ബഹുമാനപ്പെട്ട മോദിജീ, താങ്കളല്ല രാജ്യം
മോദി ഹഠാവോ ദേശ് ബച്ചാവോ (മോദിയെ താഴെയിറക്കൂ, രാജ്യത്തെ രക്ഷിക്കൂ) എന്ന പോസ്റ്റർ പതിച്ചതിന് ഡൽഹിയിൽ അനവധി പേർ അറസ്റ്റിലായിരിക്കുന്നു. തെരുവിലെ പോസ്റ്ററുകൾ പൊലിസ് ചീന്തിയെറിയുന്നു. അച്ചടിച്ച പ്രസുടമകൾ അറസ്റ്റിലാകുന്നു. രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് കോടതിയിൽ അസാധാരണ വേഗത്തിൽ തീർപ്പാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഭരണപക്ഷം ദിവസങ്ങളായി പാർലമെന്റിൽ പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കാതെ സ്തംഭിപ്പിക്കുന്നു. രാഷ്ട്രീയ മുദ്രാവാക്യങ്ങൾ പോലും അനുവദിക്കാത്തിടത്താണ് രാജ്യമെത്തിയിരിക്കുന്നത്. ഒരിക്കൽ അടിയന്തരാവസ്ഥയുടെ കറുത്ത നിഴലിൽ നിന്ന രാജ്യത്തിന് അതിലേക്കുള്ള തിരിച്ചുപോക്കിന്റെ ലക്ഷണങ്ങൾ വേഗത്തിൽ തിരിച്ചറിയാനാവും.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിരയെന്ന മുദ്രാവാക്യം മുഴക്കിയ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് 1975 ഡിസംബർ അഞ്ചിന് എഴുതിയ തുറന്ന കത്തിൽ ജയപ്രകാശ് നാരായണൻ പറഞ്ഞു: 'പ്രിയപ്പെട്ട ഇന്ദിരാജീ... നിങ്ങൾ നിങ്ങളെത്തന്നെ സ്വയം രാഷ്ട്രമായി വിശേഷിപ്പിക്കരുത്. നിങ്ങൾ അനശ്വരയല്ല, എന്നാൽ ഇന്ത്യ എക്കാലത്തുമുണ്ടാകും'. പുതിയ കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറയാൻ ഏറ്റവും ഉചിതമായ വാക്കുകൾ ഇതുതന്നെയാവും.
മോദിജീ... നിങ്ങളല്ല രാജ്യം. നിങ്ങളെ വിമർശിക്കുന്നത് രാജ്യത്തിനെതിരായ വിമർശനവുമല്ല. നിങ്ങൾ വിമർശനത്തിന് അതീതനായ വിശുദ്ധനുമല്ല. ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അന്തഃസത്തയിലാണ് ഈ രാജ്യത്തിന്റെ ആത്മാവ് കുടികൊള്ളുന്നത്. അതിനും മുകളിൽ നിങ്ങളെ പ്രതിഷ്ഠിക്കാൻ കഴിയുകയുമില്ല. നിങ്ങൾക്ക് ജനങ്ങൾ നൽകിയ അധികാരമുണ്ടായിരിക്കാം. അതുകൊണ്ട് നിങ്ങൾക്ക് അതേ ജനതയുടെ ഭരണഘടനാനുസൃതമായ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാൻ കഴിയില്ല.
ജയപ്രകാശ് നാരായണന്റെ കത്ത് അന്ന് ഇന്ത്യയിലെ മാധ്യമങ്ങൾ പ്രസിദ്ധീരിച്ചില്ല. 1976 ഫെബ്രുവരി 20ന് ഹോങ്കോങ്ങിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഫാർ ഈസ്റ്റേൺ ഇക്കോണമിക്കൽ റിവ്യുവിലൂടെയാണ് ആദ്യമായി ആ കത്ത് വെളിച്ചം കാണുന്നത്. സ്വാതന്ത്ര്യം എന്റെ ജീവിതത്തിലെ വഴിവിളക്കാണെന്നും അത് ഞാൻ ഭക്ഷണത്തിനോ സുരക്ഷയ്‌ക്കോ അഭിവൃദ്ധിക്കോ വേണ്ടി അടിയറവയ്ക്കില്ലെന്നും പറഞ്ഞയാളാണ് ജയപ്രകാശ് നാരായണൻ. ഭക്ഷണത്തെക്കാൾ വലുതല്ല സ്വാതന്ത്ര്യമെന്ന ഇന്ദിരയുടെ വാക്കുകൾക്കുള്ള മറുപടിയായിരുന്നു അത്.
ഇന്ദിരാ ഹഠാവോ ദേശ് ബച്ചാവോ എന്ന ജയപ്രകാശ് നാരായണന്റെ മുദ്രാവാക്യത്തിൽ നിന്നാണ് മോദി ഹഠാവോ ദേശ് ബച്ചാവോ എന്ന മുദ്രാവാക്യം പോലുമുണ്ടാകുന്നത്. 1977ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ അധികാരത്തിൽനിന്ന് താഴെയിറക്കിയത് ഈ മുദ്രാവാക്യമാണ്. രാജ്യത്ത് ജനാധിപത്യത്തിന് ഇടം കുറഞ്ഞുവരുന്നുവെന്നത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ വ്യാഖ്യാനമല്ല, രാജ്യത്തെ ഓരോ പൗരനു മുന്നിലും ഇപ്പോൾ തുറന്നുകാണാൻ കഴിയുന്ന യാഥാർഥ്യമാണത്. ജയപ്രകാശ് നാരായണൻ തന്റെ കത്തിൽ യൂറോപ്പിലെ ഏകാധിപത്യം ആ രാജ്യങ്ങളെ എവിടെക്കൊണ്ടെത്തിച്ചെന്ന് അറിയില്ലേയെന്ന് ചോദിക്കുന്നുണ്ട്. ഏകാധിപത്യത്തിന്റെ വഴിയിലേക്ക് ഒരു രാജ്യം സഞ്ചരിക്കുമ്പോൾ സമീപകാല ചരിത്രത്തെയല്ലാതെ മറ്റെന്തിനെയാണ് രാജ്യത്തെ ജനാധിപത്യ ബോധമുള്ളവർ ചൂണ്ടിക്കാട്ടുക.
രാജ്യമിപ്പോൾ ഏതുവഴിയെ സഞ്ചരിക്കുന്നുവെന്നറിയാൻ സൂക്ഷ്മദർശിനിയുടെ ആവശ്യമില്ല. അതൊരു ദിവസം പെട്ടെന്നുണ്ടായതുമല്ല. 2016ൽ മോദി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനത്തിലൂടെയാണ് പ്രതിപക്ഷപ്പാർട്ടികൾ സാമ്പത്തികമായി ദുർബലമാകുകയും ബി.ജെ.പി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രീയപ്രസ്ഥാനമായി മാറുകയും ചെയ്യുന്നത്. കൊവിഡ് ബി.ജെ.പിക്കും അനുബന്ധ കോർപറേറ്റുകൾക്കും പുതിയ അവസരങ്ങൾ നൽകി. ലോക്ക്ഡൗണുകളിലൂടെ രാജ്യത്തെ ജനങ്ങളെ വീടുകളിൽ പൂട്ടിയിട്ടാണ് മോദി സർക്കാർ സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടിയത്. വലിയ ദുരന്തമുണ്ടാകുമ്പോൾ ജനം ശക്തനായ ഭരണാധികാരികൾക്ക് മുന്നിൽ സ്വയം സമർപ്പിക്കുമെന്നാണ്. ദുരന്തങ്ങളില്ലാത്ത കാലത്ത് അത് ആഭ്യന്തരവും വൈദേശികവുമായ ശത്രുക്കളെ ചൂണ്ടിക്കാട്ടി രാജ്യത്തെ അതേ ഭീതിയിൽ നിർത്തും.
റയിൽവേയും എൽ.ഐ.സിയും പ്രതിരോധ മേഖലയുമെല്ലാം എതിർപ്പില്ലാതെ വിറ്റുതുലയ്ക്കുന്നത് തുടക്കമിടാൻ മോദി സർക്കാരിനായത് കൊവിഡ് മഹാമാരിക്കു മുന്നിൽ രാജ്യത്തെ ജനം നടുങ്ങി നിൽക്കുന്നുവെന്നതിനാലായിരുന്നു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നത് എതിർശബ്ദങ്ങളെ സാമ്പത്തികമായും രാഷ്ട്രീയമായും തകർക്കുകയെന്ന ഉദ്ദേശ്യത്തിലാണ്. മോദി സർക്കാരിന്റെ സങ്കൽപ്പത്തിലെ ജനാധിപത്യത്തിൽ പ്രതിപക്ഷമോ എതിർ ശബ്ദങ്ങളോ ഇല്ല. 2019ൽ ഐ.ഐ.ടി. ഗോരഖ്പൂർ വിദ്യാർഥികളുമായി സംസാരിക്കവെ ഡിസ്ലക്‌സിയ മൂലം വിഷമിക്കുന്നവരെ സഹായിക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് പറഞ്ഞ വിദ്യാർഥിയോട് പ്രധാനമന്ത്രി നരേന്ദ്രമോദി ചോദിച്ചത് ഇതുകൊണ്ട് 50 വയസ് പ്രായമുള്ള 'കുട്ടികൾക്ക്' പ്രയോജനമുണ്ടാവുമോ എന്നാണ്.
രാഹുലായിരുന്നു മോദിയുടെ ഉന്നം. മര്യാദയുടെ അതിരുകൾ ലംഘിക്കുന്ന മോദിയുടെ പരാമർങ്ങൾ ചോദ്യം ചെയ്യാതെ പോകുന്ന അതേ കാലത്താണ് കോൺഗ്രസ് വക്താവ് പവൻ ഖേരയെ പ്രധാനമന്ത്രിയെ കളിയാക്കിയതിന്റെ പേരിൽ വിമാനത്തിൽനിന്ന് താഴെയിറക്കി അറസ്റ്റ് ചെയ്യുന്നത്. അതേ കാലത്തുതന്നെയാണ് അസമിൽ തങ്ങൾ മദ്റസകൾ പൂട്ടിച്ചുകൊണ്ടിരിക്കുകയാണെന്നും എല്ലാ മദ്റസകളും പൂട്ടുമെന്നും ഒരു മുഖ്യമന്ത്രിക്ക് അഭിമാനത്തോടെ പറയാൻ കഴിയുന്നത്. മതം മാറ്റത്തിന്റെ പേരിൽ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കാനുതകുന്ന നിയമങ്ങൾ പാസാക്കാൻ കഴിയുന്നത്.
യഥാർഥ രാഷ്ട്രീയം മനുഷ്യന്റെ സന്തോഷത്തെ പ്രോത്സാഹിപ്പിക്കലാണെന്നാണ് ജയപ്രകാശ് നാരായണൻ പറഞ്ഞത്. നിങ്ങൾ യഥാർഥത്തിൽ സ്വാതന്ത്ര്യത്തിനു വേണ്ടി അഭിലഷിക്കുന്നുണ്ടെങ്കിൽ കൂടുതൽ രാഷ്ട്രീയത്തിനും മെച്ചപ്പെട്ട രാഷ്ട്രീയത്തിനും വേണ്ടിയാണ് നിലകൊള്ളേണ്ടതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഈ വൈകിയ വേളയിലെങ്കിലും പ്രതിപക്ഷത്തിന് മാതൃകയാക്കാവുന്ന നിർദേശമാണ് ജെ.പിയുടേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."