'ചേര്‍ന്നു നില്‍പ്പാണ് റമദാന്‍, വെറുപ്പിനോട് നോ പറയാം' ഓപണ്‍ ഇഫ്താറുമായി ചെല്‍സി; ഇംഗ്ലീഷ് പ്രീമിയര്‍ മത്സരങ്ങള്‍ക്കിടെ താരങ്ങള്‍ക്ക് നോമ്പു തുറക്കാന്‍ ഇടവേള
ലണ്ടന്‍: ചേര്‍ന്നു നില്‍പിന്റെ സന്ദേശമാണ് റമദാന്‍ പങ്കുവെക്കുന്നതെന്ന് പ്രസ്താവിച്ച് സ്റ്റേഡിയത്തില്‍ ഇഫ്താര്‍ സംഘടിപ്പിക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സി. റമദാന്‍ ആദ്യവാരത്തില്‍ തങ്ങളുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫഡ് ബ്രിഡ്ജിലാണ് നോമ്പുതുറ സല്‍ക്കാരം (ഇഫ്താര്‍) സംഘടിപ്പിക്കുന്നതെന്ന് വെബ്‌സൈറ്റിലൂടെയും ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയും ക്ലബ് അറിയിച്ചു. മാര്‍ച്ച് 26 ഞായറാഴ്ചയായിരിക്കും ഓപ്പണ്‍ ഇഫ്താറെന്നും റമദാന്‍ വ്രതം അനുഷ്ഠിക്കുന്ന മുസ്‌ലിംകള്‍ക്ക് ഒത്തുകൂടാനും നോമ്പുതുറക്കാനുമുള്ള അവസരമായിരിക്കും ഇതെന്നും ക്ലബ്ബ് പ്രസ്താവനയില്‍ പറയുന്നു.
'റമദാന്‍ ടെന്റ് പ്രൊജക്ടുമായി ചേര്‍ന്ന് ഇഫ്താര്‍ സംഘടിപ്പിക്കുകയാണെന്ന വിവരം നിങ്ങളെ അത്യന്തം ആവേശത്തോടെ അറിയിക്കുകയാണ്. ഇത്തരത്തില്‍ ഒരു പരിപാടി നടത്തുന്ന ആദ്യ പ്രിമിയര്‍ ലീഗ് ക്ലബ് ഞങ്ങളായിരിക്കും. പ്രദേശത്തെ മുസ്‌ലിം സമുദാത്തെ ഞങ്ങള്‍ ഇഫ്താറിലേക്ക് സ്വാഗതം ചെയ്യുന്നു' അവര്‍ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു. എല്ലാ വിവിധ വിവേചനങ്ങള്‍ക്കുമെതിരെ ചെല്‍സി എഫ്.സിയും ചെല്‍സി ഫൗണ്ടേഷനും നടത്തുന്ന 'നോ റ്റു ഹേറ്റ്' ക്യാംപെയ്‌നില്‍ റമദാനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
We're excited to announce that we are hosting an Open Iftar in partnership with the @RamadanTent Project! ☪️
— Chelsea FC (@ChelseaFC) March 13, 2023
We'll be the first PL club to ever host an Iftar at their stadium and we look forward to welcoming our local Muslim community.#GamesForEquality
'റമദാനില്‍ യു.കെയിലെ ഏറ്റവും വലിയ സാമൂഹിക ഒത്തുചേരലാവും ഇത്. റമദാന്‍ വ്രതമെടുക്കുന്നവര്‍ക്ക് ഒത്തുചേരാനും നോമ്പുതുറക്കാനും പരസ്പരം സംസാരിക്കാനും ഇടപഴകാനും സുരക്ഷിതമായ ഇടമൊരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്' ചെല്‍സി വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ക്ലബ്ബ് ആസ്ഥാനത്തിനു സമീപമുള്ള മസ്ജിദുകളെയും ക്ലബ്ബിന്റെ മുസ്‌ലിം സ്റ്റാഫിനെയും ആരാധകരെയും വിദ്യാര്‍ത്ഥികളെയും നോമ്പുതുറയ്ക്ക് ക്ഷണിക്കും. സ്റ്റാംഫഡ് ബ്രിഡ്ജ് ഗ്രൗണ്ടിന്റെ വശങ്ങളിലായിരിക്കും ഇഫ്താര്‍ ഒരുക്കുക.
അതുപോലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വ്രതം എടുക്കുന്ന കളിക്കാര്‍ക്ക് നോമ്പ് തുറക്കാനുള്ള സമയം അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച നിര്‍ദേശം റഫറിമാര്‍ക്ക് ലഭിച്ചു. കളിക്കാരെ നോമ്പ് തുറക്കാന്‍ അനുവദിക്കണമെന്ന് ലീഗുകളിലുടനീളമുള്ള മാച്ച് ഒഫീഷ്യലുകളോട് അധികൃതര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആവശ്യം അംഗീകരിച്ച് മാച്ച് ഒഫീഷ്യല്‍സിന്റെ നിര്‍ദേശം വന്നത്. ഈ സമയം താരങ്ങള്‍ക്ക് ലഘു ഭക്ഷണങ്ങളും വെള്ളവും കുടിച്ച് വ്രതം പൂര്‍ത്തിയാക്കാന്‍ ആകും.
ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹ്, ചെല്‍സിയുടെ എന്‍ഗോളോ കാന്റെ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ റിയാദ് മഹ്‌റസ് എന്നിവരുള്‍പ്പെടെ ഇംഗ്ലണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാര്‍ പലരും കൃത്യമായി വ്രതം എടുക്കുന്നവരാണ്. രണ്ട് വര്‍ഷം മുമ്പ് ലെസ്റ്റര്‍ സിറ്റിയും ക്രിസ്റ്റല്‍ പാലസും തമ്മിലുള്ള മത്സരം നോമ്പ് തുറക്കാനായി നിര്‍ത്തിവെച്ചിരുന്നു. അതായിരുന്നു പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ആദ്യമായി നോമ്പ് തുറക്കാനായി മത്സരം നിര്‍ത്തിവെച്ച സംഭവം. ഇതാദ്യമായാണ് നോമ്പ് തുറക്കാനുള്ള അനുമതി ഔദ്യോഗികമായി മാച്ച് ഒഫീഷ്യല്‍സ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."