കനത്ത മഴ; എല്ലാ ജില്ലകളിലും കണ്ട്രോള് റൂമുകള്‍, വിവിധ വിനോദ സഞ്ചാര മേഖലകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്
തിരുവനന്തപുരം: മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കണ്ട്രോള് റൂമുകള്‍ പൂര്‍ണസമയം പ്രവര്‍ത്തിക്കും. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലും പ്രത്യേക കണ്ട്രോള് റൂം സജ്ജമാക്കും. കണ്ട്രോള് റൂമികളിലേക്ക് 1077 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. ചീഫ് സെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തില്‍ ജില്ലകളിലെ സാഹചര്യം അവലോകനം ചെയ്തു.
അതേസമയം, അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറാകണമെന്ന് പൊലീസിന് ഡി.ജി.പിയും നിര്‍ദേശം നല്കി. എല്ലായിടങ്ങളിലും സുരക്ഷാ ഉപകരണങ്ങള്‍ സജ്ജമാക്കണമെന്നും വയര്‍ലസ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തണമെന്നുമാണ് നിര്‍ദേശം. കടലോര ജാഗ്രത സമിതികളുമായി ബന്ധപ്പെട്ട് കോസ്റ്റല്‍ പൊലീസ് സജ്ജമാകണം. മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ബറ്റാലിയന് എ.ഡി.ജി.പി സേനാ വിന്യാസവും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കും.
വിവിധ വിനോദ സഞ്ചാര മേഖലകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ പ്രവേശിക്കാന്‍ പാടില്ല. തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.
ഇതിന് പുറമെ, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് അനുസരിച്ച് നാളെ മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരം വന്യജീവി ഡിവിഷനിലെ നെയ്യാര്‍ , കോട്ടൂര്‍, പേപ്പാറ എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടുന്നതായി തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡനും അറിയിച്ചിട്ടുണ്ട്. എറണാകുളത്തും ഇടുക്കിയിലും റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."