സതീശനോ ചെന്നിത്തലയോ?; പ്രതിപക്ഷ നേതാവിനെ ഇന്നുപ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ആരെന്നതില്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നു. ആരാണ് പ്രതിപക്ഷ നേതാവെന്ന ഹൈക്കമാന്‍ഡ് തീരുമാനം കാത്തിരിക്കുമ്പോഴും പാര്‍ട്ടിയ്ക്കുള്ളിലെ തലമുറകള്‍ തമ്മിലുള്ള ശീതശുദ്ധം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.
പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തന്നെ തുടരണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. പാര്‍ട്ടിയേയും മുന്നണിയേയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകേണ്ട ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിനുണ്ട്. അതിനാല്‍ തന്നെ പരിചയ സമ്പത്തുള്ളവര്‍ തന്നെ വേണമെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്.
അതേസമയം, മുതിര്‍ന്ന നേതാക്കളുടേയും ഗ്രൂപ്പുകളുടേയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി രണ്ടാം തലമുറയില്‍പെട്ടവര്‍ വി.ഡി. സതീശന്‍ വരണമെന്ന അഭിപ്രായമാണ് മുന്നോട്ടുവെച്ചത്. രണ്ടാം പിണറായി മന്ത്രിസഭ പുതുമുഖങ്ങളുമായി അധികാരമേല്‍ക്കുമ്പോള്‍, കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തലമൂത്ത മുതിര്‍ന്ന തലമുറ നേതൃമാറ്റത്തെ ഇനിയും ഉള്‍ക്കൊള്ളാത്തത് യുവാക്കള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്്.
ഹൈക്കമാന്‍ഡ് നിരീക്ഷകരായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വി വൈത്തിലിംഗവും ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയെന്നാണ് അറിയുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."