മത പണ്ഡിതരെ കൊത്തി വലിക്കുന്ന കഴുകന്മാരെ കരുതിയിരിക്കുക: സമസ്ത ഇസ്‌ലാമിക് സെന്റർ
റിയാദ്: ഒരു ഗ്രാമത്തിലെ മദ്രസയില്‍ കുട്ടികള്‍ക്ക് സമ്മാനം കൊടുക്കുന്ന ചെറിയ ഒരു പരിപാടിക്കിടെ നടന്ന പരാമര്‍ശത്തിന്റെ പേരില്‍, സുന്നീ കൈരളിയുടെ പരമോന്നത പണ്ഡിത സഭയായ സമസ്ത നേതൃത്വത്തിലെ ഒരു പണ്ഡിത ശ്രേഷ്ടനെ ദിവസങ്ങളോളം കൊത്തി വലിച്ചിട്ടും കൊതി തീരാത്ത മത വെറിയുടെ കഴുകക്കോലങ്ങളെ സമൂഹം കരുതിയിരിക്കണമെന്നു സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കൾക്കോ ബന്ധുക്കൾക്കോ പരാതി ഇല്ലാത്ത സംഭവത്തിലാണ് കൊടും ക്രിമിനലുകളോടെന്ന പോലെ മാധ്യമങ്ങളും സാംസ്കാരിക നായകന്മാര്‍ എന്ന് ഊറ്റം കൊള്ളുന്നവരും അത്യാവേശപൂര്‍വ്വം തുടര്‍ ചര്‍ച്ചകളൊരുക്കിയും വിദ്വേഷ കാംപയിൻ നടത്തിയും പുകമറ സൃഷ്ടിക്കുന്നത്. മതം നോക്കി സെലക്ടീവായി മാത്രം പ്രതികരിക്കുന്ന ഇത്തരം നീചമായ നടപടിക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്യുന്നതായി നേതാക്കള്‍ പറഞ്ഞു
മലപ്പുറം സെന്റ് ജമ്മാസ് സ്കൂളില്‍ മുപ്പത് വര്‍ഷത്തോളം നൂറോളം കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച അധ്യാപകനെതിരെയോ രാഷ്ട്രീയ നേതാവിനെതിരെയോ, നിസ്സംഗരായി കൂട്ട് നിന്ന സ്‌കൂള്‍ മാനെജ്മെന്റിനെതിരെയോ ഒരക്ഷരം ഉരിയാടാതെ മൗനം പാലിക്കുന്ന മാധ്യമങ്ങളും നേതാക്കളും സാംസ്കാരിക കൂട്ടായ്മകളും എന്തു സന്ദേശമാണ് കൈമാറുന്നതെന്നത് ഭീതിദമാണ്.
നിലനില്‍പ്പിനായി മത്സരിക്കുന്ന ചാനലുകളും സാമൂഹ്യ മാധ്യമങ്ങളിലെ വിധ്വംസക സംഘങ്ങളും മത നിരാസ ചിന്തകരും സമസ്തക്കെതിരെയും സമസ്തയുടെ പണ്ഡിത നേതൃത്വത്തിനെതിരെയും നടത്തുന്ന നിഗൂഡ നീക്കങ്ങള്‍ പൊതു സമൂഹം തിരിച്ചറിയണമെന്നും വെറുപ്പിന്റെ പ്രചാരകരെ കരുതിയിരിക്കണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി പത്ര പ്രസ്താവാനയിൽ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."