വാച്ച് ആന്റ് വാര്‍ഡിന്റെ കയ്യിന് പൊട്ടലില്ല; പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരായ കേസില്‍ സര്‍ക്കാറിന് തിരിച്ചടി
തിരുവനന്തപുരം: നിയമസഭാ സംഘര്‍ഷക്കേസില്‍ സര്‍ക്കാറിന് തിരിച്ചടി. വാച്ച് ആന്റ് വാര്‍ഡ് അംഗത്തിന്റെ കയ്യിന് പൊട്ടല്‍ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പൊട്ടലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയത്. ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷം ജാമ്യമില്ലാവകുപ്പ് ഒഴിവാക്കിയേക്കും. മ്യൂസിയെ പൊലിസ് ആണ് കേസ് അന്വേഷിക്കുന്നത്.
ഏഴ് വകുപ്പുകള്‍ പ്രകാരമാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്തിരുന്നത്. ഇതില്‍ 3 വകുപ്പുകള്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു. ഇതിലെ ഏതാനും വകുപ്പുകള്‍ ഒഴിവാക്കാനാണ് കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം മ്യൂസിയം പൊലിസിന്റെ തീരുമാനം. അതേസമയം ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ നിലനില്ക്കും.
നിയമസഭാ സമ്മേളനത്തിനിടെ സ്പീക്കറുടെ ഓഫിസ് ഉപരോധിക്കുന്നതിനിടെയാണ് കെ.കെ.രമ അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ക്കും വാച്ച് ആന്‍ഡ് വാര്‍ഡിനും പരുക്കേറ്റത്. സംഭവത്തില്‍ 7 പ്രതിപക്ഷ എംഎല്‍എമാര്‍ക്കും രണ്ട് ഭരണപക്ഷ എംഎല്‍എമാര്‍ക്കും വാച്ച് ആന്‍ഡ് വാര്‍ഡിനും എതിരെ കേസ് എടുത്തിരുന്നു. ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പും പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകളും അനുസരിച്ചാണ് കേസെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ഉള്‍പ്പെടെയുള്ളവര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ ന്യായീകരിക്കുകയും അവരെ ആക്രമിച്ചുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. കൂടാതെ വടകര എംഎല്‍എ കെ.കെ. രമയുടെ കൈയിലെ പരുക്ക് വ്യാജമാണെന്നും ഇവര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."