HOME
DETAILS

ഗിമ്മിക്കുകാലത്തെ നോമ്പൊരുമകള്‍

  
backup
March 23 2023 | 08:03 AM

ramadan-unity-sreekandan-mp

വി.കെ ശ്രീകണ്ഠന്‍ എം.പി

 

റമദാന്‍ വ്രതം വിശ്വാസികള്‍ക്ക് കൃത്യവും വ്യക്തവുമായ ദിശാബോധം സമ്മാനിക്കുന്ന ഒന്നാണ്. നോമ്പിലൂടെ സത്യവിശ്വാസി ആര്‍ജിക്കുന്നത് അനിര്‍വചനീയമായ അച്ചടക്കവും സഹനമനോഭാവവുമാണ്. പട്ടിണി കിടക്കേണ്ടിവരുന്നവരുടെ മാനസികാവസ്ഥ നോമ്പുകാരന്‍ നേരിട്ട് അനുഭവിച്ചറിയുന്നു എന്നതാണ് നോമ്പിന്റെ പ്രധാന പ്രത്യേകത. പ്രലോഭനങ്ങളെ എങ്ങനെ അതിജീവിക്കണമെന്ന് അവന്‍ സ്വയം മനസിലാക്കുകയാണ് നോമ്പിലൂടെ.

മതത്തിന്റെ ഇത്തരം ലക്ഷ്യങ്ങളെ സ്വാംശീകരിക്കാന്‍ തിരക്കുപിടിച്ച വര്‍ത്തമാനകാലത്ത് കഴിയാതെ വരുന്നുണ്ടോയെന്ന ആശങ്ക വിശ്വാസികള്‍ പരസ്പരം പങ്കുവയ്ക്കുന്ന കാലത്താണ് ഈ നോമ്പ് കടന്നുവരുന്നത്. അവിടെയാണ് റമദാന്‍ ഉള്‍പ്പെടെയുള്ള പുണ്യകര്‍മങ്ങളുടെ പ്രസക്തി വ്യക്തമാകുന്നത്.

 

 

സത്കര്‍മങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ് മറ്റുള്ളവരോട് കൂടുതല്‍ വിനയവും ആര്‍ദ്രതയും കാണിക്കണമെന്ന ചിന്ത മനുഷ്യരിലുണ്ടാകുന്നത്. അങ്ങനെ സംഭവിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്. ലോകത്തില്‍ ഇന്ത്യയെ പോലെ വിവിധ സംസ്‌കാരങ്ങള്‍ ഇടകലര്‍ന്ന മറ്റൊരു രാജ്യമില്ല.

എല്ലാ മതങ്ങളുടെയും നല്ല വശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ പണ്ടുമുതലേ പൂര്‍വികര്‍ പഠിപ്പിച്ചുപോന്നിരുന്ന നാടാണ് നമ്മുടേത്. സമീപകാലത്തായി വിഭാഗീയതയുടെ ചില അസ്വാരസ്യങ്ങള്‍ അങ്ങിങ്ങ് പൊങ്ങിയിട്ടുണ്ട് എന്ന കാര്യം നേരുതന്നെ. അവയെ തീര്‍ത്തും ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രം കാണാനും സഹവര്‍ത്തിത്വത്തിന്റെ നല്ലപാഠങ്ങള്‍ സമൂഹത്തിലേക്ക് പകര്‍ന്നുനല്‍കാനും വിശ്വാസികള്‍ക്ക് കഴിയും.

അങ്ങനെ കഴിയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
എല്ലാ റമദാന്‍ കാലത്തും അന്യ മതങ്ങളിൽപ്പെട്ടവര്‍ ഇസ്‌ലാംമത വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നോമ്പ് പിടിക്കാന്‍ തയാറായി മുന്നോട്ടുവരുന്നു എന്നത് വര്‍ത്തമാനകാലത്ത് ഏറെ ശ്ലാഘിക്കപ്പെടേണ്ടതു തന്നെയാണ്.

 

 

സാമുദായിക സൗഹാര്‍ദം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഏതൊരു ചെറിയ പ്രവര്‍ത്തനത്തെയും പരമാവധി പ്രോത്സാഹിപ്പിക്കേണ്ട ബാധ്യത തീര്‍ച്ചയായും പൊതുസമൂഹത്തിനുണ്ട്. പണ്ടൊക്കെ മിക്കവാറും ഗ്രാമങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും വിശേഷാവസരങ്ങള്‍ നാനാജാതി മതസ്ഥരും ഒന്നായിട്ടായിരുന്നു ആഘോഷിച്ചു പോന്നത്. എന്നാല്‍ കാലക്രമത്തില്‍ പലവിധ കാരണങ്ങളാല്‍ അതെല്ലാം സ്വസമുദായങ്ങളില്‍ മാത്രം ഒതുങ്ങുന്ന നിലയായി.

അതിവേഗം നഗരവല്‍ക്കരണം സംഭവിക്കുന്നതിനാല്‍ ഇത്തരത്തിലുള്ള ചില പോരായ്മകള്‍ സ്വാഭാവികമായും അതിനോടൊപ്പമുണ്ടാകുന്നു. അതേസമയം, നഗരവല്‍ക്കരണത്തിന്റെ ഫലമായി കൃത്രിമത്വം നിറഞ്ഞതാണെങ്കില്‍ കൂടി ചില ആഘോഷങ്ങള്‍ അറിഞ്ഞോ, അറിയാതെയോ മതസൗഹാര്‍ദത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

 

 

സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഇഫ്താറുകള്‍ വ്യാപകമായി സംഘടിപ്പിക്കാന്‍ തയാറാകുന്നു. മുമ്പൊക്കൊ ചില പ്രത്യേക രാഷ്ട്രീയപ്രസ്ഥാനങ്ങളും നേതാക്കളും വ്യക്തിപരമായി നടത്തിയിരുന്ന നോമ്പുതുറ സല്‍ക്കാരങ്ങള്‍ സാര്‍വത്രികമാകുന്നത് സന്തോഷമുള്ള കാര്യം തന്നെ. നഷ്ടമാകുന്ന നന്മയെ അത് ഒരുപരിധിവരെ സംരക്ഷിച്ച് നിര്‍ത്തുന്നുണ്ട് എന്നും പറയേണ്ടിവരുന്നു.

ഒരുപക്ഷേ, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ബിസിനസ് പ്രൊമോഷന്റെ ഭാഗമായി സ്വീകരിക്കുന്ന മാനേജ്‌മെന്റ് സ്ട്രാറ്റജികളില്‍പെട്ട ചില "ഗിമ്മിക്കു'കള്‍ തന്നെയാകാം അവ. ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയുമൊക്കെ പേരില്‍ മനുഷ്യര്‍ പരസ്പരം വെട്ടിക്കൊല്ലുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ഈ കാലത്ത് എല്ലാവരെയും ഒത്തൊരുമിപ്പിക്കാന്‍ നടത്തുന്ന ഏതൊരു ശ്രമത്തെയും കലവറയില്ലാതെ പിന്തുണക്കുന്ന സമീപനം സ്വീകരിക്കുക തന്നെ വേണം.


നന്മകള്‍ പൂക്കുന്ന ഈ പരിശുദ്ധ റമദാന്‍ സമൂഹത്തിലെ ദുഷ്പ്രവണതകളെ ഇല്ലാതാക്കുന്ന വേദിയാകട്ടെ. ഇത്തരം കൂടിച്ചേരലുകളില്‍ ഭക്ഷണത്തോടൊപ്പം മനസുകള്‍ പരസ്പരം അലിഞ്ഞുചേരട്ടെ. വ്രതശുദ്ധിയിലൂടെ നേടുന്ന ഊര്‍ജത്തില്‍ സമൂഹത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള തിന്മകളെ ഇല്ലാതാക്കുന്ന, നന്മകളെ പിന്‍പറ്റുന്ന മുന്നണിപ്പോരാളികളായി മാറാന്‍ വിശ്വാസികള്‍ക്കാവട്ടെ എന്ന് ആശംസിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago