റമദാൻ: തിരുത്തിൻ്റെ തുരുത്ത്
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ
പാരിലെ മനുഷ്യരും വാനിലെ മാലഖമാരും പുണ്യമാസത്തെ തികഞ്ഞ മനസോടെയും മികച്ച മുന്നൊരുക്കത്തോടെയുമാണ് വരവേൽക്കുന്നത്, വീണ്ടുമൊരു വിശുദ്ധ റമദാൻ സമാഗതമായിരിക്കുന്നു. റമദാൻ പുണ്യങ്ങളുടെ പൂക്കാലമാണെന്ന് പറയുന്നതുപോലെ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും നന്മയുടെയും മാസം കൂടിയാണ്. പതിനൊന്ന് മാസക്കാലം ചെയ്തുപോയ തെറ്റുകൾക്കും അപരാധങ്ങൾക്കുമുള്ള തിരുത്തിന്റെ തുരുത്താണ് റമദാൻ സാക്ഷിയാവേണ്ടത്. 'കാരുണ്യ'ത്താൽ അനുഗൃഹീതമായ ഒന്നാം പത്തും പാപമോചനത്താൽ മനോഹരമായ രണ്ടാം പത്തും നരകമോചനത്താൽ സാക്ഷാൽകൃതമായ മൂന്നാം പത്തും വിഭവസമൃദ്ധമായ ആത്മീയതയെയാണ് വിശ്വാസിക്ക് വിരുന്നൂട്ടുന്നത്.
അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നബി(സ) പറയുന്നു: 'മനുഷ്യന്റെ എല്ലാ കർമങ്ങളും പത്തുമുതൽ എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം ലഭിക്കപ്പെടും. അല്ലാഹു പറയുന്നു, നോമ്പൊഴികെ, നോമ്പ് എനിക്കുള്ളതാണ്. അതിനു ഞാൻ പ്രതിഫലം നൽകും. കാരണം, അവൻ ഭക്ഷണവും വികാരവും എനിക്കുവേണ്ടി ഉപേക്ഷിക്കുന്നു'.
റമദാൻ എന്ന ആത്മാന്വേഷണത്തിന്റെ വിശുദ്ധവേള എവ്വിധമാണ് സഫലമാകുന്നതെന്ന ആശയത്തിലേക്ക് നമ്മുടെ ചിന്തകളെ ആനയിക്കുന്നതാണ് ഈ തിരുവചനം.
അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളേ, നിങ്ങളുടെമേൽ നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങൾക്ക് മുമ്പുള്ളവർക്ക് നിർബന്ധമാക്കപ്പെട്ടതുപോലെ. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കാൻ വേണ്ടി' (സൂറത്തുൽ ബഖറ).
നോമ്പിന്റെ അനന്തരഫലം തഖ്‌വയാണെന്നു പറയുന്നത് ദേഹേച്ഛയെ അത് ഇല്ലായ്മ ചെയ്യും എന്നതുകൊണ്ടാണ്. അതുപോലെ ഭൗതിക ജീവിതത്തിലെയും അധികാരത്തിന്റെയും ആനന്ദത്തെ അത് കുറച്ചുകളയുന്നു. എങ്ങനെയെന്നാൽ, ഗുഹ്യസ്ഥാനത്തിന്റെയും വയറിന്റെയും വികാരത്തെ നോമ്പ് ഇല്ലാതാക്കുന്നു. മനുഷ്യന്റെ അദ്ധ്വാനമാണെങ്കിലോ ഈ രണ്ടു കാര്യങ്ങൾക്കു വേണ്ടിയാണുതാനും(തഫ്‌സീറു റാസി).
നോമ്പുകാലംകൊണ്ട് വ്യക്തിപരമായി വിശ്വാസി മാത്രമല്ല, സമൂഹംതന്നെ മാറുന്നു. മനസ്സിൽ വ്യക്തിക്ക് വരുന്ന മാറ്റം നാടിനും പള്ളിക്കും മദ്റസക്കും ഉണ്ടാവുന്നുണ്ട്. മാത്രവുമല്ല, വിശ്വാസി സമൂഹമല്ലാത്തവർക്കും ഉണ്ടാവുന്നുണ്ട്. നിർവചനീയമല്ലാത്ത ഒരു മാറ്റം. അതുതന്നെയാണ് റമദാന്റെ പരിശുദ്ധിയും.
പരിശുദ്ധ റമദാൻ വിശുദ്ധ ഖുർആന്റെ മാസമാണ്. അങ്ങനെയാണ് ഈ മാസത്തെ അല്ലാഹുതന്നെ ഖുർആനിലൂടെ പരിചയപ്പെടുത്തുന്നതും. റമദാനിലെ വിശുദ്ധ രാത്രിയായ ലൈലത്തുൽ ഖദ്‌റിലാണ് ഖുർആൻ അവതരിക്കുന്നത്. ഖുർആനിലെ 97ാം അധ്യായം ഇക്കാര്യം പറയുന്നു. 96ാം അധ്യായമായ സൂറത്തുൽ അലഖിലെ ആദ്യത്തെ അഞ്ചു സൂക്തങ്ങളാണ് ആദ്യമായി അവതരിച്ചത്. അപ്പോൾ നബി തിരുമേനി(സ) ജബലുന്നൂർ പർവതത്തിലെ ഹിറാഗുഹയിലായിരുന്നു. അന്നുതന്നെയായിരുന്നു അവരെ അന്ത്യപ്രവാചകനാക്കിയതും. അതിനാൽതന്നെ റമദാന്റെ പകലുകളും രാത്രികളും ഖുർആൻ പാരായണം കൊണ്ട് നാം ധന്യമാക്കേണ്ടതുണ്ട്.
നോമ്പനുഷ്ഠിക്കുന്നതുപോലെ പ്രതിഫലാർഹമാണ് നോമ്പു തുറപ്പിക്കുന്നതും. അതിലൂടെ കൂടുതൽ പ്രതിഫലത്തിന് അർഹനാവുകയാണ് ഓരോ വിശ്വാസിയും. നോമ്പിന്റെ സുന്നത്തുകളിൽപെട്ട കർമമാണ് നോമ്പ് തുറപ്പിക്കുക എന്നത്. പ്രവാചകൻ(സ) പറഞ്ഞു: 'റമദാനിൽ നോമ്പുകാരനായ ഒരാളെ നോമ്പ് തുറപ്പിക്കുന്നതിലൂടെ പാപമോചനവും നരകമോചനവും സാധ്യമാകും. മാത്രവുമല്ല, നോമ്പ് തുറന്നവന് ലഭിക്കുന്ന അതേ പ്രതിഫലവും നൽകപ്പെടുന്നതാണ്. ഇതു കേട്ടപ്പോൾ സ്വഹാബികളിലെ ഒരു വിഭാഗം അസ്വസ്ഥരായി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്വഹാബികൾ പ്രവാചകരോട് ചോദിച്ചു, 'മറ്റൊരാളെ നോമ്പ് തുറപ്പിക്കാൻ ആവശ്യമായത് കൈയിലില്ലാത്തവർക്ക് അതു ലഭിക്കില്ലേ പ്രവാചകരേ?'പ്രവാചകൻ(സ) പറഞ്ഞു 'അൽപം വെള്ളമോ പാലോ ഒരു ഈത്തപ്പഴമോ നോമ്പുകാരന് നൽകി നോമ്പ് തുറപ്പിക്കുന്നവർക്കുള്ള പ്രതിഫമലമാണിത്'.
നോമ്പു തുറപ്പിക്കുന്നിടത്ത് ധാരാളം നൽകണമെന്നില്ല, പകരം സാമ്പത്തികസ്ഥിതിയും മറ്റും പരിഗണിച്ച് ചെറിയ രീതിയിൽ ചെയ്യുമ്പോഴും അല്ലാഹു പരിഗണിക്കുന്നത് അവരുടെ ആത്മാർഥത മാത്രമാണ്, അല്ലാതെ അതിന്റെ തോതോ അളവോ നോക്കിയല്ല എന്നതാണ് ഇതിന്റെ അടിസ്ഥാനം. മറ്റൊരിടത്ത് പ്രാവാചകൻ(സ) പറഞ്ഞു: 'നോമ്പ് തുറപ്പിക്കുന്നവന് ആ നോമ്പുകാരന്റെ അതേ പുണ്യം നേടാനാകും. എന്നാൽ, അയാളുടെ പ്രതിഫലത്തിൽ നിന്ന് യാതൊന്നും കുറയുകയുമില്ല'(തിർമിദി). ഒരാളെ നോമ്പുതുറപ്പിക്കുമ്പോൾ അയാളുടെ പ്രതിഫലം ലഭിക്കുമെങ്കിൽ ഒരുപാട് പേർക്കുള്ള നോമ്പ് തുറക്കുള്ള സൗകര്യമൊരുക്കുകയോ അതിനുള്ള ഭക്ഷണം കൊടുക്കുകയോ ചെയ്യുമ്പോൾ അതിൽ പങ്കുകൊള്ളുന്ന അത്രയും ആളുകളുടെ നോമ്പിന്റെ പ്രതിഫലമാണ് ലഭ്യമാകുന്നത്.
നോമ്പുതുറ സദ്യ എന്ന പേരിൽ കുന്നോളം ഭക്ഷണമുണ്ടാക്കി കുഴിച്ചുമൂടുന്ന അവസ്ഥ സങ്കടകരമാണ്. മിതത്വവും കരുതലും റമദാനിലെ സന്ദേശമാകണം. വിശ്വാസികൾ ആഹാരശീലത്തിൽ പാലിക്കുന്ന മിതത്വം സഹജീവികൾക്കു വേണ്ടിയുള്ള കരുതൽ കൂടിയാണ്. ആഹാരത്തിന്റെ അളവ് കുറയ്ക്കാൻ സൂക്ഷ്മശാലികളായ പണ്ഡിതൻമാർ മാതൃകാപൂർവം പറഞ്ഞുതന്നിട്ടുണ്ട്. നേരം പുലരുവോളം അമിതാഹാരം കഴിച്ച് പകൽ നിരാഹാരം കിടന്നാൽ പടച്ചവൻ പറഞ്ഞ നോമ്പാവുമോ? പരിശോധന അനിവാര്യമാണ്.
പിശാചിന്റെ വെട്ടും കുത്തും തട്ടിമാറ്റാൻ നോമ്പെന്ന പരിചകൊണ്ട് സാധ്യമാവണം. വിശുദ്ധ റമദാന്റെ പുണ്യം ഉൾക്കൊണ്ട്, നിയമങ്ങളെല്ലാം പാലിച്ച് സാധ്യമാവുംവിധം അന്യൂനമാക്കി നോമ്പ് നോൽക്കുന്നവർക്ക് തീർച്ചയായും തിന്മകളിൽനിന്ന് രക്ഷപ്പെടാൻ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."