രാഹുലിൻ്റെ അയോഗ്യതയും കൊല്ലപ്പെടുന്ന ജനാധിപത്യവും
പ്രമോദ് പുഴങ്കര
രാഹുൽ ഗാന്ധിയെ ലോക്‌സഭ അംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയ ഉത്തരവ് വന്നുകഴിഞ്ഞു. അപകീർത്തി കേസിൽ ഗുജറാത്തിലെ സൂറത്തിലെ ഒരു കോടതി രാഹുൽ ഗാന്ധിയെ രണ്ടുവർഷത്തെ തടവിന് ശിക്ഷിച്ച വിധിക്ക് തൊട്ടുപിന്നാലെയാണ് പാർലമെന്റ് അംഗത്വത്തിൽനിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സംഘ്പരിവാറിന്റെയും മോദി സർക്കാരിന്റെയും പ്രവർത്തനരീതികളറിയാവുന്ന ആർക്കും ഗുജറാത്ത് കോടതി വിധിയും എം.പി സ്ഥാനത്തുനിന്നുള്ള അയോഗ്യനാക്കലും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പദ്ധതിയുടെ ഭാഗമല്ല എന്നു പറയാനാകില്ല. രണ്ടുവർഷമോ അതിലേറെയോ കാലയളവിലേക്ക് ഒരു ജനപ്രതിനിധി ശിക്ഷിക്കപ്പെട്ടാൽ ജനപ്രാതിനിധ്യ നിയമം1951ലെ 8(3) വകുപ്പനുസരിച്ച് അയാളുടെ നിയമനിർമാണ സഭാംഗത്വം നഷ്ടമാകും. ശിക്ഷാ കാലാവധിക്ക് ആറുവർഷത്തിനുശേഷം മാത്രമാണ് പിന്നീടയാൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുകയുള്ളൂ. ശിക്ഷിക്കപ്പെട്ട ദിവസംമുതൽ അയാൾ ജനപ്രതിനിധി പദവിയിൽനിന്ന് അയോഗ്യനാക്കപ്പെടുന്നു.
ഈ പ്രശ്‌നം മറികടക്കണമെങ്കിൽ മേൽക്കോടതി ശിക്ഷാവിധി മരവിപ്പിക്കണം. ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞാൽ മാത്രം പോര. അതുകൊണ്ടുതന്നെ ഇത്തരത്തിലൊരു നടപടിയിലൂടെ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് മത്സര സാധ്യതകളെയും അതുവഴി പ്രതിപക്ഷത്തുനിന്നുള്ള വെല്ലുവിളികളുടെ ഒരു ഭാഗത്തെയും തളർത്താമെന്നുള്ള കണക്കുകൂട്ടലും മോദി സർക്കാരിനും ബി.ജെ.പിക്കുമുണ്ട്. എന്നാൽ അത് പെട്ടെന്നുള്ള ചില പ്രത്യാഘാതങ്ങൾ മാത്രമാണ്. വാസ്തവത്തിൽ പ്രതിപക്ഷമുക്തമായ ഇന്ത്യക്കുവേണ്ടിയുള്ള സംഘ്പരിവാർ, മോദി ഭരണകൂടത്തിന്റെ യാത്ര എത്രയേറെ ദൂരം പിന്നിട്ടുകഴിഞ്ഞു എന്നതാണ് ഇത് കാണിക്കുന്നത്. തങ്ങൾക്കെതിരായ പ്രതിഷേധത്തെ അടിച്ചമർത്തുന്നതിന് സംഘ്പരിവാറും മോദി സർക്കാരും ആദ്യം തിരിഞ്ഞത് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്കെതിരേയായിരുന്നില്ല. മനുഷ്യാവകാശപ്രവർത്തകർ, സാമൂഹികപ്രവർത്തകർ, പരിസ്ഥിതിപ്രവർത്തകർ, സ്വതന്ത്ര ബുദ്ധിജീവികൾ തുടങ്ങി മുഖ്യധാരാ രാഷ്ട്രീയത്തിന്റെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെയും മേഖലയിലല്ലാത്ത ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധ ശബ്ദങ്ങളെയാണ് അവർ ആദ്യം അടിച്ചമർത്താൻ തുടങ്ങിയത്. ഭീമ കോരേഗാവ്/എൽഗാർ പരിഷദ് കേസിലടക്കം നിരവധി പേരെയാണ് ഇക്കൂട്ടത്തിൽനിന്ന് തടവിലിട്ടത്. വയോവൃദ്ധനായ ക്രിസ്ത്യൻ പുരോഹിതൻ സ്റ്റാൻ സ്വാമി തടവറയിൽ വെള്ളം കിട്ടാതെ പിടഞ്ഞുവീണു മരിച്ചതും നമ്മുടെ മുന്നിലാണ്. സർവകലാശാലകളിൽ ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയപ്രവർത്തനങ്ങളോ സംവാദങ്ങളോ അസാധ്യമാക്കി. രാജ്യത്തെങ്ങും ഞങ്ങൾക്കൊപ്പം അല്ലെങ്കിൽ തടവറക്കുള്ളിൽ എന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയായിരുന്നു.
സമാന്തരമായി മുസ്‌ലിംകൾക്കെതിരേയും ജനാധിപത്യ, മതേതര സാമൂഹികപ്രവർത്തകക്കെതിരേയും ആൾക്കൂട്ട ആക്രമണങ്ങൾ പരമ്പരയായി വന്നു. ഭക്ഷണത്തിന്റെയും വിശ്വാസത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ മനുഷ്യർ ഇന്ത്യയുടെ തെരുവുകളിൽ പരസ്യമായി ആക്രമിക്കപ്പെട്ടു. നിരവധി പേർ കൊല്ലപ്പെട്ടു. ഡൽഹിയിലെ മുസ്‌ലിംവിരുദ്ധ കലാപത്തിലേക്കെത്തിയപ്പോൾ മോദി സർക്കാരിന്റെ പൊലിസുകാർ മുസ്‌ലിംകളെ അടിച്ചുവീഴ്ത്തി വന്ദേ മാതരം പാടാൻ ആക്രോശിക്കുന്നതുവരെയെത്തി. ഫൈസാൻ എന്ന മുസ്‌ലിം ചെറുപ്പക്കാരൻ അത്തരമൊരു ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഭരണകൂടഹിംസ ഹിന്ദുത്വവത്കരിക്കപ്പെട്ടതിന്റെ സംശയരഹിതമായ തെളിവുകളായിരുന്നു അതൊക്കെ.
തുടർന്നുവന്നത് വിവിധ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് പ്രതിപക്ഷ രാഷ്ട്രീയകക്ഷി നേതാക്കൾക്ക് നേരെയുള്ള അന്വേഷണങ്ങളും വേട്ടയുമായിരുന്നു. അന്വേഷണങ്ങളിൽനിന്നും വേട്ടയിൽനിന്നും രക്ഷപ്പെടാൻ ബി.ജെ.പിക്കൊപ്പം നിൽക്കാൻ തയാറായവർക്ക് കൈനിറയെ അധികാര പദവികളടക്കമുള്ള പാരിതോഷികങ്ങളും ലഭിച്ചു. രാജ്യത്തെ രാഷ്ട്രീയ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള നടപടിക്കൊപ്പം ജനാധിപത്യ രാഷ്ട്രീയത്തെത്തന്നെയാണ് സംഘ്പരിവാറും മോദിയും ലക്ഷ്യംവച്ചത്.
ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരേയുള്ള വലിയ കടന്നാക്രമണങ്ങൾ മറ്റൊരു വഴിക്ക് നടന്നുകൊണ്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനടക്കം കേന്ദ്രസർക്കാരിന് നിർണായക നിയമാനാധികാരമുള്ള സ്ഥാപനങ്ങളെല്ലാം മോദിയുടെയും സംഘ്പരിവാറിന്റെയും വിധേയന്മാരെയും സേവകന്മാരെയും വെച്ചുനിറച്ചു. ഹൈക്കോടതിയിലെയും സുപ്രിംകോടതിയിലെയും ന്യായാധിപന്മാരെ നിയമിക്കാൻ നിലവിലുള്ള കൊളീജിയം സംവിധാനം മാറ്റി കേന്ദ്ര സർക്കാരിന് നിർണായക സ്വാധീനമുള്ള പകരം സംവിധാനം സൃഷ്ടിക്കണമെന്ന് കേന്ദ്ര സർക്കാർ നിരന്തരമായി സമ്മർദം ചെലുത്തുന്നു. സർക്കാരിനെതിരേയുള്ള വിരമിച്ച ന്യായാധിപന്മാർക്കെതിരേ കേന്ദ്ര നിയമമമന്ത്രി പരസ്യമായി ഭീഷണി മുഴക്കുന്നവരെയെത്തിനിൽക്കുന്നു ഇത്.
മാധ്യമസ്വാതന്ത്ര്യത്തെ രണ്ടുതരത്തിൽ മോദി സർക്കാർ ഏതാണ്ടില്ലാതാക്കുകയാണ്. മിക്ക മാധ്യമ സ്ഥാപനങ്ങളും കോർപറേറ്റുകളുടെ നിയന്ത്രണത്തിലാണ്. തങ്ങളുടെ വരുതിയിലല്ലാതിരുന്ന എൻ.ഡി.ടി.വി പോലൊരു മാധ്യമസ്ഥാപനത്തെ എങ്ങനെയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത് എന്നത് മാധ്യമങ്ങളെ വെറും ബി.ജെ.പി, ഹിന്ദുത്വ പ്രചാരണ മാധ്യമങ്ങൾ മാത്രമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ സമഗ്രതയാണ് കാണിച്ചുതന്നത്. ഇത്തരത്തിലുള്ള സാധ്യതകൾ നൽകാത്ത മാധ്യമങ്ങൾക്കെതിരേ പരസ്യമായ അടിച്ചമർത്തലാണ് മോദി സർക്കാർ നടത്തുന്നത്. ഇന്ത്യൻ മാധ്യമങ്ങളെ മാത്രമല്ല, ബി.ബി.സി പോലുള്ള അന്താരാഷ്ട്ര മാധ്യമത്തെപ്പോലും തങ്ങൾ ഇതിലൽനിന്ന് ഒഴിവാക്കില്ലെന്നാണ് ഗുജറാത് മുസ്‌ലിം വംശഹത്യയിലെ മോദിയുടെ പങ്കും മോദി ഭരണത്തിന് കീഴിൽ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും കാണിക്കുന്ന ഡോക്യൂമെന്ററി സംപ്രേഷണം ചെയ്തതിന്റെ പേരിൽ ബി.ബി.സിക്കെതിരേ കേന്ദ്രസർക്കാർ നടത്തിയ ആക്രമണം.
ഇതിന്റെയെല്ലാം തുടർച്ചയാണ് രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിയും അതിനെത്തുടർന്ന് ഒരു ദിവസം പോലും തികയുന്നതിനു മുമ്പ് അസാധാരണ വേഗത്തിൽ അദ്ദേഹത്തിൻ്റെ പാർലമെന്റ് അംഗത്വം റദ്ദാക്കിയ നടപടിയും. ഇവിടെനിന്ന് ഇന്ത്യക്കിനി അതിന്റെ ജനാധിപത്യദിവസങ്ങളുടെ പകലുകൾ ഏറെയില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമാണ് നാമിപ്പോൾ കാണുന്നത്. കാത്തിരുന്നുകാണാം എന്നുള്ള ആഡംബരമൊന്നും സംഘ്പരിവാറിന്റെ ഹിന്ദുത്വ ഫാസിസ്റ്റ് അജൻഡ നമുക്ക് തരുന്നില്ല. മോദി സർക്കാർ ജനാധിപത്യവിരുദ്ധമായ നിരവധി നടപടികളും അടിച്ചമർത്തലുമായി മുന്നോട്ടുപോയപ്പോഴൊക്കെ മുഖ്യധാര രാഷ്ട്രീയപ്രതിപക്ഷം വാസ്തവത്തിൽ എന്താണ് ചെയ്യേണ്ടതെന്നറിയാത്ത വിധത്തിൽ അലഞ്ഞുതിരിയുകയായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരേയും കാർഷിക നിയമങ്ങൾക്കെതിരേയുമൊക്കെ ഉയർന്നുവന്ന പ്രക്ഷോഭങ്ങളെല്ലാം മുഖ്യധാര രാഷ്ട്രീയകക്ഷികൾക്ക് പുറത്തുനിന്നായിരുന്നു. എന്നാലിപ്പോൾ അത്തരത്തിലുള്ള അപകടകരമായ ആലസ്യത്തിന്റെ വില നേരിട്ടൊടുക്കയാണ് കോൺഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികൾ.
സമഗ്രാധിപത്യ ഭരണകൂടങ്ങൾക്കും ഫാസിസ്റ്റ് രാഷ്ട്രീയത്തിനും നാളേക്ക് മാറ്റിവയ്ക്കാവുന്ന ഒരു യുദ്ധവുമില്ല. അവരെല്ലാ കണക്കുകളും അപ്പപ്പോൾ കൂട്ടിക്കിഴിച്ചു തീർത്തുപോകും. അതുകൊണ്ടുതന്നെ ഫാസിസത്തോടുള്ള കണക്കു ചോദിക്കാൻ നാളെയൊരു ദിവസത്തേക്ക് കാത്തിരിക്കാമെന്നും ഇന്നിപ്പോൾ അൽപം വിശ്രമിക്കാമെന്നും കരുതിയാൽ നാളെ നിങ്ങളുണ്ടാകില്ല എന്ന സാധ്യത മാത്രമാണുള്ളതെന്ന് നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യയിൽ വീണ്ടും വീണ്ടും തെളിയുകയാണ്.
രാഹുൽ ഗാന്ധിക്കെതിരായ ജനാധിപത്യവിരുദ്ധ നടപടികൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ ചിതയൊരുക്കുന്നതിന്റെ ആക്രോശങ്ങളാണ്. കത്തിയമരാൻ കിടന്നുകൊടുക്കാൻ ഒരു ജനത തയാറാണോ എന്ന ചോദ്യമാണ് നമുക്ക് മുന്നിലുള്ളത്. എത്ര ദുർഘടവും ദുഷ്‌കരവുമാണെങ്കിലും ഈ ചരിത്രസമസ്യ നാം പൂരിപ്പിച്ചേ മതിയാകൂ.
(സുപ്രിംകോടതി അഭിഭാഷകനാണ്
ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."