ചകിതരായ ഇരകളിൽ 'സ്റ്റോക്ക് ഹോം സിൻഡ്ര'ത്തിന്റെ സാധ്യതകൾ ഭരണാധികാരികൾ ആരായുകയാണ്.
റബർ കൃഷിയും വ്യവസായവും
പതിമൂന്ന് ലക്ഷം കുടുംബങ്ങൾ റബർ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഒന്നരദശകം മുമ്പുവരെ രാജ്യത്തെ ഉപഭോഗത്തിന് ആനുപാതികമായി നാം റബർ ഉൽപ്പാദിപ്പിച്ചുപോന്നിരുന്നു. എന്നാൽ നിലവിൽ ഉൽപ്പാദനത്തിന്റെ ഇരട്ടിയോളം റബർ ഇന്ത്യക്ക് ആവശ്യമുണ്ട്. അപ്പോഴും കർഷകർ ഇരുട്ടിലാകുന്നതിന്റെ കോർപറേറ്റ് സൂത്രവാക്യങ്ങൾ കൗശലം നിറഞ്ഞതാണ്.
ഏഴര ലക്ഷം ടൺ സ്വാഭാവിക റബറാണ് വർഷംപ്രതി കൃഷിയിലൂടെ നാം ഉൽപ്പാദിപ്പിക്കുന്നത്. ഏഴു ലക്ഷം ടൺ സിന്തറ്റിക് റബർ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. റബറിന്റെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ വർധിപ്പിച്ചിട്ടുണ്ടെങ്കിലും അതു സിന്തറ്റിക് റബറിനു ബാധകമല്ല. സ്വാഭാവിക റബറും കോംപൗണ്ട് റബറുമാണ് ആ പരിധിയിൽ വരുന്നത്. കോംപൗണ്ട് റബറിന്റെ 90% വും സ്വാഭാവിക റബറാണ്.
1947 മുതൽ രാജ്യത്ത് നിലനിന്നിരുന്ന റബർ ആക്ട് റദ്ദുചെയ്ത് 2022ൽ കേന്ദ്രസർക്കാർ റബർ പ്രമോഷൻ ആന്റ് ഡവലപ്പ്‌മെൻ്റ് ബിൽ കൊണ്ടുവന്നിട്ടുണ്ട്. റബർ കർഷകന്റെ അവസാന പ്രതീക്ഷയും കാറ്റിൽപ്പറത്തി കോർപറേറ്റ് ഇംഗിതത്തിനു വഴങ്ങിയാണ് ബിൽ പുറത്തിറങ്ങിയത്. ഇതോട് കൂടി റബർ കൃഷിയും ഉൽപ്പാദനവും വ്യവസായവുമെല്ലാം ഇനി മുതൽ യൂനിയൻ ലിസ്റ്റിലേക്കോ കൺകറൻ്റ് ലിസ്റ്റിലേക്കോ മാറും. റബർ ഒരു കാർഷിക ഉൽപന്നം എന്നത് മാറി വ്യാവസായിക ഉൽപ്പന്നമായി നിർവചനംതന്നെ മാറ്റപ്പെടുകയാണ്. ഇതോടെ ചങ്ങമ്പുഴ കവിതയായ 'വാഴക്കുല'യിലെ അടിയ കുടുംബത്തിന്റെ സ്ഥിതിയിലേക്ക് കർഷകരെ തരംമാറ്റുകയാണ്.
റബർ ഒരു കാർഷിക ഉൽപ്പന്നമായി മാറുന്നതോടെ കൃഷിക്കാരൻ എന്ന പരിഗണനയിൽനിന്ന് കർഷകൻ പുറത്താവുകയാണ്. ലോക വ്യാപാര സംഘടനയ്ക്ക് മുന്നിലും അന്താരാഷ്ട്ര വാണിജ്യ കരാറുകളിലും കൃഷിക്കും കർഷക ഉൽപ്പനങ്ങൾക്കും ലഭിക്കുന്ന പ്രത്യേക പരിരക്ഷയിൽ നിന്ന് റബർ വൈകാതെ ബഹിഷ്‌കൃതമാവും. റബർ ബോർഡിന്റെ അധികാരങ്ങൾ സമ്പൂർണമായി ബിൽ കവർന്നെടുക്കുന്നു. റബർ മേഖലയിലെ കോർപറേറ്റ് താൽപര്യങ്ങൾക്ക് മുമ്പിലെ വലിയ തടസ്സം റബർ ബോർഡായിരുന്നു. കർഷക താൽപര്യം സംരക്ഷിച്ചുകൊണ്ട് സർക്കാർ വ്യവസായ സംയോജനം റബർ ബോർഡ് വിജയകരമായി സാധ്യമാക്കിയിരുന്നു. വില തകർച്ചയുണ്ടാവുമ്പോൾ റബർ ബോർഡ് വിപണിയിൽ ഇടപെടുകയും താങ്ങുവില നൽകി സംഭരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇനി മുതൽ ഇത് ചെയ്യാനാകില്ല. സമാനമായി ഇറക്കുമതി കയറ്റുമതി സംഭരണ മേഖലകളിലെ സംരംഭങ്ങൾക്ക് റബർ ബോർഡിന്റെ അനുമതി വേണമെന്ന വ്യവസ്ഥയും എടുത്തുകളഞ്ഞു. ഇതോടുകൂടി ഇറക്കുമതി നിർബാധമായി നടക്കാനുള്ള സാഹചര്യം തെളിഞ്ഞിരിക്കുകയാണ്. റബർ മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ തീരുമാനങ്ങളും റബർ ബോർഡിന്റെ വിദഗ്ധ പാനൽ അനുമതിയോടു കൂടിയാവണമെന്ന ആക്ടിലെ വ്യവസ്ഥയും പുതിയ ബിൽ റദ്ദ് ചെയ്തിട്ടുണ്ട്.
പ്രതിരോധം, ഓട്ടോമൊബൈൽ, യന്ത്രവൽകൃത വ്യവസായങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും റബർ ഒരു അനിവാര്യ അസംസ്‌കൃത ഘടകമാണ്. അടുത്ത ദശകത്തോട് കൂടി റബർ ഉപഭോഗം നിലവിലുള്ളതിന്റെ ഇരട്ടിയും 2040ൽ മൂന്നിരട്ടിയുമായി വർധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ പ്രവിശാലമായ കമ്പോളത്തിൽ കർഷകന്റെ ഗദ്ഗദത്തിനു പകരം ലാഭഗോപുരത്തിന്റെ ഉയർച്ച മാത്രം ലക്ഷ്യമിട്ടാണ് ബി.ജെ.പി സർക്കാർ റബർ ബിൽ തയാറാക്കിയിട്ടുള്ളത്. ഇന്ത്യയിൽ നിന്നുള്ള റബർ കയറ്റുമതിക്ക് കർശനമായ ഗുണനിലവാര വ്യവസ്ഥകൾ ബില്ലിൽ വ്യവസ്ഥ ചെയ്യുമ്പോൾ ഇറക്കുമതിക്ക് ഗുണനിലവാര വ്യവസ്ഥ ബാധകമേ അല്ല. നിലവാരം കുറഞ്ഞ എന്തും തുച്ഛമായ വിലക്ക് സ്വരൂപിക്കാനുള്ള കോർപറേറ്റ് താൽപര്യങ്ങളാണ് ബില്ലിൽ നിഴലിക്കുന്നത്.
പൂർണാർഥത്തിൽ ഇവ നിയമമാവുന്നതോടെ കർഷകരുടെ ദുരിതം വലിയ മുറിപ്പാടായി മാറും. കോർപറേറ്റുകളെ പ്രീണിപ്പിക്കാൻ ഇത്രമാത്രം പ്രതിലോമകരമായി റബർ കർഷകരോട് പെരുമാറുന്ന കേന്ദ്ര സർക്കാറിനും ബി.ജെ.പിക്കും മുന്നിൽ പ്രതിഷേധമുയർത്തുന്നതിനു പകരം 'തൊമ്മി' കളായി ചുരുണ്ടുകൂടി നിൽക്കുന്നത് ആത്മഹത്യാപരമാണ്. ഉത്തരേന്ത്യയിലെ കർഷക സമരവും രാകേഷ് ടിക്കായത്തും ഇക്കാര്യത്തിൽ മാതൃകയാണ്.
ലോകത്തെ റബർ ഉൽപ്പാദക രാജ്യങ്ങളിലെ ആദ്യ സ്ഥാനങ്ങളിൽ ഇന്ത്യയുണ്ട്. എന്നാൽ വ്യാവസായിക ആവശ്യങ്ങൾക്കുള്ള വ്യത്യസ്തയിനം സിന്തറ്റിക് കോംപൗണ്ട് റബറുകൾക്ക് ഇന്ത്യക്ക് ഇറക്കുമതി മാത്രമാണ് ആശ്രയം. നൈട്രൈൽ സിന്തറ്റിക്ക് റബർ ലോകത്ത് ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. മെയ്ക്ക് ഇൻ ഇന്ത്യ മുദ്രാവാക്യങ്ങൾക്ക് ഇവിടങ്ങളിൽ പ്രസക്തിയില്ല എന്നുവേണം കരുതാൻ. യാന്ത്രിക രാസോർജ സങ്കലനം വഴിയും കോ പോളിമറൈസേഷൻ, വിനൈൽ മോണോമേർസ്, റാഡിക്കൽ പോളിമറൈസേഷൻ, സൾഫർ വൾക്കനൈസേഷൻ തുടങ്ങി വിവിധ ഫ്യൂഷനുകളിലൂടെയും രൂപപ്പെടുത്തുന്ന വ്യത്യസ്ത സിന്തറ്റിക്ക് റബർ ഉൽപ്പന്നങ്ങളുടെ കാര്യത്തിലും നമുക്ക് സ്വയം പര്യാപ്തതയില്ല. ഇന്ത്യയിലെ ഏറ്റവും വലിയ റബർ ഉൽപാദക സംസ്ഥാനമാണ് കേരളം. എന്നാൽ ലാറ്റക്‌സിനും ഷീറ്റിനുമപ്പുറത്തേക്ക് ചിന്തിക്കാൻ നാളിതുവരെ നമുക്ക് സാധിച്ചിട്ടില്ല. വ്യവസായ ലോകത്തെ വ്യത്യസ്ത ആവശ്യങ്ങൾക്ക് വേണ്ട മൂല്യവർധിത അസംസ്‌കൃത വസ്തുക്കൾ എം.എസ്.എം. ഇ ശ്രേണിയിലെങ്കിലും ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ച് കേരളം ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. മാറിയ കാലത്തെ കോർപറേറ്റ് വെല്ലുവിളികളെയും ഭരണകൂട വഞ്ചനകളെയും നേരിടേണ്ടത് കാലോചിതമായി സ്വയം പരിഷ്‌കരിച്ചുകൊണ്ട് കൂടിയാണ്. പ്രീണനവും, കീഴടങ്ങലുമല്ല അതിനുള്ള ശാശ്വതമായ പരിഹാരമെന്ന് ബന്ധപ്പെട്ടവർ തിരിച്ചറിയേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."