തോരാത്ത മഴയിലും ചോരാത്ത ആവേശം...
കാക്കനാട്
ഉമാ തോമസ് ഇന്നലത്തെ പ്രചരണം ആരംഭിക്കുമ്പോൾ തന്നെ അന്തരീക്ഷം മഴമേഘങ്ങൾ കൊണ്ട് മൂടിയിരുന്നു. പതിനൊന്നു മണിയോടെ നഴ്സസ് ദിനത്തിൻ്റെ ആശംസകൾ അർപ്പിക്കാൻ സൺറൈസ് ഹോസ്പിറ്റലിൽ എത്തിയപ്പോൾ ശക്തമായ മഴ.
ആശുപത്രിയിൽ നിന്നിറങ്ങിയപ്പോൾ മഴ തോർന്നിട്ടാവാം എന്നായി കൂടെ ഉള്ളവർ. പക്ഷെ കളയാൻ സമയമില്ലെന്ന് പറഞ്ഞ് കയ്യിൽ കുടയുമായി ഒലിമുകൾ പള്ളി ജങ്ഷനിൽ വോട്ടു ചോദിക്കാൻ ഉമ തോമസിറങ്ങി.
സ്ഥാനാർഥിയുടെ ആവേശത്തിൽ കൂടെയുള്ളവരും.സ്ഥാനാർഥിക്ക് നൽകാൻ കയ്യിൽ റോസാപ്പൂവുമായാണ് ഒലിമുകൾ ജങ്ഷനിൽ തട്ടുകട നടത്തുന്ന മീതീനിക്ക നിന്നത്. എന്നാൽ മഴ നനഞ്ഞെത്തിയ ഉമ തോമസിന് ചൂട് കട്ടൻ നൽകിയാണ് ഇക്ക സ്വീകരിച്ചത്.
കൂടെയുണ്ടായ എസ്.ടി.യു ചുമട്ടുതൊഴിലാളികൾക്ക് ഉമതോമസിൻ്റെ കട്ടൻ കുടിയും സൊറ പറച്ചിലും നന്നായി ബോധിച്ചത് കൊണ്ടാവണം ജയം മാത്രമല്ല ഭൂരിപക്ഷത്തിൻ്റെ കണക്കും പറഞ്ഞാണ് യാത്രയാക്കിയത്.
മഴയെ അവഗണിച്ച് ഒലിമുകളും എൻ.ജി.ഒ ക്വാട്ടേഴ്സിലും മുഴുവൻ കടകളിലും വോട്ടുകൾ ചോദിച്ചാണ് യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് ഉച്ചഭക്ഷണത്തിന് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."