ലോക്ക്ഡൗണ്‍ നീണ്ടേക്കും സംസ്ഥാനത്ത് വ്യാപിക്കുന്നത് മൂന്ന് വൈറസ് വകഭേദങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടിയേക്കും. ലോക്ക് ഡൗണ്‍ രണ്ടാഴ്ച പിന്നിടുമ്പോള്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവും രോഗമുക്തരുടെ എണ്ണത്തില്‍ രോഗബാധിതരേക്കാള്‍ വര്‍ധനവുമുണ്ടെങ്കിലും ആശ്വസിക്കാനായിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
രോഗവ്യാപന തോത് കുറഞ്ഞെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നു നില്‍ക്കുന്നതും പല പ്രദേശങ്ങളിലും അമ്പരപ്പിക്കുന്ന രോഗവ്യാപനമുണ്ടാകുന്നതും ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. കാര്യങ്ങള്‍ കൈവിട്ടുപോകാതെ നിയന്ത്രിച്ച് നിര്‍ത്താനായതിന്റെ ആശ്വാസം ഉടനെ ലോക്ക് ഡൗണ്‍ അവസാനിപ്പിച്ചാല്‍ നഷ്ടമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ സര്‍ക്കാരിന് നല്‍കുന്ന മുന്നറിയിപ്പ്.
ഐ.എം.എയും കെ.ജി.എം.ഒ.എയുമടക്കമുള്ള ആരോഗ്യ രംഗത്തെ സംഘടനകളുടെ തുടര്‍ച്ചയായ ആവശ്യത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയ നാല് ജില്ലകളില്‍ ടി.പി.ആര്‍ റേറ്റ് കുറഞ്ഞുവരുന്നുണ്ട്. മൊത്തം രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ കാര്യമായി കുറവുണ്ടെങ്കിലെ ലോക്ക് ഡൗണില്‍ ഇളവ് ആലോചിക്കാനാവൂ. എന്നാല്‍ തുടര്‍ച്ചയായ ദിനങ്ങളില്‍ മരണവും രോഗബാധിതരാകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണവും നൂറുകടക്കുന്നതോടെ കാര്യങ്ങള്‍ ആശാവഹമല്ലെന്ന മുന്നറിയിപ്പിലാണ് ആരോഗ്യ രംഗത്തെ സംഘടനകള്‍.
സംസ്ഥാനത്ത് കണ്ടെത്തിയ പുതിയ വൈറസ് വകഭേദങ്ങളുടെ വ്യാപനവും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതില്‍ മൂന്ന് എണ്ണം വളരെ കൂടുതലായി സംസ്ഥാനത്ത് വ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കൊറോണ വൈറസിന്റെ തീവ്രവ്യാപനശേഷിയുള്ള ഇന്ത്യന്‍ വകഭേദമാണ് കേരളത്തില്‍ ഇപ്പോള്‍ പകുതിയില്‍ കൂടുതലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റിവ് ബയോളജി (ഐ.ജി.ഐ.ബി) നടത്തിയ ജനിതക പഠനത്തില്‍ പറയുന്നു.
ഒന്‍പത് ജില്ലകളില്‍ നിന്നായി ഏപ്രിലില്‍ ശേഖരിച്ച സാംപിളുകളുടെ ഫലമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഇന്ത്യന്‍ വകഭേദം മാര്‍ച്ചില്‍ കേരളത്തില്‍ 7.3 ശതമാനം മാത്രമായിരുന്നു. അതിന് ബി.1.1.617 എന്നാണു പേരിട്ടിരുന്നത്. എന്നാല്‍ ഈ വകഭേദത്തില്‍തന്നെ കഴിഞ്ഞ മാസം ചില ജനിതകമാറ്റങ്ങള്‍ ദൃശ്യമായി. അതിനാല്‍ ഇപ്പോള്‍ മൂന്നായി തിരിച്ചിട്ടുണ്ട്. ബി.1.1.617.1, ബി.1.1.617.2, ബി.1.1.617.3. ഇതില്‍, ബി.1.1.617.2 ആണ് കേരളത്തിലും രാജ്യത്തു തന്നെയും കൂടുതലായി കാണുന്നത്. തീവ്രവ്യാപനശേഷിയില്‍ യു.കെ വകഭേദത്തെക്കാള്‍ മുന്നിലാണിത്. എന്നാല്‍, ശരീരത്തിന്റെ പ്രതിരോധശേഷിയെ മറികടക്കാനുള്ള (ഇമ്യൂണ്‍ എസ്‌കേപ്) ശേഷിയില്ല. ബി.1.1.617.1ന് ഇമ്യൂണ്‍ എസ്‌കേപ് ശേഷിയുണ്ട്. ബി.1.1.617.2 വാക്‌സീന്‍ ഫലപ്രാപ്തി കുറയ്ക്കുന്നതിന്റെ സൂചനകളുമുണ്ട്.കോഴിക്കോട്, എറണാകുളം, ഇടുക്കി, കാസര്‍കോട്, കൊല്ലം, കോട്ടയം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ള സാംപിളുകള്‍ പഠിച്ചതില്‍നിന്നുള്ള ഫലമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. കോട്ടയം ജില്ലയില്‍ ഏറെയും ബി.1.1.617.2 ആണുള്ളത്. ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ യു.കെ വകഭേദമാണ് ഇപ്പോഴും മുന്നിട്ടു നില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."