പട്ടയങ്ങളും സ്മാർട്ടായി ; ആദ്യ ഇ-പട്ടയത്തിന്റെ വിതരണം മലപ്പുറത്ത് നിർവഹിച്ചു
തിരുവനന്തപുരം
സംസ്ഥാനത്ത് ഇനി ഇ പട്ടയങ്ങൾ. നിലവിൽ പേപ്പറിൽ അച്ചടിച്ച പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ഇത്തരത്തിലുള്ള പട്ടയങ്ങൾ നഷ്ടപ്പെട്ടാൽ അതിന് പകർപ്പുകൾ എടുക്കുവാൻ ബുദ്ധിമുട്ടുള്ള സാഹചര്യമുണ്ടായിരുന്നു.
ബന്ധപ്പെട്ട റവന്യൂ ഓഫിസുകളിൽ പട്ടയ ഫയലുകൾ ഒരു പ്രത്യേക കാലയളവ് വരെ മാത്രമേ സൂക്ഷിക്കുന്നുള്ളൂ. കൂടാതെ പട്ടയ ഫയലുകൾ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പട്ടയ രേഖകൾ കണ്ടെത്തി പകർപ്പുകൾ ലഭിക്കാത്ത അവസ്ഥ പരാതികൾക്ക് ഇടയാക്കുന്നു. ഇതിനൊരു പരിഹാരമായാണ് സർക്കാർ ഇ പട്ടയം നൽകാൻ തീരുമാനിച്ചത്.
സോഫ്റ്റ് വെയർ അധിഷ്ഠിതമായി ഡിജിറ്റലായി നൽകുന്ന പട്ടയമാണ് ഇ പട്ടയം. നൽകുന്ന പട്ടയങ്ങളുടെ വിവരങ്ങൾ സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ നഷ്ടപ്പെടാത്ത രീതിയിൽ സംരക്ഷിക്കും. ക്യു ആർ കോഡും ഡിജിറ്റൽ സിഗ്‌നേച്ചറുമുള്ള പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ആദ്യ ഇ പട്ടയത്തിന്റെ വിതരണം ഇന്നലെ മലപ്പുറത്ത് നിർവഹിച്ചു.
തിരൂർ ലാൻഡ് ട്രൈബ്യൂണലിൽ നിന്നും ഉണ്ണീൻകുട്ടിക്ക് നൽകിയ പട്ടയമാണ് സംസ്ഥാനത്തെ ആദ്യ ഇ പട്ടയം. ആദ്യ ഘട്ടമായി ലാൻഡ് ട്രൈബ്യൂണൽ നൽകുന്ന ക്രയ സർട്ടിഫിക്കറ്റുകളാണ് ഇ പട്ടയങ്ങളാക്കിയിട്ടുള്ളത്.
തുടർന്ന് ഭൂപതിവ് പട്ടയങ്ങളും ഇ പട്ടയങ്ങളായി നൽകുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."