സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ യു.എച്ച് സിദ്ദീഖ് ഓര്‍മയായി
കോഴിക്കോട്: സുപ്രഭാതം സീനിയര്‍ സബ് എഡിറ്ററും സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറുമായ ഇടുക്കി വണ്ടിപ്പെരിയാര്‍ കറുപ്പുപാലം ഉരുണിയില്‍ യു.എച്ച് സിദ്ദീഖ് (എച്ച്. അബൂബക്കര്‍ 43) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കോഴിക്കോട് നിന്നും കാസര്‍ക്കോട്ടേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍ കാഞ്ഞങ്ങാട് അരിമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മംഗളം, തേജസ് എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് സുപ്രഭാതത്തിലെത്തിയത്. 2014 ജൂണ്‍ മുതല്‍ സുപ്രഭാതത്തില്‍ പ്രവര്‍ത്തിക്കുന്ന സിദ്ദീഖ് കോട്ടയം, ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം ബ്യൂറോകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സുപ്രഭാതം സ്‌പോര്‍ട്‌സ് ഡെസ്‌കിന്റെ ചുമതല വഹിച്ചുവരികയാണ്. ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്, ദക്ഷിണേഷ്യന്‍ ഗെയിംസ്, അണ്ടര്‍ 17 ലോകകപ്പ്, ഐ.എസ്.എല്‍, ഐ.പി.എല്‍ മാച്ചുകള്‍, കഴിഞ്ഞമാസം സമാപിച്ച സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് എന്നിവ ഉള്‍പ്പെടെ നിരവധി ദേശീയ, അന്തര്‍ദേശീയ കായിക മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കായികരംഗത്തെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2017ലെ ജി.വി രാജ സ്‌പോര്‍ട്‌സ് അവാര്‍ഡ് നേടി. കേരളത്തിലെ പാരാലിംപിക് കായിക താരങ്ങള്‍ നേരിടുന്ന അവഗണനയുടെ നേര്‍ചിത്രം വരച്ചുകാട്ടിയ 'പരിമിതികളില്ലാത്ത ആവേശം, പക്ഷെ' എന്ന തലക്കെട്ടില്‍ സുപ്രഭാതത്തില്‍ പ്രസിദ്ധീകരിച്ച പരമ്പരയ്ക്കായിരുന്നു പുരസ്‌കാരം. 2012, 2018 വര്‍ഷങ്ങളില്‍ സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ മികച്ച കായിക റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡുകളും നേടിയിരുന്നു. കായികരംഗത്തെ ചതിക്കുഴികളും അഴിമതികളും ചൂണ്ടിക്കാണിക്കുന്ന ഒട്ടേറെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു. ദേശീയ ഗെയിംസ് ജേതാക്കള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി വൈകിയത് സംബന്ധിച്ച വാര്‍ത്തയും ഏറെ ശ്രദ്ധ നേടിയിരുന്നു.
സുപ്രഭാതം ജേണലിസ്റ്റ് യൂനിയന്‍ സെക്രട്ടറിയും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
പരേതനായ ഉരുണിയില്‍ ഹംസയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: നിസ. മക്കള്‍: ഫിദ ഫാത്വിമ, ഫാദിയ ഫാത്വിമ. കാഞ്ഞങ്ങാട്ടുനിന്ന് രാത്രിയോടെ മൃതദേഹം കോഴിക്കോട്ടെത്തിച്ചു.
സുപ്രഭാതം ഓഫിസ് കോംപൗണ്ടില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആദരാഞ്ജലി അര്‍പ്പിച്ചു. ഖബറടക്കം ഇന്ന് രാവിലെ ഇടുക്കി വണ്ടിപ്പെരിയാറില്‍.
സിദ്ദീഖിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."