പി.പി മുഹമ്മദ് ഫൈസി വിടപറഞ്ഞിട്ട് പത്താണ്ട് ; ആദർശപ്രചാരണത്തിലെ ധൈഷണിക പ്രതിഭ
സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി
സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമായുടെ സംഘടനാമേഖലയിലെ അവിസ്മരണീയ സാന്നിധ്യമായിരുന്നു പി.പി മുഹമ്മദ് ഫൈസി. പാണ്ഡിത്യം, സംഘാടനാ മികവ്, സർഗാത്മകത എന്നിവകൊണ്ട് കേരളത്തിലെ ഇസ്‌ലാമിക പ്രബോധനരംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ സമർപ്പിച്ചാണ് പത്താണ്ടുകൾക്ക് മുമ്പ് പി.പി വിടപറയുന്നത്. വിശുദ്ധ റമദാനിനെ വരവേൽക്കാനിരിക്കുന്ന ശഅ്ബാനിലെ 29ാം ദിനത്തിലായിരുന്നു അദ്ദേഹം മരണപ്പെട്ടത്. ആ ഓർമകൾക്ക് കഴിഞ്ഞ ദിവസം പത്ത് വർഷം പൂർത്തിയായി. ഇപ്പോഴും സംഘടനയുടെ ഏത് പുതിയ പരിപാടികളിലും പി.പി മുഹമ്മദ് ഫൈസി സജീവമായി നിറഞ്ഞുനിൽക്കുന്നതായി തോന്നും. അത്രത്തോളം, സമസ്ത കുടുംബത്തിലെ സംഘടനാപദ്ധതികളിൽ അദ്ദേഹമുണ്ടായിരുന്നു. സഹപ്രവർത്തകർക്കും സതീർഥ്യർക്കും അദ്ദേഹത്തിന്റെ ഓർമകളും ആശയസമ്പത്തും കർമമേഖലയിൽ വലിയ സ്വാധീനമാണ് ചെലുത്തിയിരുന്നത്.
1951 ഫെബ്രുവരി 9ന് പൊതാപ്പറമ്പിൽ അലവിയുടേയും മേലാമഠത്തിൽ ഫാത്വിമ ഹജ്ജുമ്മയുടേയും പുത്രനായാണ് പി.പി മുഹമ്മദ് ഫൈസിയുടെ ജനനം. കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമ, എം.എം ബഷീർ മുസ്‌ലിയാർ, സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാർ എന്നിവരിൽനിന്ന് വിജ്ഞാനം നുകർന്നു. അരക്കുപറമ്പ്, കൊണ്ടോട്ടി, കോട്ടക്കൽ, ചെറിയമുണ്ടം, തിരൂർ, കൊടിഞ്ഞി, ചേറൂർ യതീംഖാന, വളാഞ്ചേരി മർക്കസുത്തർബിയ്യത്തിൽ ഇസ്‌ലാമിയ്യ, സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാർ ഇസ് ലാമിക് ആന്റ് ആർട്‌സ് കോളജ്, കോട്ടുമല അബൂബക്ർ മുസ്‌ലിയാർ സ്മാരക ഇസ്‌ലാമിക് കോംപ്ലക്‌സ്, ബദ്‌രിയ്യ ശരീഅത്ത് കോളജ് കുറ്റാളൂർ എന്നിവിടങ്ങളിലായിരുന്നു വൈജ്ഞാനിക മേഖലയിൽ പി.പിയുടെ സേവനകേന്ദ്രങ്ങൾ. വൈജ്ഞാനിക പ്രവർത്തനങ്ങളിൽ തന്റേതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചിട്ടുണ്ട്. മതപരമായ അറിവ് ആഴത്തിൽ പകർന്നു തലമുറയെ സൃഷ്ടിക്കുന്നതിൽ സദാശ്രദ്ധ പുലർത്തിയ പി.പി കാലഘട്ടത്തോട് സംവദിക്കാൻ പ്രാപ്തരായ പ്രബോധകരെ വാർത്തെടുക്കുന്നതിൽ ധൈഷണിക നേതൃത്വം വഹിച്ചു.
കേരളത്തിൽ വിവിധതലങ്ങളിൽ വളർന്നു വലുതായ വിദ്യാഭ്യാസ പദ്ധതികൾക്കെല്ലാം 'പി.പി ടച്ച് ' വായിച്ചെടുക്കാനാവും. മാതൃകാദർസ് എന്ന ആശയം ഇതിന്റെ ഭാഗമായിരുന്നു. സമാന സ്വഭാവത്തോടെ സമന്വയ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഒരുമിച്ചുകൂട്ടി പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിൽ അദ്ദേഹം ശ്രദ്ധേയ സംഭാവനകൾ സമർപ്പിച്ചു. ഉന്നതവിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളുടെ കൂട്ടായ്മയിലൂടെ വാഫി കോഴ്‌സ് ആവിഷ്‌കരിക്കുന്നതിലും ഉമ്മുൽ മദാരിസ് ജാമിഅ നൂരിയ്യയുടെ ജൂനിയർ സ്ഥാപനങ്ങളുടെ കൂട്ടായ്മ ഒരുക്കുന്നതിലും വലിയ പങ്കുവഹിച്ചു. ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് യുനിവേഴ്‌സിറ്റി, താനൂർ ഇസ് ലാഹുൽ ഉലൂം തുടങ്ങി സമസ്തയുടെ ആശയാദർശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന മറ്റനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയെല്ലാം മതപഠനരംഗത്ത് പുരോഗതിക്കായി കഴിവും പ്രാപ്തിയും സമയവും ആശയങ്ങളും പി.പി നൽകിയിരുന്നു. അദ്ദേഹം മത വൈജ്ഞാനിക രംഗത്ത് അർപ്പിച്ച സേവനങ്ങൾ എക്കാലത്തും സ്മരിക്കപ്പെടും.
സംഘടനാരംഗത്ത് ആവേശം കൈവെടിയാതെ അവസാനംവരെയും നിറഞ്ഞുനിന്ന പ്രബോധകനായിരുന്നു പി.പി. സുന്നി യുവജന സംഘത്തെ ജനകീയമാക്കുന്നതിൽ വലിയ പങ്കാണ് അദ്ദേഹത്തിനുള്ളത്. സംഘടനയുടെ സജീവമേഖലയായ മലപ്പുറം ജില്ലയിൽ ദീർഘകാലം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. രാപകൽ ഭേദമന്യേ പ്രസ്ഥാനത്തിന്റെ പ്രവർത്തന മണ്ഡലങ്ങളിൽ മുഴുകിയ സേവകനായിരുന്നു. സുന്നി മഹല്ല് ഫെഡറേഷൻ, ജംഇയ്യത്തുൽ മുദരിസീൻ എന്നിവയുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനും അദ്ദേഹം മുൻപന്തിയിൽ നിന്നു. മുസ്‌ലിം സമുദായത്തിന്റെ വൈജ്ഞാനിക, സാമൂഹിക, സാംസ്‌കാരിക പുരോഗതിക്ക് വലിയ പങ്കുവഹിക്കുന്ന പദ്ധതികൾ രൂപപ്പെടുത്തി, അവയുടെ സ്വാധീനം താഴെ തട്ടിൽ ഉറപ്പുവരുത്തുകയായിരുന്നു സംഘാടനരംഗത്തെ പി.പി രീതി.
ചരിത്രകാരൻകൂടിയായിരുന്നു പി.പി. സമസ്തയുടെ രൂപീകരണം, ലക്ഷ്യങ്ങൾ, വളർച്ചാഘട്ടങ്ങൾ, പൂർവകാല നേതാക്കൾ, സേവനങ്ങൾ തുടങ്ങിയവ ആധികാരികമായി അവതരിപ്പിക്കുകയും ചരിത്ര രചന നിർവഹിക്കുകയും ചെയ്തു. പി.പി രചിച്ച 'സമസ്ത' എന്ന ചരിത്രകൃതി എക്കാലത്തേക്കും സംഘടന മേഖലയിൽ ആധികാരിക റഫറൻസാണ്.
ആദർശ പ്രചാരണരംഗത്ത് സമസ്തയും പോഷകഘടകങ്ങളും പ്രഖ്യാപിക്കുന്ന സമ്മേളനങ്ങളിലും പ്രാജക്റ്റുകളിലും പി.പി മുഹമ്മദ് ഫൈസി പ്രധാന റോളിലുണ്ടാകും. അത് നേതാക്കളുടെയും സഹപ്രവർത്തകരുടെയും അതിയായ താൽപര്യവും നിർബന്ധവുമായിരുന്നു. സമ്മേളനങ്ങളും അനുബന്ധ പരിപാടികളും ക്യാംപുകളും ഏറെ പ്രയോജനകരമായി ആവിഷ്‌കരിക്കുന്നതിൽ അദ്ദേഹത്തിന്റെ പ്രതിഭാവിലാസം സംഘടനയിൽ ഏറെ പ്രയോജനപെട്ടു. സുന്നി അഫ്കാർ വാരിക, അന്നൂർ, ഓസ്‌ഫോജ്‌ന തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ സർഗ സംഘാടനത്തിന്റെ മേഖലയായിരുന്നു. മാധ്യമരംഗത്ത് സുപ്രധാന ഇടപെടലായി സമസ്തയുടെ നേതൃത്വത്തിൽ സുപ്രഭാതം ദിനപത്രം തുടങ്ങാൻ തീരുമാനിച്ച ഘട്ടത്തിൽ ഇതിന് നേതൃത്വം നൽകുന്ന ഇഖ്‌റഅ് പബ്ലിക്കേഷൻസിന്റെ ജനറൽ കൺവീനറായി നിയമിതനായത് പി.പി മുഹമ്മദ് ഫൈസിയായിരുന്നു. അതിന്റെ അണിയറപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് അദ്ദേഹം വിടപറഞ്ഞത്.
ആത്മീയ നേതൃത്വവുമായി അഗാധബന്ധം പുലർത്തിയ വ്യക്തിത്വമായിരുന്നു പി.പി. സൂഫീവര്യൻ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുമായി അദ്ദേഹത്തിന് ദൃഢബന്ധമുണ്ടായിരുന്നു. അവസാനകാലത്ത്, വിശുദ്ധ ഹറമുകളിലേക്ക് പുറപ്പെട്ട അദ്ദേഹം ജീവിതത്തിൽ നിന്നുള്ള മടക്കയാത്രയുടെ ഒരുക്കത്തിലായിരുന്നു. ഈ ചിന്തകളിലായാണ് വിശുദ്ധ മണ്ണിൽ കഴിച്ചുകൂട്ടിയത്. അങ്ങനെയിരിക്കെ ആത്മീയഗുരു ചാപ്പനങ്ങാടി ഉസ്താദിനെ സ്വപ്നം കാണുകയും അദ്ദേഹത്തോട് നാട്ടിലേക്ക് പോവാൻ നിർദേശിക്കുകയും ചെയ്തുവത്രെ. ജീവിതത്തിലെ മടക്കയാത്ര അടുത്തതായി സതീർഥ്യരോട് അദ്ദേഹം പറഞ്ഞിരുന്നു.
സുന്നത്ത് ജമാഅത്തിന്റെ പ്രബോധനത്തിൽ ആയുസ് സമർപ്പിച്ച്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ സന്ദേശവാഹകനായി മുമ്പേ നടന്ന പി.പി എക്കാലത്തും മാതൃകയായി സ്മരിക്കപ്പെടും. ചരിത്രം പറഞ്ഞുതന്നും ചരിത്രത്തിന്റെ താളുകളിൽ പുതിയ അധ്യായങ്ങൾ തുന്നിച്ചേർത്തും സ്മര്യപുരുഷൻ നടത്തിയ സേവനങ്ങൾ സമസ്ത കുടുംബം എക്കാലവും ഒാർക്കും.
(എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."