സാമ്പത്തിക പ്രതിസന്ധി 30 ; ഡിപ്പോകൾകൂടി പണയപ്പെടുത്താൻ കെ.എസ്.ആർ.ടി.സി
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
പണം കണ്ടെത്താൻ കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് ഡിപ്പോകൾ പണയം വയ്ക്കാൻ ഒരുങ്ങുന്നു. സാമ്പത്തിക സഹായം നൽകുന്നതിൽനിന്നും സർക്കാർ പിന്മാറുകയും വായ്പ നൽകാൻ ബാങ്കുകൾ തയാറാകാതിരുന്നതിനെയും തുടർന്നാണ് ഡിപ്പോകൾ പണയം വയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
തങ്ങളുടെ കൈവശമുള്ള 30 ഡിപ്പോകളാണ് കെ.എസ്.ആർ.ടി.സി പണയം വയ്ക്കാനൊരുങ്ങുന്നത്. ഇതിലൂടെ 400 കോടിയെങ്കിലും ലഭിക്കുമെന്നാണ് കരുതുന്നത്. ഇപ്പോൾത്തന്നെ കെ.എസ്.ആർ.ടി.സിയുടെ 52 ഡിപ്പോകൾ ബാങ്കിൽ പണയത്തിലാണ്. 3,100 കാേടിയാണ് ഈ ഡിപ്പോകൾ ഈടുവച്ച് കെ.എസ്.ആർ.ടി.സി എടുത്തിരിക്കുന്നത്. ഡിപ്പോയും സബ് ഡിപ്പോയും ഓപ്പറേറ്റിങ് സെന്ററുമായി 94 കേന്ദ്രങ്ങളും അഞ്ച് റീജിയണൽ വർക്‌ഷോപ്പുകളും ചീഫ് ഓഫിസുമാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. ഇതിൽ 30 എണ്ണംകൂടി പണയപ്പെടുത്തുന്നതോടെ സ്ഥാപനത്തിന് പിന്നെ സ്വന്തമെന്ന് പറയാനുള്ളത് വിരലിലെണ്ണാവുന്ന ചില ഡിപ്പോകൾ മാത്രമാകും. പണയംവച്ച ഡിപ്പോകൾ എങ്ങനെ തിരിച്ചെടുക്കുമെന്ന കാര്യത്തിലും ഒരു വ്യക്തതയും ഇല്ല. നഗരത്തിന്റെ കണ്ണായ സ്ഥലങ്ങളിൽ കോടികൾ വിലമതിക്കുന്നതാണ് പണയം വച്ച ഡിപ്പോകളിൽ പലതും.
അതേസമയം, ഏപ്രിൽ മാസത്തെ ശമ്പളക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. വിഷയം ചർച്ച ചെയ്യാൻ മന്ത്രി ആന്റണി രാജു മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഫലമുണ്ടായില്ല. ശമ്പളക്കാര്യത്തിൽ ആവശ്യമുണ്ടെങ്കിലേ സർക്കാർ ഇടപെടൂ എന്നാണ് മന്ത്രിയുടെ നിലപാട്. സർക്കാരിനെ വിരട്ടി കാര്യം കാണാമെന്ന് യൂനിയനുകൾ കരുതേണ്ടെന്നും മന്ത്രി പറഞ്ഞു. എം.ഡി ആംസ്റ്റർഡാമിൽ സെമിനാറിൽ പങ്കെടുക്കാൻ പോയതിനാൽ ശമ്പളക്കാര്യത്തിൽ മാനേജ്‌മെന്റ് തലത്തിലുള്ള നീക്കങ്ങളും വൈകും. ഇതോടെ എല്ലാ പ്രതീക്ഷയും അസ്തമിച്ച അവസ്ഥയിലാണ് ജീവനക്കാർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."